ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മൈസൂർ സുൽത്താൻമാരുടെ മലബാർ അധിനിവേശത്തിനു ശേഷം(1766-1792 എ.ഡി) ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാർ പ്രദേശം കുറച്ചുകാലത്തെക്കെങ്കിലും ശാന്തമായിരുന്നു.എന്നാൽ 1840 മുതൽ 1885വരെയുള്ള കാലയളവിൽ തെക്കെമലബാറിൽപ്പെട്ട ഏറനാട്,വള്ളുവനാട് എന്നീപ്രദേശങ്ങളിൽ കലാപങ്ങൾ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിന്നു.അതിന് അന്ന് നിലവിലുണ്ടായിരുന്ന ജന്മി-കുടിയാൻ ബന്ധവും മതപരമായ പ്രശ്നങ്ങളും കാരണങ്ങളായി തീർന്നു.1852 ഫെബ്രുവരിയിൽ സാദർ അദാലത്ത് കോടതിയുടെ ഒരു ജഡ്ജിയായ തോമസ് ലാമ്സൺ സ്ട്രേ‍ഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം മുകളിൽ പറഞ്ഞ പ്രശ്നങ്ങളേക്കാളും മാപ്പിളമാരുടെ വിട്ടുവീഴ്ചയില്ലാത്ത മതാവേശമാണ് കാരണമെന്ന് കണ്ടെത്തി.

കലാപങ്ങൾ ഇല്ലാതാക്കുന്നതിനുളള  ജില്ലാ മജിസ്ട്രേറ്റായിരുന്ന  വില്ല്യം ലോഗന്റെ ഈ നിർദ്ദേശങ്ങളിൽ മാപ്പിളമാർക്കിടയിൽ വിദ്യഭ്യാസ ത്തിനുള്ള പ്രാധാന്യം ബ്രിട്ടീഷ് സർക്കാർ വളരെ കാര്യമായിതന്നെ  എടുക്കുകയും അതു നടപ്പിലാക്കാനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.ഇതിന്റെ ഫലമായിട്ടാണ് 1880 കളിൽ ഏറനാട്,വളളുവനാട്,പൊന്നാനി(ഇപ്പോഴത്തെ തിരൂർ താലൂക്ക് ഉൾപ്പെടുന്ന പ്രദേശം) താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ മാപ്പിള സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.അതിന് ഗവൺമെന്റ് കൈകൊണ്ട നടപടികൾ വളരെ തന്ത്രപൂർവ്വമായിരുന്നു.സ്വതവെ ഭൗതിക വിദ്യാഭ്യാസത്തോട് പ്രത്യേകിച്ച് ഇംഗ്ളീഷ് വിദ്യാഭ്യാസ ത്തോട് വിമുഖത കാട്ടിയിരുന്ന വിഭാഗമായിരുന്നൂ മാപ്പിളമാർ.അതേ സമയം മതവിദ്യാഭ്യാസ കാര്യത്തിൽ വളരെ തൽപരരുമായി ഓത്തുപഠിപ്പിക്കുന്ന  സ്ഥാപനങ്ങളിൽ ഭൗതിക വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നതിനുളള  സൗകര്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ടായിരുന്നു ഇത് തുടങ്ങിരുന്നത്.അങ്ങനെ ആദ്യം ഓത്തുപളളിക്കൂടങ്ങളാണ് നിലവിൽ വന്നത്.

ബെട്ടത്തു പുതിയങ്ങാടിയിൽ തന്നെ പുളിഞ്ചോട് എന്ന സ്ഥലത്തെ മണ്ണാറാട്ടിൽ ഒരു വീട്ടിന് ഇന്നും ഓത്തുപള്ളി എന്ന പേരു ലഭിച്ചത് ഇങ്ങിനെയാണ്.ഇവിടെ 1870 ൽ ആരംഭിച്ച മതവിദ്യാഭ്യാസ ക്ളാസ്സ് തച്ചപറമ്പിൽ കുഞ്ഞിബാവ മാസ്റ്ററുടെ (ഇദ്ദേഹം 1910 കളിൽ കോട്ടത്തറ സ്കൂളിലെ ഒരദ്ധ്യാപകനായിരുന്നു).മാതാവ് തിത്തിയുമ്മ ടീച്ചർ തുടങ്ങിയതായിരുന്നു.ആ കാലത്ത് സ്ഥലം സന്ദർശിച്ച  വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥയായ വിദേശ വനിത സ്ത്രീ വിദ്യാഭ്യാസം നടപ്പിലാക്കാനുളള ശ്രമം തുടങ്ങിയപ്പോൾ ഈ സ്ഥാപനം (ഒത്തു പള്ളി)  ശ്രദ്ധയിൽ വരികയും അവിടത്തെ പഠന രീതിയിൽ മടുപ്പ് തോന്നിയ മദാമ്മ ഓത്തിന്റെ കൂടെ തന്നെ ഭൗതിക വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നതിനുളള  സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.ബെട്ടത്തു പുതിയങ്ങാടിയിലുണ്ടായിരുന്ന കോടതിയും സബ്ജയിലും 1910 ൽ തിരൂരിലേക്ക് മാറ്റിയപ്പോൾ ഈ ഓത്തുപള്ളി അവിടെ തന്നെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു

പെൺകുട്ടികൾക്ക് മാത്രമായുളള എലിമെന്ററി സ്കൂൾ ആയിട്ടാണ് ആദ്യം ആരംഭിച്ചത്.വേണ്ടത്ര സ്ഥല സൗകര്യം ലഭ്യമല്ലാത്തതിനാൽ ഹൈസ്കൂൾ ആക്കാനുളള ശ്രമം വിജയിച്ചില്ല. പിന്നീട് പ്രദേശത്തെ ഭൂവുടമയായിരുന്ന കാദർസാൻ കുടുംബത്തിലെ അഹമ്മദ് സാഹിബിന്റെ മകൻ ആലിക്കുട്ടി സാഹിബ് വടക്കെ കൂട് എന്ന സ്ഥലം സ്കൂൾ ആവശ്യത്തിനു വേണ്ടി വിട്ടു നൽകി.സ്ഥലം ലഭ്യമായതിനു ശേഷം  ഹൈസ്കൂൾ ആരംഭിക്കുന്നതിനുളള  ശ്രമത്തിന് തച്ചപറമ്പിൽ  കുഞ്ഞിബാവകുട്ടി മാസ്റ്ററുടെ ഇളയ മകൻ കുട്ടി അഹമ്മദ് എന്ന കുട്ടിയാമു മുൻകൈയെടുത്തു നടത്തിയ ശ്രമത്തിന്റെ ഫലമായിട്ടാണ് 1938ൽ എലിമെന്ററി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇന്നത്തെ വളർച്ചക്ക് നിദാനം കുറിച്ച രണ്ട് വ്യക്തിത്വങ്ങളെ (ആലിക്കുട്ടി സാഹിബും കുട്ടി അഹമ്മദ് സാഹിബും)  ഈ അവസരത്തിൽ സ്മരിക്കാതെ പോകുന്നത് വലിയ നന്ദികേടായിരിക്കുമെന്ന് പ്രത്യേകം ചൂണ്ടികാണിക്കട്ടെ.

ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ശേഷം ഇവിടെ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുവാൻ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു.വളരെ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ധാരാളം വിദ്യാർഥിനികൾ ഇവിടെ പഠനം നടത്തിപ്പോയിട്ടുണ്ട്.ഒരു വലിയവടവൃക്ഷം പോലെ വളർന്നു വികസിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഇന്ന് ഹൈസ്കൂളിനു പുറമെ ഹയർസെക്കൻഡറി വിഭാഗം,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗവും,അദ്ധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിക്കുന്നു.ഡയറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട് 1992 വർഷം ആരംഭിച്ചു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി  സ്കൂൾ ബസ്സുകൾ സ്ഥലം എം.എൽ.എയും ജില്ലാപഞ്ചായത്തും അനുവദിച്ചിട്ടുണ്ട്.ഈ സൗകര്യം വിദ്യാർഥിനി കൾക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം