Schoolwiki സംരംഭത്തിൽ നിന്ന്
13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം
പ്ലാസ്റ്റിക് മലിനീകരണം
ഇന്ന് നാം നേരിടുന്ന മുഖ്യവിഷയമാണ് പ്ലാസ്റ്റിക് മലിനീകരണം. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ, അല്ലെങ്കിൽ മനുഷ്യൻ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്ന് പറയുന്നത്. പ്ലാസ്റ്റിക് ചെലവ് കുറഞ്ഞതാണ് എന്നതിനോടൊപ്പം ഉപയോഗിക്കാൻ എളുപ്പമാണ് എന്ന കാരണത്താലും ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക് മലിനീകരണം വർധിച്ചുവരികയാണ്. ഉപയോഗിക്കാൻ എളുപ്പം, ചെലവ് കുറവ് എന്നിങ്ങനെ ഗുണങ്ങൾ ഉണ്ടെങ്കിലും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. ചെറിയ മിഠായികൾ പോലും പ്ലാസ്റ്റിക് എന്ന വിഷത്തിൽ പൊതിഞ്ഞാണ് വിപണികളിൽ ലഭ്യമാകുന്നത്. ഒരുപക്ഷെ പ്ലാസ്റ്റിക് ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലൂടെയാണ് മനുഷ്യർ ഇപ്പോൾ കടന്നുപോകുന്നത്.
പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നതിലൂടെ മനുഷ്യർക്കും മറ്റുജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഓസോൺ പാളിക്ക് വിള്ളലേൽക്കുകയും പ്ലാസ്റ്റിക് പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് വഴി മലിനീകരണം ഉണ്ടാകുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ അമിത ഉപയോഗം പ്രകൃതിയെയും മനുഷ്യവംശത്തെയും നാശത്തിലേക്ക് നയിക്കുന്നു.
മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനില്പിനെത്തന്നെ പ്ലാസ്റ്റിക് അപകടത്തിലാക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായി മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.
നഗരങ്ങളെല്ലാം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊഴിവാക്കാനായി കേരളസർക്കാർ ഏറ്റെടുത്ത പദ്ധതിയാണ് പ്ലാസ്റ്റിക് വിമുക്തകേരളം. പ്ലാസ്റ്റിക്കിനെ പൂർണമായും തുടച്ചുനീക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2020 ജനുവരി 1 മുതലാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരുപാടുപേർ ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചിയും പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികളും നിലവിൽ വന്നു. സർക്കാർ മാത്രമല്ല ജനങ്ങളും കൂടി തീരുമാനിച്ചാൽ മാത്രമാണ് ഈ പദ്ധതി വിജയിപ്പിക്കാൻ സാധിക്കുകയുള്ളു. ഒരുപാടുപേർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. എന്നിരുന്നാലും ഇപ്പോഴും പല ഇടങ്ങളിലും പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ലഭ്യമാണ്.
പ്രകൃതി അമ്മയാണ്, അമ്മയെ ചൂഷണം ചെയ്യരുത്. പ്രതീക്ഷ കൈവിടാതെ പ്ലാസ്റ്റിക് ഉപയോഗത്തിനും മലിനീകരണത്തിനും എതിരായി പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം. അതിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം. പ്രകൃതിയെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക് എന്ന വിഷത്തെ എന്നന്നേക്കുമായി തുടച്ചുനീക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം
|