"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 166: വരി 166:
         മുത്തശ്ശിയുടെ വിലാപം ..... കേട്ടുനിന്നവരുടെ കണ്ണു നനഞ്ഞുപോയി!
         മുത്തശ്ശിയുടെ വിലാപം ..... കേട്ടുനിന്നവരുടെ കണ്ണു നനഞ്ഞുപോയി!
== ഡിജിറ്റൽ മാഗസിൻ ==
== ഡിജിറ്റൽ മാഗസിൻ ==
മമമ
                  ഇ വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രീകരണത്തോടുകൂടി ഡിജിറ്റൽ മാഗസിനായി  പ്രസിദ്ധപ്പെടുത്തുന്നതാണ്.
          
          
<!--visbot  verified-chils->
<!--visbot  verified-chils->

15:16, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കേരളഗ്രന്ഥശാലാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ19 ന് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വായനാവാരമായിട്ടാണ് അത് ആഘോഷിക്കപ്പെട്ടത്. വായനാ ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പ്രവർത്തനവും തുടങ്ങിവെച്ചു. ഡിജിറ്റൽ മാഗസിനിലേക്ക് ഇതുവരെ ലഭിച്ചിട്ടുള്ള കുട്ടികളുടെ സൃഷ്ടികൾ ഈ പേജിൽ ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട് - വിദ്യാരംഗം ക്ലബ്ബ് 2018-19

വിദ്യാരംഗം ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ

തുടക്കം

വിദ്യാരംഗം ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം നിർമ്മാണം തുടങ്ങിയ ഡിക്ഷ്‌ണറിയുടെ ആദ്യപേജ്
                വിദ്യാരംഗം ക്ലബ്ബിന്റെ 2018-19 ലെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴി‍ഞ്ഞു. വായനാദിനം ബഷീർഅനുസ്മരണദിനം തുടങ്ങിയവ ആചരിച്ചുകഴിഞ്ഞു. മാഗസിൻ പ്രവർത്തനം, ചിത്രരചനാ മത്സരം, സാഹിത്യക്വിസ്, കവിതാപാരായണ മത്സരം, പ്രസംഗ മത്സരം തുടങ്ങി നിരവധി പരിപാടികൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തുകയുണ്ടായി.  ഈ വർഷവും അത്തരം പരിപാടികൾ ഒക്കെ നടത്തുന്നതാണ്. മുൻപു നടത്തിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ക്ലബ്ബുകളുമായി ചേർന്നുകൊണ്ട് പലതരത്തിലുള്ള പരിപാടികളും നടത്തുവാൻ ആലോചിക്കുന്നുണ്ട്. കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികളെ വേണ്ടതരത്തിൽ പ്രോത്സാഹിപ്പിക്കുന്ന തലത്തിലുള്ള പരിപാടികൾക്കാണ് വിദ്യാരംഗം ക്ലബ് പ്രാമുഖ്യം നൽകുന്നത്. അതുകൊണ്ടുതന്നെ അത്തരം കുട്ടികളെ കണ്ടെത്തി  അവർക്കുവേണ്ട പരിശീലനക്കളരി ഒരുക്കുവാൻ വിദ്യാരംഗം ക്ലബ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊന്ന് നല്ലൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയായിരുന്നു 2018-19 അധ്യയനവർഷത്തിൽ വിദ്യാരംഗം ക്ലബ്ബിന്റേതായി നല്ലൊരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാൻ ആലോചിക്കുന്നു.  അതിന്റെ പല പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലും വിദ്യാരംഗം ക്ലബ്ബും ചേർന്ന് നടത്തിയ വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലും വിദ്യാരംഗം ക്ലബ്ബും ചേർന്ന് നടത്തിയ വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ

ഇ വിദ്യാരംഗം

പ്രളയം - (കവിത)

ദീപ്തി. വി & ദൃശ്യ. വി.സി (9B)

...... ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിലിരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !

ആമയും മുയലും ഒരു പുതിയ കഥ - (കഥ)

അൻസില. കെ. 10. B

              മുയൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ മുയൽ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇങ്ങനെയായിരുന്നു. ആമ മുയലിനെ പന്തയത്തിന് വിളിക്കുകയാണ്."വരൂ! നമുക്കോരോട്ടപ്പന്തയം നടത്താം."
അപ്പോൾ മുയലിന്റെ മനസ്സിൽ പണ്ടത്തെ പന്തയം തെളിഞ്ഞുവന്നു.
      "മുയൽ വർഗ്ഗത്തിനാകെ അപമാനം ഉണ്ടാക്കിയവളാണ് ആമ." മുയൽ വിചാരിച്ചു. എന്നാൽ ഇത്തവണ ആമയെ ഒരു പാഠം പഠിപ്പിച്ചു കളയാം. അങ്ങനെ മുയൽ പന്തയത്തിന് തയ്യാറായി. ആമയും മുയലും കൂടി ഓട്ടം തുടങ്ങി. ഇത്തവണ ഏതായാലും മുയൽ ജയിക്കുകയും ചെയ്തു. 
        ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. കഷ്ടകാലം എന്ന് പറയട്ടെ, പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്.
        മുയൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അപ്പോഴാണ് മുയലിനു മനസ്സിലായത് താൻ സ്വപ്നം കാണുകയായിരുന്നു എന്ന്. മുയലിന് പ്രയാസം തോന്നി. സ്വപ്നത്തിലാണെങ്കിൽപ്പോലും തനിക്ക് വിജയം ശരിക്കൊന്ന് ആഹ്ലാദിക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ അതിനൊരു വഴി ഉണ്ടാക്കുക തന്നെ. മുയൽ തീരുമാനിച്ചു. 
        പുത്തനത്താണിയിലെ കിണറ്റിൽ ഒരാമയുണ്ട്. ആമയെ ചെന്ന് പന്തയത്തിന് വിളിക്കാം. പന്തയത്തിൽ ഏതായാലും താൻതന്നെ ജയിക്കുമെന്നും മുയൽ കരുതി. 
       അങ്ങനെ മുയൽ ആമയെ ചെന്നു കണ്ടു വിവരം പറഞ്ഞു. ആമയെ പന്തയത്തിന് വേണ്ടി ക്ഷണിച്ചു. 
       "ആമക്കുട്ടീ! നമുക്കൊന്ന് പന്തയം വെക്കാം. പണ്ടു നിന്റെ പൂർവികൻ ഞങ്ങളെ അപമാനിച്ചു.  അപമാനത്തിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ട്. ഇത്തവണ ഒരുപക്ഷെ ഞാൻ ജയിച്ചേക്കാം. എങ്കിലും അത് നിനക്കൊരു അപമാനം ആകില്ല. കാരണം നിനക്ക് വേഗത്തിലോടാൻ കഴിയുകയില്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് നീ തോറ്റു പോയാലും ആരും നിന്നെ കളിയാക്കുകയില്ല." 
      ഇത് കേട്ടപ്പോൾ ആമ കുറച്ചൊന്നു ചിന്തിച്ചു. എന്നിട്ട് ഉത്തരം പറഞ്ഞു. 
      "ശരി എനിക്ക് സമ്മതമാണ്." ഇതുകേട്ടപ്പോൾ മുയലിന് സന്തോഷമായി. 
      ആമ തുടർന്നു ...... "പക്ഷെ ഒരു നിബന്ധന മാത്രം."
      മുയൽ ചോദിച്ചു.  "എന്താണ് ആ നിബന്ധന?" 
      ആമ നിബന്ധന എന്തെന്ന് മുയലിനോട് പറഞ്ഞു. "നിബന്ധന ഇതാണ്. കൃത്യം ഒൻപതരയ്ക്ക് മത്സരം തുടങ്ങണം. പുത്തനത്താണിയിൽ നിന്ന് കല്പകഞ്ചേരി ഹൈസ്കൂൾ ഗേറ്റുവരെ ആയിരിക്കണം പോകേണ്ട വഴി."
       ഇത് കേട്ടപ്പോൾ മടിയനായ മുയലിന് സങ്കടം തോന്നി. മുയൽ പറഞ്ഞു. "വഴി കുറച്ചു കൂടുതലാണല്ലോ? നിനക്ക് അത്രയും ദൂരം പോകുവാൻ കഴിയുമോ?"
       പക്ഷേ ഇത് കേട്ട് ആമയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. ആമ ഉറപ്പിച്ചു തന്നെ പറഞ്ഞു. "അതുതന്നെ മതി വഴി." 
       ആമയുടെ മറുപടി കേട്ട് മുയലിന് ചെറിയ സംശയം തോന്നി. "ഇവൾ ഇത്തവണയും തനിക്ക് പണിയുണ്ടാക്കാനുള്ള ഭാവമാണോ?"
       മുയൽ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് ആമ ചോദിച്ചു. "എന്താ സമ്മതമല്ലേ?"
       "സമ്മതമാണ്." തലകുലുക്കിക്കൊണ്ട് മുയൽ സമ്മതിച്ചു. 
       "എന്നാൽ നാളെത്തന്നെ നമുക്ക് പന്തയം നടത്താം."പരസ്പരം സമ്മതിച്ചുകൊണ്ട് അവർ അങ്ങനെ പിരിഞ്ഞു.
        പിറ്റേദിവസം പന്തയം തുടങ്ങുവാനായി പുത്തനത്താണിയിൽ അവർ എത്തിച്ചേർന്നു. രണ്ടുപേരും ഒരുമിച്ച് പുത്തനത്താണിയിൽ നിന്ന് പന്തയ ഓട്ടം തുടങ്ങി. ഞൊടിയിടയിൽ ആമയെ തോൽപ്പിച്ചുതള്ളിക്കൊണ്ട് മുയൽ മുന്നിലേക്ക് ഓടി മറഞ്ഞു. മുയൽ ഇത്തവണ നിർത്താതെ ഓടി കടുങ്ങാത്തുകുണ്ട് ജംഗ്ഷനിലെത്തി. വളവ് തിരിഞ്ഞതും കെ.ആർ. ബേക്കറി കണ്ടപ്പോൾ മുയലിന് കൊതിതോന്നി. 
       "ചായ ഒന്നു കുടിച്ചിട്ട് പോയാലോ?" പക്ഷേ "വേണ്ട" മുയൽതന്നെ പിന്നെ തീരുമാനിച്ചു. കാരണം ചായ കുടിക്കാൻ കയറിയാൽ ആമ ഒരുപക്ഷേ തന്നെ തോൽപ്പിച്ചേക്കാം. അതുകൊണ്ട് ചായ കുടിക്കാതെ തന്നെ മുയൽ ഓടി കൽപ്പകഞ്ചേരി ഹൈസ്കൂളിന്റെ ഗേറ്റിന് സമീപം എത്തി. 
       അത്ഭുതമെന്നുപറയട്ടെ! അപ്പോൾ ആമ അവിടെയുണ്ടായിരുന്നു. എന്താണുസംഭവിച്ചത്?
       ചിരിച്ചുകൊണ്ട് ആമ മുയലിനെ സ്വീകരിച്ചു. "ചങ്ങാതി ഇത്തവണയും നീ തോറ്റു പോയല്ലോ?" ഇതുകേട്ടപ്പോൾ മുയലിന് തലകറങ്ങുന്നതുപോലെ തോന്നി. അത്ഭുതസ്തബ്ധനായി മുയൽ അവിടെ മിഴിച്ചു നിൽക്കുകയാണ്! 
       പിന്നീടാണ് മുയൽ കഥയറിയുന്നത്. ആമ ഓട്ടോറിക്ഷക്കാരന് കൈക്കൂലി കൊടുത്തിരുന്നു. പുത്തനത്താണി മുതൽ എല്ലാ ദിവസവും കുട്ടികളെയുംകൊണ്ട് കൽപ്പകഞ്ചേരി ഹൈസ്കൂളിലേക്ക് പോകുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറിന് ആമ കൈക്കൂലി കൊടുത്തിരുന്നു. അതുകൊണ്ട് അയാൾ ആമയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നിറക്കിയതാണ്. മുയൽ ഇത് എല്ലാരോടും വിളിച്ചു പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല.  
        "ആമ കൈക്കൂലി കൊടുക്കുകയോ? അതെങ്ങനെ?" എല്ലാവരും അതിനെ പുച്ഛിച്ചുതള്ളി. 
         അവസാനം സഹികെട്ട് മുയൽ ആമയോട് തന്നെ വിവരം ചെന്ന് ചോദിച്ചു. "നീ എങ്ങനെയാണ് എന്നെ തോൽപ്പിക്കാൻ മാത്രം കേമിയായത്?" 
         ആമ ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. "ഒരു ദിവസം ഞാൻ കൽപകഞ്ചേരി സ്കൂളിലെ ഒരു കുട്ടി അവിടത്തെ ഐ.ടി. ക്ലബ്ബിന്റെ സന്ദേശം വായിക്കുന്നതു കേട്ടു. എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു എന്ന സന്ദേശം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുട്ടി അക്ഷരങ്ങൾ എഴുതി പഠിച്ച ഒരു കടലാസ് എന്റെ കയ്യിൽ കിട്ടുന്നത്. അതിൽനിന്ന് ആരുടെയും സഹായമില്ലാതെ ഞാൻ സ്വയം അക്ഷരങ്ങൾ പഠിച്ചെടുത്തു. കുട്ടികൾ വലിച്ചെറിഞ്ഞുകളഞ്ഞ ചില പാഠപുസ്തകങ്ങൾ എന്റെ കൈയിലുണ്ടായിരുന്നു. ഞങ്ങൾ  ആമകൾക്ക് വലിയ ഓർമ്മ ശക്തിയാണ്. സ്കൂളിന്റെ അരികിലൂടെ ഒരു ദിവസം നടന്നുപോകുമ്പോൾ ഈ പാഠപുസ്തകത്തിലെ പാഠങ്ങൾ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ കേട്ടിരുന്നു. രണ്ടുദിവസം കൊണ്ട് ഞാൻ ഇതു മുഴുവൻ അങ്ങനെ പഠിച്ചെടുത്തു. ഇന്നെനിക്ക് മലയാളത്തിൽ ഏതുതരത്തിലുള്ള കത്തുകളും എഴുതാൻ കഴിയുന്നതാണ്. കൈ ചെളിയിൽ മുക്കിയിട്ട് ഞാൻ പേപ്പറിൽ കൂടെ ഇഴഞ്ഞുനീങ്ങും. അപ്പോൾ പേപ്പറിൽ ഞാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള അക്ഷരങ്ങൾ എഴുതിക്കിട്ടിയിട്ടുണ്ടാകും. ഇതാ നോക്കൂ! ഞാൻ എഴുതിയ ഒരു എഴുത്ത്.
          ആമ താനെഴുതിയ എഴുത്ത് മുയലിനെ കാണിച്ചു. "പ്രിയമുള്ള ഡ്രൈവറേട്ടൻ അറിയുന്നതിന്. ഞാൻ ആമയാണ്. എനിക്ക് ഏതോ ഒരു ബൈക്കിൽനിന്ന് 1000 രൂപ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്തു തരാമെങ്കിൽ 1000 രൂപയും ഞാൻ ഡ്രൈവറേട്ടന് നൽകുന്നതാണ്. ഇപ്പോൾ അഡ്വാൻസായി 500 രൂപ തരുന്നു. രൂപ ഈ കത്തിന് അടിയിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കാര്യം വിജയകരമായി നടക്കുകയാണെങ്കിൽ ബാക്കി തുകയായ 500 രൂപ കൂടി ഉടൻ തരുന്നതാണ്. നാളെ രാവിലെ ഡ്രൈവറേട്ടൻ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണിയിൽനിന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. പുത്തനത്താണിയിൽ വഴിയിലെവിടെയെങ്കിലും ഞാൻ ഉണ്ടാവും. മറക്കരുത്. സ്കൂൾ ഗേറ്റിനടുത്ത് എത്തുമ്പോൾ എന്നെ അവിടെ ഇറക്കി വിട്ടാൽ മതി. വൈകിട്ട് തിരിച്ചു കൊണ്ടുവരുകയും വേണം." 
          എഴുത്ത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ആമ പറഞ്ഞു. "ഇതാണിവിടെ സംഭവിച്ചത്. മനുഷ്യനല്ലേ! മനുഷ്യൻ കൈക്കൂലി പ്രിയനാണെന്ന് എനിക്കറിയാം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഞാൻ കത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ എല്ലാം സംഭവിച്ചു. പക്ഷേ ഇത് മുയലേ നീ പുറത്തുപറയരുത്. പുറത്തു പറഞ്ഞാൽ എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ നിനക്ക് വട്ടാണെന്ന് ആളുകൾ പറഞ്ഞു ചിരിക്കും." ആമ ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു നിർത്തി. മുയലിന് പിന്നീട് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല.

എന്റെ സ്വന്തം വീട് (കവിത)

നമിത. പി. 8.B
.......ന്റെ സ്വന്തം വീട്
സ്നേഹമുള്ള വീട്
അച്ഛനുണ്ട് വീട്ടിൽ
അമ്മയുണ്ട് വീട്ടിൽ
കൂട്ടുകൂടാൻ ചേച്ചിയുണ്ട്
പാട്ടുപാടാൻ അച്ഛനുണ്ട്
കാത്തിരിക്കാൻ അമ്മയുണ്ട്
കഥപറയാൻ മുത്തശ്ശിയും
എന്റെ സ്വന്തം വീട്
പുഞ്ചിരിക്കും വീട്
പൂക്കളുള്ള വീട്
കായ്‌കളുള്ള വീട്
എന്നുമെന്റെ വീട്
നന്നതെന്റെ സ്വർഗ്ഗം.
8 ബി യിൽ ഉള്ള
എന്റെ സ്വന്തം വീട്

അന്ന് വീട് നൃത്തം ചെയ്യുകയായിരുന്നു (പെരുന്നാളനുഭവം)

ഫാത്തിമ ഹന്ന. പി.വി 8. E

             ന്ന് വീട് നൃത്തം ചെയ്യുകയായിരുന്നു. വളരെ സന്തോഷകരമായ ഒരു ദിവസം. വീട്ടിൽ എല്ലാവരും ഒരുമിച്ചു കൂടി ആസ്വദിക്കുന്നു. കുട്ടികൾ ഉല്ലസിച്ച് ഊഞ്ഞാൽ ആടി കളിക്കുന്നു. മുതിർന്നവർ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നു. എല്ലാവരും ചേർന്നപ്പോൾ വീടിന് അതൊരു ഉത്സവമായി. 
          സന്തോഷത്തോടെ എല്ലാവരും ഭക്ഷണഹാളിലേക്ക് കയറിവന്നു. "എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി." വല്യമ്മ പറഞ്ഞു. സന്തോഷത്തോടെ എല്ലാവരും ഭക്ഷണം കഴിച്ചു വിശ്രമിച്ചു. അപ്പോൾ അയൽപക്കക്കാരും ചേർന്നു വർത്തമാനത്തിൽ. ശേഷം എല്ലാവരും പുതിയ വസ്ത്രമണിഞ്ഞ് ഉമ്മാന്റെ വീട്ടിലേക്ക് പോയി. 
          സ്കൂൾ അവധി ആയിരുന്നു. അതുകൊണ്ട് കുറച്ചുദിവസം അവിടെ തങ്ങുവാൻ ആയി. 
          അവിടെ എത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു. മൂത്ത അമ്മയും അമ്മോൻമാരുമെല്ലാം എത്തിയിട്ടുണ്ട്. അന്ന് സമയം പോയത് ഞങ്ങളറിഞ്ഞില്ല. ഒരുപാട് സമയം കഴിഞ്ഞാണ് അന്ന് എല്ലാവരും ഉറങ്ങിയത്. 
          നേരം വെളുത്തു. ഇന്നത്തെ സ്പെഷ്യൽ എന്താണ് എന്ന് സംശയമായി. അവസാനം എല്ലാവരും കൂടി ചേർന്ന് ബിരിയാണി റെഡിയാക്കി.  എല്ലാവരും ഉണ്ടായിരുന്നതുകൊണ്ടാണോ അതോ ബിരിയാണിയുടെ രുചി കൊണ്ടാണോ എന്നറിയില്ല, നല്ല രസമുണ്ടായിരുന്നു ബിരിയാണിക്ക്! 
          സത്യത്തിൽ വളരെ സന്തോഷത്തിലായിരുന്നു ഈ പെരുന്നാൾ കഴിഞ്ഞത്. വീണ്ടും ഒരു പെരുന്നാളിന് വേണ്ടി കാത്തിരിക്കുന്നു. 
           ശുഭദിനം!

ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ (ആസ്വാദനക്കുറിപ്പ്)

സ്നേഹ. കെ. 8. B

             നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. എ. എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ." കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. എ. എസ്. 
            "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ" എന്ന കഥ വളരെ മനോഹരമായ കഥയാണ്. നന്ദന രേവതി ജയദീപ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ദുർഗ്ഗേടത്തിയുടെ കുപ്പിവളകളെക്കുറിച്ചാണ് ഈ കഥയിൽ പറയുന്നത്. ഷെൽഫിലും ബോക്സിലും എല്ലാത്തിലുംനിറയെ ഒന്നനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളായിരുന്നു ദുർഗ്ഗേടത്തിയുടേത്.  എവിടെപ്പോയാലും നന്ദന ദുർഗ്ഗേടത്തിക്ക് കുപ്പിവള വാങ്ങുമായിരുന്നു. ദുർഗ്ഗേടത്തി എന്തിനോടെല്ല്ലാം പിണങ്ങിയാലും കുപ്പിവളകളോട് മാത്രം പിണങ്ങില്ല. അവരിന്നും തികഞ്ഞ സൗഹൃദത്തിലാണ് കുപ്പിവളകളോട്. ഏതോ നല്ല ദിവസങ്ങളിലെ തുടുത്ത മുഖമുള്ള സൂര്യനെ ഓർമ്മിച്ച് ആവണം കുപ്പിവളകളോട് മതിവരുവോളം ചിരിച്ചുകൊള്ളൂ എന്ന് ആർദ്രതയോടെ അവൾ പറയുന്നത്. ദുർഗ്ഗേടത്തിയുടെ ഷെൽഫിൽ ഇപ്പോഴും പുസ്തകങ്ങൾ വയ്ക്കാറില്ല. 
           പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.

കാവിലെ ദേവതകൾ (ആസ്വാദനക്കുറിപ്പ്)

സ്നേഹ. കെ. 8. B

           വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.
           ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.

ഓണം വന്നപ്പോൾ(കഥ)

റുമൈസ. സി.പി. 8.E

                             ചിങ്ങമാസം എത്തിച്ചേർന്നു. കൂടെ ഓണവും. വീട് സന്തോഷം കൊണ്ടു നിറഞ്ഞു. വളരെ മഴയുള്ള ഒരു ദിവസം കാലത്ത് അമ്മ എണീറ്റു. പെട്ടെന്ന് അമ്മു അടുക്കളയിൽ ചെന്നപ്പോൾ അമ്മ വളരെ പണിത്തിരക്കിലായിരുന്നു. 
                 അമ്മുവിന് സംഭവം പെട്ടെന്ന് പിടികിട്ടിയില്ല. അമ്മയ്ക്കാണെങ്കിൽ അവളെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ല. നെയ്യപ്പം, ശർക്കര, ഉപ്പേരി കുയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങൾ അവളുടെ അമ്മ ഉണ്ടാക്കി. 
                അമ്മു അവളുടെ അമ്മയോട് ചോദിച്ചു. "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ത്?"
                അപ്പോൾ അമ്മ പറഞ്ഞു നാളെ നാളെയാണ് നമ്മൾ ഓണത്തെ വരവേൽക്കുന്നത്. അതുകൊണ്ട് ഇന്ന് അമ്മാവനും പിള്ളേരും മുത്തശ്ശിയും മുത്തച്ഛനും മീനുച്ചേച്ചിയുമെല്ലാം വരും." 
               അമ്മു സന്തോഷംകൊണ്ട് തുള്ളിച്ചാടിക്കൊണ്ട് മുറ്റത്തേക്ക് മുറ്റത്തേക്കിറങ്ങി. അപ്പോഴതാ ഒരു വണ്ടിയുടെ ഹോൺ വിളി കേട്ടു. 
               അമ്മു ഉറക്കെ വിളിച്ചു പറഞ്ഞു. "അമ്മേ!.... അച്ഛാ!..... അവർ എത്തി എന്നുതോന്നുന്നു."  
               അവർ തന്നെ. കാറ് മുറ്റത്തെത്തി. 
               അമ്മു അവരെയെല്ലാം സന്തോഷത്തോടെ വിളിച്ചുകൊണ്ടുവന്നു. അമ്മയുണ്ടാക്കിയ പലഹാരങ്ങൾ വിളമ്പിക്കൊടുത്തു. 
               പലഹാരങ്ങൾ എല്ലാം കഴിച്ചശേഷം മുത്തശ്ശൻ പറഞ്ഞു "നമുക്ക് ചന്തയിൽ പോയി ഓണത്തിന് അണിയാനുള്ള വസ്ത്രവും ആവശ്യമുള്ള സാധനങ്ങളുമെല്ലാം വാങ്ങിയാലോ?" 
              എല്ലാവരുടെയും സമ്മതത്തോടുകൂടി അവർ പുറപ്പെട്ടു. എല്ലാം മേടിച്ച് അവർ തിരിച്ചെത്തി. പടക്കങ്ങളും പൂത്തിരികളും രാത്രി പൊട്ടിച്ചു. 
              പിറ്റേദിവസം ഓണത്തിന് കാലത്ത് എല്ലാവരും എണീറ്റു. അവരെല്ലാവരും പുതുവസ്ത്രമണിഞ്ഞ് അമ്പലത്തിൽ പോയി. 
              അങ്ങനെ സന്തോഷത്തോടെ ഓണം ആഘോഷിച്ചു.

നോവിന്റെ വിശപ്പ് - (കഥ)

അൻസില. കെ. 10. B

                    " സൈനൂ!.......ആ....നീ ചായ കുടിച്ചിട്ട് പൊയ്ക്കോ." ഉമ്മ അപ്പുറത്ത് നിന്നും വിളിച്ചു കൂവുകയാണ്. 
             മീൻ വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയാൽ ഉമ്മ അങ്ങനെയാണ് അവിടെ കൂടിയവരുമായി ചർച്ചയിലാണ്ടിരിക്കും. ചിലപ്പോൾ എന്നെ പുകഴ്ത്തുന്നത് കേൾക്കാം, ചിലപ്പോൾ നാട്ടുവർത്തമാനം. അങ്ങനെയാ ..... 
             ഈ വർത്തമാനത്തിനിടയിൽ സമയം പോകുന്നത് അറിയില്ല. ചിലപ്പോൾ ഒരുപാട് സമയം നീണ്ടു നിൽക്കും. ഒന്നോ രണ്ടോ മണിക്കൂർ വരെ. 
             "കുടുംബശ്രീയിലുള്ള രജനിയുടെ മോളുടെ കല്യാണം ഒത്തൂന്നുകേട്ടു." ഷൈനി ചേച്ചി ഉമ്മയോട്ചോദിച്ചു.
              തന്നേ!........ ആ കുട്ടിക്ക് കുറെയായില്ലേ കല്യാണം ആലോചിക്കാൻ തുടങ്ങിയിട്ട്.  ഉമ്മ പറഞ്ഞു 
              ദൈവകൃപകൊണ്ടാ ആ കുട്ടീടെ കല്യാണം ഒത്തത്.  അതിന്റെ മണ്ഡേല് വരച്ചിരിക്കുന്നത് എന്താന്നുവെച്ചാൽ അതങ്ങട്ട് നടക്കട്ടെ. ഷൈനി ചേച്ചി 
              പടച്ചോൻ അയിന്റെ ജീവിതം നന്നാക്കി കൊടുക്കട്ടെ. ഉമ്മ 
              ഉമ്മയെ കാത്തു നിന്നിട്ട് കാര്യമില്ലെന്ന് ആയപ്പോൾ ചായ വച്ചിരിക്കുന്നിടം ഞാൻ തന്നെ പരതാൻ തുടങ്ങി. ഒടുവിലതാ അടുപ്പിലെ മൂലയ്ക്ക് വച്ചിരുന്ന കുണ്ടൻ പിഞ്ഞാണത്തിനുപിറകിലായി ഞാൻ പരതിനടന്നയാൾ ഭദ്രമായിരിക്കുന്നു. ഒരു ചെറിയ തട്ടു കൊണ്ട് അതിനെ മൂടിയിരിക്കുന്നു. ഞാൻ തട്ടു തുറന്ന് അത് കുടിക്കാൻ ആഞ്ഞു. അപ്പോഴല്ലേ രസം. തണുത്തുറഞ്ഞിരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഞാനത് തിരിച്ചറിഞ്ഞു. എന്റെ മുഖം ചുവന്നു തുടുത്തു. ഞാൻ അതിൽ നിന്നും ഒരു തുള്ളി പോലും കുടിക്കാതെ തിരിഞ്ഞു നടന്നു.
            ഉച്ചക്കഞ്ഞി വാങ്ങാനായി ബാഗിന്റെ അരികിൽ  ഉമ്മ ഒരു പാത്രം വെച്ചിട്ടുണ്ട്. എനിക്കപ്പോൾ പാത്രമെടുത്തോരോട്ടം കൊടുക്കാനാണ് തോന്നിയത്. എന്തോ പെട്ടെന്ന് തന്നെ ഞാൻ ശാന്തയായി. അമ്മയോടുള്ള ദേഷ്യം കാരണം ഉച്ചക്കഞ്ഞി വാങ്ങാനുള്ള പാത്രവും ഞാൻ എടുത്തില്ല. ഞാൻ ബാഗും തോളിൽ ഇട്ടുകൊണ്ട് പടിയിറങ്ങാൻ തുടങ്ങി. പടിക്കലെത്തി പക്ഷേ ഞാൻ ഉമ്മയോട് ഒന്നുംതന്നെ മിണ്ടിയില്ല. 
            വഴിയിലുടനീളം സ്കൂളിലേക്ക് പോകുന്ന  ചെറിയ കുട്ടികളെ കാണാം.. അവർ കളിതമാശകൾ പറഞ്ഞാണ് യാത്ര. അപ്പോഴതാ എതിരെ വരുന്നൂ.... മീൻകാരൻ മരയ്ക്കാർ! ഉമ്മയെ കാത്തുനിന്നാലുള്ള സ്ഥിതിയാണ് ഞാനപ്പോൾ ആലോചിച്ചത്. മരക്കാർ എനിക്ക് നേരെ ഒരു ചെറിയ പുഞ്ചിരി തൂകി. ഒരു മറുപടിയെന്നോണം ഞാൻ വളരെ പെട്ടെന്ന് പണിപ്പെട്ടു കൊണ്ട് ഒന്നു പുഞ്ചിരിച്ചു. എനിക്ക് ശരിക്കും ദേഷ്യമാണ് വന്നത്. പക്ഷേ ഞാനവരോട് എന്തിന് ദേഷ്യം കാണിക്കണം എന്ന കുറ്റബോധവുമുണ്ട്. ഞാനവരോട് എന്തിനു ചിരിക്കണം എന്ന അഹങ്കാരവുമുണ്ട്. 
           ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സിൽ നന്മയുടെ കാവൽമാലാഖയുടെയും ഇബിലീസിന്റെയും വിളയാട്ടം ഞാനറിഞ്ഞു. ഇങ്ങനെ ഓരോന്നാലോചിച്ച് നടന്നുകൊണ്ടിരിക്കെ ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന പോലെ ചുറ്റും നോക്കി. എന്തൊരത്ഭുതം നടന്നുനടന്ന് ഞാൻ പാടത്ത് എത്തിയിരിക്കുന്നു. സ്വർണ്ണനിറമുള്ള നെൽക്കതിരുകൾ കാറ്റിൽ ചാഞ്ചാടുകയാണ്. നീർച്ചാലിലൂടെ പരക്കംപായുന്ന പരലുകളെയും അതിനടുത്തുതന്നെ ഒറ്റക്കാലൻ കൊറ്റിയെയും കാണാം. അതിലൂടെ കടന്നുപോയ ഇളംകാറ്റ് എന്നെ ഒന്നു തഴുകി. എന്റെ കോപം അല്പം തണുത്തതുപോലെ. ഇലഞ്ഞി മരത്തിൻ ചുവട്ടിൽ ധാരാളം കുട്ടികൾ കളിക്കുന്നുണ്ട്. മിനിയും സുഹറയും വരാന്തയുടെ അറ്റത്തുനിന്ന് വർത്തമാനം പറയുകയാണ് അവർ എന്നെ കാത്തു നിൽക്കുകയാണെന്ന് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞങ്ങൾ മൂവരും ക്ലാസിലേക്ക് പോയി. 
          ടിം......ടിം...........
          ബെല്ലടിച്ചു. പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞു. ആദ്യത്തെ പിരീഡ് തുടങ്ങുകയായി. ആമിന ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്. ഞാനും സുഹറയും മിനിയും വർത്തമാനം വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അങ്ങനെ ഓരോ പിരീടും കടന്നു പോയി. അപ്പോഴേക്കും രാവിലത്തെ സംഭവം തന്നെ ഞാൻ മറന്നുപോയിരുന്നു. 
         ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു. ബെല്ലടി കേട്ടതാമസം കുട്ടികൾ പാത്രവുമെടുത്ത് പരക്കം പായാൻ തുടങ്ങി. മിനിയും സുഹ്റയും ബാഗിൽ കൈ ഇട്ട് പാത്രം എടുത്തു. ഞാനും ബാഗിൽ കൈയ്യിട്ടു. പക്ഷേ പാത്രമില്ല. ഉമ്മയോട് കാണിച്ച കോപത്തിന്റെ ഫലം ഞാനറിഞ്ഞു. 
         ഞാൻ മിനിയോടും സുഹറയോടും  പൊയ്ക്കൊള്ളാൻ പറഞ്ഞു. വിശപ്പില്ല എന്നും പറഞ്ഞു. അവർ ആദ്യം പോകാൻ മടിച്ചു. പിന്നെ എന്റെ നിർബന്ധത്തിനുവഴങ്ങി ഇരുവരും ഉച്ചക്കഞ്ഞി വാങ്ങാൻ പോയി. എന്റെ വയറ് വല്ലാതെ അക്ഷമമായി. അത് വിശന്നെരിയാൻ തുടങ്ങി. എൻറെ മനസ്സ് എന്തൊക്കെയോ ചികഞ്ഞെടുക്കാൻ തുടങ്ങി. മനസ്സിൽ നിന്ന് ആരോ  കരഞ്ഞതു പോലെ. ഉമ്മയുടെ മുഖം ഞാൻ മനസ്സിൽ കണ്ടു. ഞാൻ ഒന്നും കഴിക്കാത്തതിനാൽ ഉമ്മ  വല്ലതും കഴിച്ചിട്ടുണ്ടാകുമോ? അതോ ഉമ്മയുടെ മനസ്സിന്റെ നോവാണോ എനിക്കിപ്പോൾ വിശപ്പായി അനുഭവപ്പെടുന്നത്? .....

സൂര്യമോളുടെ മുറി (കഥ)

അഞ്ജന കെ കെ 10. B

              കെയുള്ള 10 സെൻറിൽ പകുതി വിറ്റാണ് വിജയകുമാർ പുതിയ വീട് ഉണ്ടാക്കുവാനുള്ള പണം ഉണ്ടാക്കിയത്. 92 കാരിയായ അമ്മയും ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും പ്ലസ്‌ടൂക്കാരിയായ മകളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ഷീറ്റ്മേഞ്ഞ തീരെ സൗകര്യമില്ലാത്ത വീട്ടിൽനിന്നൊരു മോചനം കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു. 
         പ്ലാൻ വരച്ച് കുറ്റിയടിക്കാൻ പണിക്കാരെയും കുട്ടി വന്നപ്പോഴാണ് ഭാര്യാ സഹോദരൻ സാബു എതിരഭിപ്രായം പറഞ്ഞത്. "നല്ലൊരു സ്ഥാനക്കാരനെ കൊണ്ടുവന്ന് നോക്കിയിട്ടേ കുറ്റിയടിച്ചു പണി തുടങ്ങാവൂ. അല്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടാകും." അയാൾ പറഞ്ഞു.
         "അളിയാ എനിക്ക് സ്ഥാനത്തിലും കണക്കിലും ഒരു വിശ്വാസവുമില്ല. ആകെക്കൂടി 5 സെൻറ് സ്ഥലമേയുള്ളൂ. സ്ഥാനക്കാരൻ വന്ന് കൊള്ളില്ലെന്ന് പറഞ്ഞാലും വേറൊരിടത്തേക്ക് മാറാനാവില്ല. അയാളെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിന് കുറെ പണം കളയാം എന്ന് മാത്രം." വിജയകുമാർ പ്രതികരിച്ചു. 
         "പണച്ചെലവിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട. അത്ഞാനേറ്റു." സാബു പറഞ്ഞു 
         "അയാൾ വന്ന് പ്രതികൂലമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ മനസ്സ് കലങ്ങം." വിജയകുമാർ തന്റെ അഭിപ്രായം പിന്നെയും പറഞ്ഞു.
         "അങ്ങനെ പേടിക്കാതെ അളിയാ .... എന്റെ പരിചയത്തിൽ ഒരാളുണ്ട്. മിടുക്കനാ." സാബു തീരുമാനത്തിൽ ഉറച്ചുനിന്നു. 
         "വിജയാ അവൻ പറഞ്ഞതിൽ കാര്യമുണ്ട്. നീ സമ്മതിക്ക്." അമ്മ ഇടപെട്ടപ്പോൾ വിജയകുമാർ സമ്മതിച്ചു.
         സാബു പിറ്റേന്ന് രാവിലെ സ്ഥാനക്കാരനെയും കൂട്ടി ഓട്ടോറിക്ഷയിൽ വന്നു. അറുപതിനുമേൽ പ്രായമുള്ള കറുത്തുതടിച്ച ഒരാൾ. അയാൾ സ്ഥലം അളക്കുകയും കണക്കുകൂട്ടുകയും ചെയ്തു. പിന്നെ വിജയകുമാറിനെ അടുത്തേക്ക് വിളിച്ചു. 
         "ഇവിടെ ഗൃഹം പണിയുന്നത് ഒട്ടും നന്നല്ല." അയാൾ പറ‍ഞ്ഞു.
         "പണിക്കരേ! എനിക്ക് ഇതല്ലാതെ വേറെ സ്ഥലം ഇല്ല." 
         "ഞാൻ കണ്ടത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം."
         "പരിഹാരം ഒന്നുമില്ലേ പണിക്കരെ?"
         "ഒന്നേയുള്ളു പരിഹാരം. പണിയാതിരിക്കുക." 
         പിന്നെ അയാൾ അവിടെ നിന്നില്ല. 
         കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് വിജയകുമാർ പറഞ്ഞു. "എന്റെ തീരുമാനത്തിൽ മാറ്റമില്ല. സാബു അളിയാ!... ഇക്കാര്യം വീട്ടിൽ ആരും അറിയരുത്. വെറുതെ എന്തിനവരെ  തീതിന്നിക്കുന്നു."
        "വിജയാ! ഞാനീ ഭൂമിയിൽ ആവശ്യത്തിലേറെ ദുരിതങ്ങൾ അനുഭവിച്ചാണ് ഇതുവരെ ജീവിച്ചത്. എനിക്കൊരു ആഗ്രഹമുണ്ട്. പുതിയൊരു വീട്ടിൽ കുറച്ചു ദിവസം ജീവിച്ചിട്ട് കണ്ണടക്കണം. എന്റെ കുടുംബത്തിൽ എനിക്കു മാത്രമേ ഇങ്ങനെ നനഞ്ഞൊലിക്കുന്ന വീട്ടിൽ കിടക്കേണ്ട ഗതികേട് വന്നിട്ടുള്ളൂ." ഭാര്യയുടെ പരിഭവം. 
         മകൾക്കും ഉണ്ടായിരുന്നു പരാതി. ഹയർസെക്കൻഡറിയിൽ പഠിക്കുന്ന അവളുടെ ക്ലാസ്‌ടീച്ചർ കഴിഞ്ഞമാസം അവളെ കാണാൻ വന്നപ്പോൾ അയൽപക്കത്തേക്ക് ഓടിയൊളിച്ചു സൂര്യമോൾ. നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആശകൾ ഉള്ളിലൊതുക്കി വീടുപണി ആരംഭിച്ചു. 
         രാവിലെ ചായയുമായി വന്നപ്പോൾ സൂര്യ മോൾ പറഞ്ഞു. "അച്ഛാ! പുതിയവീട്ടിൽ എനിക്ക് സ്വന്തമായി ഒരു മുറി വേണം." 
         "ഒന്ന് പോടീ! നിന്നെ കെട്ടിച്ചുവിടാൻ ഉള്ളതാണ്." 
         "അങ്ങനെ പറയാതച്ഛാ .... അതൊക്കെ കുറെ കഴിഞ്ഞില്ലേ? അതുവരെ ......."
         "ങും ... ശരിയാക്കാം. പക്ഷേ നീ ഇത് പണിയാനുള്ള  കല്ലും സിമിന്റുമൊക്കെ ചുമക്കാൻ കൂട്ടണം .... എന്താ?" 
         "ഏറ്റൂ ... ഞാൻ എന്റെ സ്കൂളിലെ എൻ.എസ്.എസ്. വോളണ്ടറിയറാണച്ഛാ! ഞാൻ ഒരു വാക്കു പറഞ്ഞാൽ എന്റെ സ്കൂളിലെ കുട്ടികൾ എല്ലാം വരും." സൂര്യ മോൾ സന്തോഷത്തോടെ പറഞ്ഞു. 
         "എങ്കിൽ ഉറപ്പായിട്ടും പുതിയവീട്ടിൽ നിനക്കൊരു മുറി ഉണ്ടാകും." അയാൾ ഉറപ്പു കൊടുത്തു. 
         സൂര്യ മോളുടെ വീടുപണിയാൻ എൻ.എസ്.എസ്. കുട്ടികൾ അരുന്ധതി ടീച്ചർക്കൊപ്പമാണ് എത്തിയത്. ആൺകുട്ടികളും പെൺകുട്ടികളുമായി പതിനഞ്ചുപേർ. സിമന്റ്കട്ടകളും, പാറയും, മണലുമെല്ലാം അവർ ചുമന്ന് എത്തിച്ചു. പണിനിർത്തി പിരിഞ്ഞുപോകുമ്പോൾ എല്ലാവർക്കും സങ്കടമായി. 
         "കുട്ടികളുമായി പാലുകാച്ചലിന് വരണേ ടീച്ചറെ!" അമ്മൂമ്മ ക്ഷണിച്ചു. 
         "വരും .... ഞങ്ങളെല്ലാവരും വരും." ടീച്ചർ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. അതിവേഗതയിലാണ് വീടിന്റെ പണി പൂർത്തിയായത്.    
         പാലുകാച്ചലിന് ഒത്തിരി പേരെ ക്ഷണിച്ചിരുന്നു. സൂര്യമോളുടെ അടുത്ത കൂട്ടുകാരി ദിവ്യ തലേദിവസം എത്തി. അവൾക്ക് പിറ്റേന്നു വരാനാവാത്ത സാഹചര്യമായിരുന്നു. വൈകുന്നേരം നാലരയോടെ അവൾ മടങ്ങുകയും ചെയ്തു. ദിവ്യ മൊബൈൽഫോൺ അവിടെ മറന്നു വച്ചിട്ടാണ് പോയത്. 
        "സൂര്യേ ! .. എന്റെ ഫോൺ എങ്ങനെയെങ്കിലും ഒന്നു കൊണ്ട് തരുമോടി? അത്യാവശ്യമായിരുന്നു." മറ്റൊരു ഫോണിൽ നിന്ന് ദിവ്യ വിളിച്ചു പറഞ്ഞു. 
        ഫോണുമായി അച്ഛന്റെ സ്കൂട്ടറിൽ പോകാനിറങ്ങിയപ്പോൾ അച്ഛൻ വിലക്കി. "പെണ്ണെ നീ പോകേണ്ട, മറ്റാരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ മതി."
        "അടുത്തല്ലേ അച്ഛാ? ഇപ്പൊ വരാം. ആവശ്യത്തിനാണല്ലോ?" സൂര്യ സ്കൂട്ടർ ഓടിച്ചു പോയി
        അരമണിക്കൂറിനുള്ളിൽ വിജയകുമാറിനെ ഫോണിലേക്ക് ആ വാർത്ത എത്തി. "സൂര്യമോൾ അപകടത്തിൽ." 
        പിറ്റേന്ന് പാലുകാച്ചൽ നടന്നില്ല. പുത്തൻ വീട്ടിൽ ടൈൽ പാകിയ തറയിൽ വെള്ളയും പുതച്ച് സൂര്യമോൾ കിടന്നു. 
        "ഭഗവാനേ!...  എന്റെ കുട്ടിയെ കൊണ്ടു പോയല്ലോ? എന്നെ വിളിക്കാമായിരുന്നില്ലേ നിനക്ക്?" 
        മുത്തശ്ശിയുടെ വിലാപം ..... കേട്ടുനിന്നവരുടെ കണ്ണു നനഞ്ഞുപോയി!

ഡിജിറ്റൽ മാഗസിൻ

                  ഇ വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രീകരണത്തോടുകൂടി ഡിജിറ്റൽ മാഗസിനായി  പ്രസിദ്ധപ്പെടുത്തുന്നതാണ്.