സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ചരിത്രം
സപ്തതി നിറവിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കഴിഞ്ഞ 7 പതിറ്റാണ്ടായി മരങ്ങാട്ടുപിള്ളി ഗ്രാമത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന സെന്റ് തോമസ് ഹൈസ്കൂൾ സപ്തതിയുടെ നിറവിലേക്ക്. നാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിനും നിരവധി മഹാരഥന്മാരെ രൂപപ്പെടുത്തുന്നതിനും നിർണായക പങ്ക് വഹിച്ചിട്ടുള്ള സരസ്വതീക്ഷേത്രം ചരിത്രത്തിന്റെ താളുകളിൽ 70 വർഷം പൂർത്തിയാക്കുന്നു .1920 ൽ റവ.ഫാ.വർഗീസ് പുളിക്കീൽ പള്ളിവികാരി ആയിരുന്നപ്പോൾ ആരംഭിച്ച എൽപി സ്കൂൾ ആണ് 1948 ൽ യു പി സ്കൂളായും 1951ഓഗസ്‍റ്റിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടത്.മരങ്ങാട്ടുപിള്ളി പ്രദേശത്തെ കുട്ടികൾക്ക് മികവുറ്റ അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെർണ്ണാക്കുലർ (വി.എം സ്കൂൾ ) മലയാളം സ്കൂൾ ആണ് സെന്റ് തോമസ് സ്കൂൾ ആയി മാറിയത്.ബഹുമാനപ്പെട്ട റവ. ഫാ.എബ്രഹാം തൊണ്ടിക്കലച്ചനായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ.സ്കൂളിന്റെ രൂപീകരണത്തിനും അതിന്റെ വളർച്ചയ്ക്ക് പിന്നിലും ദീർഘ ദർശികളായ ഇടവക വികാരി മാരുടെയും അധ്യാപകരുടെയും കഠിനാധ്വാനികളായ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനകളും പരിശ്രമവും ഉണ്ട്. കാലാകാലങ്ങളിൽ സ്കൂൾ മാനേജർമാരായി വന്ന വൈദികരുടെയും ഹെഡ്മാസ്റ്റർ മാരായിരുന്ന അധ്യാപകരുടെയും സേവനം സെന്റ് തോമസ് ഹൈസ്കൂളിന്റെ വളർച്ചയ്ക്ക് സഹായകരമായി .
ഇന്ന് കാണുന്ന കെട്ടിടങ്ങളും വിശാലമായ ഗ്രൗണ്ടും സുമനസ്സുകളായ നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ചതാണ്. ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം മൂലം കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും,സ്കൂൾ വലിയ പ്രതിസന്ധിയിൽ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മികവുറ്റതാക്കിതീർത്തത് 2011 മുതൽ 2016 വരെ സ്കൂൾ മാനേജരായിരുന്ന റവ. ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അച്ചനാണ്.സർക്കാർ തലത്തിൽ ഹൈടെക് സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ ആലപ്പാട്ട് കുന്നേൽ അച്ചന്റെ നേതൃത്വത്തിൽ രണ്ട് ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി IT വികസനത്തിന് സെന്റ് തോമസ് സ്കൂൾ തുടക്കം കുറിച്ചിരുന്നു . അദ്ദേഹത്തോടൊപ്പം ഇടവക ജനവും അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതു മൂലം കുട്ടികളുടെ വർദ്ധനവ് ഉണ്ടായി. 2016 മുതൽ 2021 ഫെബ്രുവരി വരെ സ്കൂൾ മാനേജർ ആയിരുന്ന റവ.ഫാ. ജോർജ് വഞ്ചി പുരയ്ക്കൽ അച്ചന്റെ നേതൃത്വം വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി . കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി 3 സ്കൂൾ ബസ്സുകൾ വാങ്ങിയതും 10 ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റുന്നതിന് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയതും ബഹുമാനപ്പെട്ട വഞ്ചി പുരക്കൽ അച്ഛന്റെ നേതൃത്വത്തിൽ ആണ്. കുട്ടികളുടെ എണ്ണം 420 ലേക്ക് എത്തിയതും അച്ചന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.
പാലാ സെന്റ് തോമസ് കോളേജിൽ അനേക വർഷം അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചശേഷം സ്കൂളിന്റെ മാനേജരായി ഇക്കഴിഞ്ഞ ഫെബ്രുവരി മാസം ചുമതലയേറ്റ വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ റവ. ഫാ. ജോസഫ് ഞാറക്കാട്ടിലച്ചന്റെ വിദ്യാഭ്യാസ മേഖലയിലുള്ള അനുഭവസമ്പത്തും ദീർഘവീക്ഷണവും ഇപ്പോൾ സെന്റ് തോമസ് ഹൈസ്കൂളിന് മുതൽക്കൂട്ടായി മാറിയിരിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ.സണ്ണി സി. എയുടെ നേതൃത്വത്തിലുള്ള പ്രഗൽഭരായ അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന ഇരുപത്തിയഞ്ചോളം സ്റ്റാഫ് അംഗങ്ങൾ ഇപ്പോൾ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു.ശ്രീ ഷാജി കൊല്ലിതടത്തിന്റെ നേതൃത്വത്തിലുള്ള സേവന സന്നദ്ധരായ ഒരു പറ്റം മാതാപിതാക്കളടങ്ങിയ പി. ടി. എ സ്കൂളിന്റെ മുതൽക്കൂട്ടാണ്.
ശ്രീ. ടി.കെ ജോസ് IAS (അഡീഷണൽ ചീഫ് സെക്രട്ടറി ), സഫാരി ചാനൽ എംഡിയും ലോക സഞ്ചാരിയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങുന്ന ആദ്യ ഇന്ത്യക്കാരനുമായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര, ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കൂടാതെ ഡോക്ടർമാർ എഞ്ചിനീയർമാർ ,അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങീ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവർ, അങ്ങനെ സെന്റ് തോമസിൽ പഠിച്ചു പടിയിറങ്ങിയ അനേകം പൂർവവിദ്യാർത്ഥികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തി വരുന്നു. ശാസ്ത്രവിഷയങ്ങളിൽ ദേശീയ,സംസ്ഥാന, ജില്ലാ തലങ്ങളിലും കാർഷിക പ്രവർത്തനങ്ങളിൽ സംസ്ഥാന-ജില്ലാ തലങ്ങളിലും അവാർഡുകൾ നേടുന്നതിനും കായിക കലാരംഗങ്ങളിൽ അംഗീകാരങ്ങൾ നേടുവാനും മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂളിന് കഴിഞ്ഞു . ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 21 എ പ്ലസും സെന്റ് തോമസ് സ്കൂൾ കരസ്ഥമാക്കി . കഴിഞ്ഞ ഏഴ് വർഷമായി 100% വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പി. ടി.എ യും ഇടവക സമൂഹവും പൂർവ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പഴക്കമേറിയ കെട്ടിടം പൊളിച്ച് പുതിയ സപ്തതി സ്മാരകമന്ദിരം നിർമ്മിക്കുവാനുള്ള പരിശ്രമത്തിലാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി 1954 ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിനെ ആദരിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.