"ജി എച്ച് എസ് എസ് കാരാകുറിശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/ചരിത്രം എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:35, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കാരാകുർശ്ശി
ഒരു ഗ്രാമത്തിൻറെ അക്ഷരവെളിച്ചം
കാരാകുർശ്ശിയുടെ വഴിവിളക്കാണ് കാരാകുർശ്ശി ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. നൂറു വർഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികൾക്ക് ജീവിതദിശാബോധം നൽകിയിട്ടുണ്ട്. അറിവിൻറെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂളിൽനിന്ന് ഹയർ സെക്കൻററി സ്കൂളായി വളർന്ന കഥ ഈ ഗ്രാമത്തിൻറെ വിജയഗാഥതന്നെയാണ്.
ലോവർ പ്രൈമറി വിഭാഗം
1914 ൽ അരപ്പാറയിലെ മുതുകാട് എന്ന സ്ഥലത്ത് അന്നത്തെ അംശം അധികാരി മാങ്കുറുശ്ശി വയങ്കര പുത്തൻവീട്ടിൽ ഗോപാലപ്പണിക്കർ മുൻകൈയെടുത്ത് ഒരു ലോവർ എലിമെൻററി സ്കൂൾ തുടങ്ങി. ചേലാട്ട് തെയ്യുണ്ണിനായർ മാസ്റ്റർ സ്കൂളിൻറെ പ്രധാനാധ്യാപകനായി. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രം വിദ്യാർത്ഥികളായെത്തി. ഒന്നോ രണ്ടോ വർഷത്തിനു ശേഷം സ്കൂൾ അവിടെനിന്ന് കുളപ്പാറലിലെ കുന്നത്തുകളം നമ്പൻകുട്ടി ഗുപ്തൻറെ കളത്തിലേയ്ക്ക് പറിച്ചുനട്ടു. 1919 ഏപ്രിൽ മാസത്തിൽ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണിയുടെ ശ്രമഫലമായി സ്കൂൾ കാരാകുർശ്ശിയിലേക്ക് വന്നെത്തി. സ്വന്തം സ്ഥലത്ത് സ്കൂളിനുള്ള കെട്ടിടം നിർമ്മിച്ചാണ് രാവുണ്ണി അധികാരി സ്കൂളിനെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. 1991 ൽ ഈ കെട്ടിടം സർക്കാർ വിലയ്ക്കു വാങ്ങുമ്പോൾ ഓരോ ക്ലാസ്സും രണ്ടും മൂന്നും ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി വിഭാഗമായിത്തീർന്നിരുന്നു. ലോവർപ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഹയർ സെക്കൻററി ക്ലാസുകൾക്കു വിട്ടുകൊടുത്ത ശേഷം, ഏഴാം ക്ലാസ്സുകൂടി ഉൾപ്പെട്ട പ്രൈമറി വിഭാഗം ഒറ്റ സെക്ഷനായി പ്രവർത്തിച്ചുവരികയാണ്. എൽ.പി.വിഭാഗത്തിൽ 9 ഡിവിഷനുകളിലായി 308 കുട്ടികൾ പഠിക്കുന്നു. അറബിക് അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകരുണ്ട്. ഒന്നാം ക്ലാസുമുതൽക്കുതന്നെ കമ്പ്യൂട്ടർ പഠനം ആരംഭിച്ചിട്ടുണ്ട്.
അപ്പർ പ്രൈമറി വിഭാഗം
അമ്പതുകളുടെ രണ്ടാം പകുതിയായപ്പോഴേയ്ക്കും സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾ നാട്ടുകാർ ആരംഭിച്ചിരുന്നു. പ്രധാനാധ്യാപകരായിരുന്ന മങ്ങാട്ട് നാരായണൻ നായർ മാസ്റ്ററുടെയും ടി.വി.രാഘവവാരിയർ മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. 1956ൽ കാരാകുർശ്ശിയിൽ രൂപീകരിച്ച ജനകീയകലാസമിതികൂടി ഇതിൽ പങ്കാളിയായതോടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. 1961ൽ യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ, കാരാകുർശ്ശിയിലെ ആദ്യത്തെ ജനകീയസമിതിയുടെ വിജയമായി അത് മാറി. മുറത്താങ്കൽ അഗസ്റ്റിൻ എന്ന വ്യക്തിയിൽനിന്ന് 300 രൂപയ്ക്ക് സ്കൂളിനുവേണ്ടി സ്ഥലം വാങ്ങി. നാട്ടിൽനിന്നു സംഭാവനകൾ സ്വീകരിച്ച് താൽക്കാലിക കെട്ടിടവും ഫർണിച്ചറും ഒരുക്കി. എല്ലാ പ്രവർത്തനങ്ങളും നയിച്ചത് ജനകീയ സമിതിയായിരുന്നു. ഈ കെട്ടിടം നിന്ന സ്ഥലമാണ് പിന്നീട് സ്കൂൾ ഗ്രൗണ്ട് ആക്കി മാറ്റിയത്. സൗകര്യപ്രദമായ കോൺക്രീറ്റ് കെട്ടിടത്തിൽ എൽ.പി.ക്ലാസുകളോടു ചേർന്ന് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗത്തിൽ ആകെ 357 കുട്ടികളും 12 അധ്യാപകരുമുണ്ട്.
ഹൈസ്കൂൾ വിഭാഗം
1966 ഏപ്രിൽ 1 ന് യു.പി.സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്കൂൾ വെൽഫെയർ കമ്മിറ്റിയും ജനകീയ കലാസമിതിയും വീണ്ടും കൈകോർത്തു മുന്നേറിയതോടെയാണ് ഈ വളർച്ചയും സാധ്യമായത്. മൂന്ന് ഏക്കർ സ്ഥലം വാങ്ങുവാനും കെട്ടിടവും ഫർണീച്ചറും നിർമ്മിക്കാനും സംഭാവനക്കൂപ്പണുകൾ അടിച്ച് സംഭാവന പിരിച്ചെടുത്തും, ലേലം വിളിച്ചും കാരാകുർശ്ശിക്കാർ ഒറ്റക്കെട്ടായി ശ്രമിച്ചു. സ്വന്തമായി സ്ഥലവും 5 ക്ലാസ് മുറികളും ഉണ്ടാക്കുന്നതിന് 24000 രൂപയാണ് 1967-70 കാലത്ത് നാട്ടിൽനിന്ന് സ്വരൂപിച്ചത്. സമിതി ഭാരവാഹികൾ മുന്നിൽനിന്ന് നയിച്ചു; ശ്രമങ്ങൾ ഫലം കണ്ടു. കാരാകുർശ്ശി ഗവണ്മെൻറ് ഹൈസ്കൂൾ യാഥാർത്ഥ്യമായി. 1966 ജൂൺ 1 നുതന്നെ എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീമതി കുഞ്ഞുക്കുട്ടി ടീച്ചർക്കായിരുന്നു പ്രധാനാധ്യാപികയുടെ അധികച്ചുമതല. പിന്നീട് പാലക്കയംകാരനായ ചാണ്ടി മാസ്റ്റർ ഹെഡ്മാസ്റ്ററായെത്തി. ആദ്യത്തെ സ്ഥിരം പ്രധാനാധ്യാപിക നിർമ്മലാദേവി ടീച്ചറായിരുന്നു. കുട്ടികളുടെ എണ്ണം വർഷംതോറും കൂടിക്കൂടി വന്നു. സ്ഥലപരിമിതി കാരണം 1969ൽ ക്ലാസുകൾ സെഷണൽ സമ്പ്രദായത്തിലായി. 18 ക്ലാസ് മുറികളുള്ള കെട്ടിടം അനുവദിച്ചു നിർമ്മാണം പൂർത്തിയായതോടെയാണ് ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞത്. ഇപ്പോൾ 933 കുട്ടികൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നുണ്ട്. 36 അധ്യാപകരും 5 അനധ്യാപകജീവനക്കാരും ഹൈസ്കൂൾ വിഭാഗത്തിൽ ജോലി ചെയ്യുന്നു. മാനവവിഭവശേഷി വകുപ്പിൻറെ കീഴിൽ 1994ൽ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻററി, ഹയർ സെക്കൻററി വിഭാഗങ്ങൾ1994 ൽ വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. ങഞഉഅ, രണ്ടു കോഴ്സുകളാണ് ആദ്യം അനുവദിച്ചത്. ഇപ്പോൾ 5 വൊക്കേഷണൽ കോഴ്സുകളിലായി 300 കുട്ടികളും 25 അധ്യാപകരും 2 ഓഫീസ് ജീവനക്കാരും ഉള്ള ഒരു വിഭാഗമാണ് വൊക്കേഷണൽ ഹയർ സെക്കൻററി. 2004 ലാണ് ഹയർ സെക്കൻറി വിഭാഗം തുടങ്ങുന്നത്. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു. 26 അധ്യാപകരും 2 ലാബ് അസിസ്റ്റൻറുമാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. കാരാകുർശ്ശി സ്കൂളിനുവേണ്ടി മാത്രമുണ്ടായ ജനകീയ ഇടപെടലുകൾ, സ്കൂൾ വികസനത്തിന് കാലാകാലങ്ങളായി സർക്കാർ അനുവദിച്ച സാമ്പത്തികസഹായങ്ങൾ നേടിയെടുക്കുന്നതിനു സഹായകമായി. സ്വന്തമായി നാലര ഏക്കർ സ്ഥലം സമ്പാദിച്ച് 15 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മിച്ചതും സ്ഥലം വാങ്ങി ഗ്രൗണ്ടിൻറെ വിസ്തൃതി കൂട്ടി വിപുലീകരിച്ചതും സ്വന്തമായി സ്കൂൾ ബസ്സ് വാങ്ങിയതും അക്ഷരത്തിനുവേണ്ടി കാരാകുർശ്ശിക്കാർ നൽകിയ സേവനത്തിൻറെ അടയാളങ്ങളാണ്. അത് ഇന്നും തുടരുന്നു എന്നത് കാരാകുർശ്ശിയുടെ മാത്രം സൗഭാഗ്യവുമാണ്.
വളർച്ചയുടെ പടവുകൾ : 1914-2014
1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കർ മുൻകൈയെടുത്ത് ലോവർ എലിമെൻററി സ്കൂൾ തുറന്നു. അവിടെനിന്ന് സ്കൂൾ കുളപ്പാറലിലെ കുന്നത്ത്കളം നമ്പൻകുട്ടി ഗുപ്തൻറെ കളത്തിൻറെ പുറത്തളത്തിലേക്കു മാറ്റി 1919 ഏപ്രിൽ മാസത്തിൽ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുർശ്ശിയിൽ പണിതുനൽകിയ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറി. കാരാകുർശ്ശി ബോർഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായർ മാഷായിരുന്നു. 1945 കാരാകുർശ്ശിയിൽ റേഷൻകട ആരംഭിച്ചു. 1956 കാരാകുറുശ്ശിയിലെ ആദ്യത്തെ സാംസ്കാരിക കൂട്ടായ്മയായ ജനകീയ കലാസമിതി സ്കൂളിൽവച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. 1961 യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രവർത്തനമാരംഭിച്ചു. 1965 ഹൈസ്കൂളായി ഉയർത്താൻ വേണ്ടി സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു. 1966 ജൂൺ 1 കാരാകുർശ്ശി ഗവണ്മെൻറ് ഹൈസ്കൂൾ എട്ടാം ക്ലാസ്സ് ആരംഭിച്ചു. 1969 സ്കൂളിലെ പെൺകുട്ടികളുടെ ടീം ആദ്യമായി ജില്ലാ വോളീബോൾ ചാമ്പ്യൻഷിപ്പ് നേടി. തുടർന്നുള്ള 2 വർഷവും (70, 71) ഈ സ്ഥാനം നിലനിർത്തി. കായികാധ്യാപകനായ എൻ.വി.ഗോപാലകൃഷ്ണൻ മാസ്റ്ററായിരുന്നു പരിശീലകൻ. 1971 സ്കൂളിലെ പൂർവ്വവിദ്യാർത്ഥി വടക്കീട്ടിൽ ഗോപാലകൃഷ്ണപണിക്കരെ രാഷ്ട്രം വീരചക്രം നൽകി ആദരിച്ചു. 1974 എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് സ്കൂൾ കേന്ദ്രമായി. 1991 ഹൈസ്കൂൾ വിഭാഗത്തിൻറെ രജതജൂബിലി ആഘോഷം. ജൂബിലി സ്മാരകമന്ദിരം നിർമ്മിച്ചു. 1994 വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. സ്കൂളിന് എസ്സ.എസ്.എൽ.സി.പരീക്ഷയിൽ റാങ്ക് തിളക്കം: കൃഷ്ണപ്രസാദ് 11-ാം റാങ്ക് നേടി. 1995 ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു. 1997 സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 2001 ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2002 എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്കിൻറെ തിളക്കം വീണ്ടും: പി.എം. ശരത് - 15-ാം റാങ്ക് 2004 ഹയർ സെക്കൻററി വിഭാഗം ആരംഭിച്ചു. വൊക്കേഷണൽ വിഭാഗത്തിൽ എൻ.എസ്.എസ്.യൂണിറ്റ് തുടങ്ങി. 2005 പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു. 2010 പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബസ്സ് 2013 വിദ്യാരംഗം ജില്ലാ സാഹിത്യോത്സവത്തിന് ആതിഥ്യം വഹിച്ചു. 2013 എം.ബി.രാജേഷ് എം.പി. ഫണ്ടിൽനിന്ന് ഹയർ സെക്കൻററിക്ക് ലാബ് & ലൈബ്രറി കെട്ടിടം അനുവദിച്ചു. 2014 ശ്രീകെ.വി.വിജയദാസ് എം..എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് 6 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മാണമാരംഭിച്ചു. 2014 ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നു 30 ലക്ഷം രൂപ ചെലവഴിച്ച് 3 ക്ലാസ്മുറികളുള്ള കെട്ടിടം നിർമ്മാണമാരംഭിച്ചു. 2014 വീണ്ടും ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം. 2014-15 ൽ വിപുലമായ പരിപാടികളോടെ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു. 2015 മാർച്ചിലെ എസ്.എസ്..എൽ.സി.പരീക്ഷയിൽ 97% വിജയം (മുൻ വർഷത്തേക്കാൾ 4 ശതമാനം കൂടുതൽ). 2015 മാർച്ചിലെ ഹയർ സെക്കൻററി റിസൾട്ട് 92 % (കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം കൂടുതൽ) 2015 വി.എച്ച്.എസ്.ഇ. റിസൾട്ട് 95%. ഇത് കഴിഞ്ഞ വർഷത്തെ 69% ത്തിൽനിന്ന് 26% കൂടുതലാണ്.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |