കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന അവാർഡ് വിതരണ ചടങ്ങ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻെ ഭാഗമായി സ്ക്കൂളുകൾ ഹൈടെക്ക് ആക്കി അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്തികൊണ്ട് വരുമ്പോൾ കേരളജനത അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിനു തെളിവാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടത്തിനരികെയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസം പുതിയതലമുറയ്ക്ക് എങ്ങനെ നല്കണമെന്നതിന് മാതൃകയാണ് കേരളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി.