"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:


===അർജ്ജുനൻമല ശിവക്ഷേത്രം===
===അർജ്ജുനൻമല ശിവക്ഷേത്രം===
[[പ്രമാണം:28012 NV11.jpg|thumb|200px|അർജ്ജുനൻമല ക്ഷേത്രം]]
 
കൂത്താട്ടുകുളത്തെ അർജ്ജുനൻമല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ പൂജാരികൾ. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവർ ‘ എട്ടുമുട്ടൻമാർ ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
കൂത്താട്ടുകുളത്തെ അർജ്ജുനൻമല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ പൂജാരികൾ. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവർ ‘ എട്ടുമുട്ടൻമാർ ’ എന്നാണ് അറിയപ്പെട്ടിരുന്നത്.



13:55, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ സ്ക്കൂൾ സ്ഥിതിചെയ്യുന്ന കൂത്താട്ടുകുളം പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ,  ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തികൾ, ഐതീഹ്യങ്ങൾ, സ്ഥലനാമങ്ങൾ, ആചാരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുങ്ങിയവയാണ് ഈ നാടോടി വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 2008 ൽ ആരംഭിച്ച പ്രദേശിക ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായി ശേഖരിച്ച വസ്തുതകളും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിട്ടുള്ളത്.

നാടോടി വിജ്ഞാനകോശം

അഞ്ചലാഫീസ്

ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാൻ അഞ്ചൽ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് തപാൽ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവർത്തിച്ചിരുന്നു. മാർക്കറ്റ് റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവർത്തിച്ചിരുന്നത്. 1951-ൽ തിരു-കൊച്ചിയിലെ അഞ്ചൽ സമ്പ്രദായം അഖിലേന്ത്യ തപാൽ വകുപ്പിൽ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.

അത്താണി

പുരാതനകാലത്തെ വ്യാപാരമാർഗ്ഗങ്ങളായിരുന്ന നാട്ട് വഴികളുടെ സംഗമസ്ഥാനമായിരുന്നു കൂത്താട്ടുകുളം. പാണ്ടിനാട്ടിൽനിന്നും കാരിക്കോട്, ചുങ്കം, നെടിയശാല, മാറിക വഴി പടിഞ്ഞാറൻ തീരത്തേക്കും, മുവാറ്റുപുഴ യിൽ നിന്ന് ആരക്കുഴ, പാലക്കുഴ, വെളിയന്നൂർ, ഉഴവൂർ, കിടങ്ങൂർ വഴി തെക്കോട്ടും , വാണിഭശ്ശേരി, തിരുമാറാടി , കാക്കൂർ, ഓണക്കൂർ വഴി പിറവം പുഴക്കടവിലേക്കും ഉണ്ടായിരുന്ന പ്രധാനനാട്ടുവഴികൾ കടന്ന് പോയിരുന്നത് കൂത്താട്ടുകുളം കൂടിയായിരുന്നു. പാണ്ടിയിൽനിന്ന് കഴുതപ്പുറത്തായിരുന്നു ഈ വഴികളിലൂടെ ചരക്കുകൾ കൊണ്ടുവന്നിരുന്നത്. തലച്ചുമടായി കൊണ്ടുവരുന്ന ചരക്കുകൾ ഇറക്കിവച്ച് വിശ്രമിക്കാൻ ചുമട് താങ്ങികളും, അവ വിറ്റഴിക്കാൻ പല സ്ഥലങ്ങളിലും അങ്ങാടികളുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തിന് ചുറ്റുപാടുമുള്ള പല വഴിയോരങ്ങളിലും തകർന്നടിഞ്ഞ നിലയിലുള്ള ധാരാളം ചുമടുതാങ്ങികൾ കാണാം. അവ നിന്നിരുന്ന സ്ഥലങ്ങൾ അത്താണി, അത്താണിയ്ക്കൽ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്.

അർജ്ജുനൻമല

കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്.

അർജ്ജുനൻമല ശിവക്ഷേത്രം

കൂത്താട്ടുകുളത്തെ അർജ്ജുനൻമല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ പൂജാരികൾ. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവർ ‘ എട്ടുമുട്ടൻമാർ ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആനുകാലികങ്ങൾ

കൂത്താട്ടുകുളത്തുനിന്ന് ശ്രദ്ധേയമായ ഏതാനും ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എടുത്തുപറയേണ്ട മികവുറ്റ ഒരു സാഹിത്യമാസികയായിരുന്നു ‘ ലാവ’ 1970 കളുടെ തുടക്കത്തിൽ മലയാളത്തിലുണ്ടായ ബദൽ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നു ഇത്. ‘ ലാവ’ യുടെ പത്രാധിപർ കെ.എം.രാജുവായിരുന്നു. ഇതിനു പുറമെ ‘അഷ്ടപദി’ ,‘കാമന’,‘കനക’,‘ഭാരതപ്പുഴ’,‘ഭാവന’,‘രാജ്യകാര്യം’ തുടങ്ങിയ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൂത്താട്ടുകുളത്തെ ദേശസേവിനി പ്രസ്സിൽ നിന്ന് ‘അഷ്ടപദി’ പ്രസിദ്ധീകരിച്ചിരുന്നത്. ‘ അഷ്ടപദി’ ക്കു പുറമെ ‘ അനുരജ്ഞനം’ എന്ന സായാഹ്ന പത്രവും പ്രസിദ്ധീകരിച്ചിരുന്നു.ഇന്നത്തേതു പോലെ അച്ചടിയുടെ സാങ്കേതികസൌകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത് ലറ്റർ പ്രസ്സിലാണ് ‘ അനുരഞ്ജനം’ അച്ചടിച്ചിരുന്നത്. രണ്ടിന്റേയും പത്രാധിപർ പ്രസ്സുടമയായ വി.കെ.മാധവനായിരുന്നു.യുവ സാഹിത്യകാരനായിരുന്ന സതീഷ് ചേലാട്ടായിരുന്നു കാമനയുടെ പത്രാധിപർ.

ആമ്പക്കാട്ട് കർത്താക്കൾ

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെൽവയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കർത്താക്കൾ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റർ പടിഞ്ഞാറ് മാറി ഇന്ന് ശിർദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കർത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിർത്തിയിൽ കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നല്കിയിരുന്ന കർത്താക്കൾ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയിൽ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങൾ ഏതാനും കൊല്ലം മുൻപ് വരെ അവിടെ നിലനിന്നിരുന്നു.

ആഴ്ചചന്ത

കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത

കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാൻ പേഷ്കാർ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാർ ഏതാനും നെടുമ്പുരകൾകൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാൻ ഓല മേഞ്ഞ പഴയകെട്ടിടങ്ങൾ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേൽ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിൻ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയിൽ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളിൽ വിൽപ്പനക്കുള്ള കാർഷികോല്പന്നങ്ങൾ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചന്തയിൽ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാൻ പേഷ്ക്കാർ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാൻ സർക്കാരിന് റിപ്പോർട്ടുനൽകുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവർമ്മപുരം മാർക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെൻട്രൽ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാർക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവർമപുരം മാർക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാർക്കറ്റ് വികസിച്ചപ്പോൾ കൂടുതൽ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.

ആടുമാടുകൾക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളർത്തുമൃഗങ്ങളുടെയും, കാർഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയിൽ എത്തിച്ചേരുന്ന കാർഷികോൽപ്പന്നങ്ങൾ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശർക്കര, ഉപ്പ്, പുകയില , ഉണക്കമീൻ, ഇരുമ്പ് സാധനങ്ങൾ എന്നിവയൊക്കെ കച്ചവടക്കാർ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് വഞ്ചിയിൽ വെട്ടിയ്ക്കാട്ട് മുക്കിൽ എത്തിക്കുന്ന ചരക്കുകൾ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികൾ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ വന്ന് ചരക്കുകൾ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൌൺപാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകൾക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാർക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു

എബ്രഹാം വടക്കേൽ, റവ. ഡോ.

ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ, കൈനിക്കരയുടെ കാൽവരിയിലെ കല്പപാദപം തുടങ്ങിയകൃതികൾക്ക് അവതാരകികയെഴുതുകയും അതിന്റെ പേരിൽ മതാധികാരികളുെട പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാകേണ്ടിവരികയും ചെയ്ത പണ്ഡിതനും വാഗ്മിയും സാഹിത്യകലാമർമ്മജ്ഞനുമായിരുന്നു റവ. ഡോ. എബ്രഹാം വടക്കേൽ

എം. സി. റോഡ്

കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിർമ്മാണമായിരുന്നു. 1860-ൽ ദിവാൻ ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിർത്തിയായ കറുകുറ്റിവരെ കരമാർഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിൻ സെൻട്രൽ റോഡിന്റെ നിർമ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികൾ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയർ വില്യം ബാർട്ടന്റെ നേതൃത്വത്തിൽ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിർമ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിർമ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിർപ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂർവഴി പുതിയറോഡ് നിർമ്മിക്കുകയുമാണുണ്ടായത്.

യൂറോപ്യൻമാരായ കോൺട്രാക്ടേഴ്സിന് കീഴിൽ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂർത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവർ നിർബന്ധപൂർവ്വം പണിയെടുപ്പിച്ചിരുന്നു. മുതിർന്നവർക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിർമ്മാണ കാര്യങ്ങൾക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി.

ഓണംകുന്ന് ഭഗവതി ക്ഷേത്രം

ജൈനപാരമ്പര്യം വിളിച്ചോതുന്ന കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂർ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തൻ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങൾ ക്ഷയിക്കുകയും, ആര്യബ്രാഹ്മണർ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.

കളരികൾ

1875 ൽ വെർണ്ണാക്കുലർ സ്ക്കൂൾ ആരംഭിക്കുന്നതിനു മുമ്പ് കളരികളായിരുന്നു കൂത്താട്ടുകുളത്തെ ജനങ്ങൾ അക്ഷരാഭ്യാസത്തിനും വിദ്യാഭ്യാസത്തിനുമായി പ്രധാനമായും ആശ്രയിച്ചിരുന്നത്. തുരുത്തേൽ ആശാൻ, പടിഞ്ഞാറേൽ ആശാൻ എന്നിവരുടെ കളരികൾ അക്കാലത്ത് പ്രസിദ്ധങ്ങളായിരുന്നു.

കിഴകൊമ്പ് കാവ്

കിഴകൊമ്പ് കാവ്

ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വന ദുർഗ്ഗയാണ്.

കുഴിമാടം

കുഴിമാടം

കിഴകൊമ്പ് കാവിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഴിമാടം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത കേരളത്തിലെ എല്ലാ ക്രൈസ്തവകേന്ദ്രങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടായിരുന്നു. കിഴകൊമ്പിലെ കാക്കനാട്ട്പറമ്പേൽ കുടുംബത്തിലെ കാരമവന്മാരെ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് പിൽക്കാലത്ത് നിർമ്മിച്ച ഒരു ചെറിയ കുഴിമാടപ്പള്ളിയാണ്. ഇവിടെ എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവയ്ക്കുകയും വർഷംതോറും കുടുംബാംഗങ്ങൾ ഒത്തുകൂടി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു.

കുംഭം എട്ട് പെരുന്നാൾ

അതി പ്രാചീനമായ വടകരപ്പള്ളിയിൽ നടന്നുവരാറുള്ള കുഭം എട്ട് പെരുന്നാൾ നാടിനാകെ ഉത്സവാഛായ പകരുന്നതാണ്. പള്ളി പണിയുന്നതിനായി കല്ലിട്ട ഓർമ്മയ്ക്കായാണ് ഈ പെരുന്നാൾ ആഘോഷിക്കുന്നത്.

കൂത്താട്ടുകുളം

കേരളത്തിലെ പഴയ സ്ഥലനാമങ്ങൾക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലർന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങൾ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.

കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അർജ്ജുനൻമല എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പിൽ നിന്നും ഏകദേശം അഞ്ഞുറ് മീറ്റർ ഉയരമുള്ള ഒരു കുന്നാണ് അർജ്ജുനൻമല. ഉള്ളാട സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അർജ്ജുനൻ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അർജ്ജുനൻ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അർജ്ജുനൻമല എന്ന പേരുവന്നത്. കുറെ കാലത്തിനുശേഷം ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി ഈ കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം.


കേശവൻ നമ്പൂതിരി, അത്തിമണ്ണില്ലത്ത്

കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു കൂത്താട്ടുകുളം ഹൈസ്കൂളിന്റെ സ്ഥാപകൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തിൽ അധസ്ഥിതർക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവൻ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയിൽ ആരംഭിച്ച സ്കൂളിൽ നാനാ ജാതികളിലും പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു.

കോട്ടയും കുത്തകയാഫീസും

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് സർക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽനിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേർന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുൻപുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയിൽ സമചതുരത്തിൽ മണ്ണും ചെങ്കല്ലും കൊണ്ട് നിർമ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോൾ ധാരാളം വെടിയുണ്ടകൾ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരിൽ രാഘവൻപിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകിൽ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.

ചുമർചിത്രങ്ങൾ

വടകരപ്പള്ളിയിലെ ചുമർച്ചിത്രങ്ങൾ

കൂത്താട്ടുകുളത്തെ പുരാതനമായ വടകരപ്പള്ളിയിലെ ചുമർചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്കരണത്തിന്റെ ഉത്തമ മാതൃകകളാണ്. ക്ഷേത്രകലയുടെ ഭാഘമായി വികസിച്ച ചുമർചിത്രങ്ങൾ കേരളത്തിൽ അപൂർവ്വം ക്രൈസ്തവദേവാലയങ്ങളിൽ മാത്രമേ കാണാൻ കഴിയൂ. ക്രിസ്തീയ വേദപുസ്തകമായ ബൈബിളുമായ ബന്ധപ്പെട്ട ചിത്രങ്ങൾ ആണ് വടകരയിലെ പുരാതന ദേവാലയത്തിന്റെ മദ്‌ബഹായിൽ കാണപ്പെടുന്നത്. എബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ ഒരുങ്ങുന്നതും മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും മറ്റും ചിത്രങ്ങളും ആണ് പ്കൃതിദത്ത ചായക്കൂട്ടുകൾ കൊണ്ട് ഇവിടെ ആലേഖനം ചെയ്തിട്ടുള്ളത്. അൾത്താരയിൽ കുഞ്ഞാടിനെ കയ്യിലെടുത്ത യോഹന്നാൻ മാംദാനയുടെ ചിത്രവും പശ്ചാത്തലത്തിൽ പ്രകൃതിദൃശ്യങ്ങളും കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഈ ചിത്രങ്ങൾ രചിച്ചിട്ടുള്ളതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചിത്രകാരനായ കൊല്ലം സ്വദേശി മരിയാൻ മേസ്ത്രിക്ക് ആയിരം ചക്രം പ്രതിഫലം നൽകിയിട്ടുള്ളതായി പള്ളി രേഖകളിൽ കാണുന്നു. പഴയപള്ളിയിലെ യോഹന്നാൻ മുത്തപ്പന്റെ ചിത്രത്തിന് കെണ്ടൻ പൈലോ എന്നൊരു കലാകാരൻ പുതിയ ചായക്കൂട്ടുകൾകൊണ്ട് നിറംപിടിപ്പിച്ചതായും രേഖയുണ്ട്.

ചോരക്കുഴി

വർഷങ്ങൾക്കുമുമ്പ് ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി അർജ്ജുനമല എന്ന കുന്നിൽമുകളിലെത്തി. അവർ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടിൽ കുത്തി നോക്കിയപ്പോൾ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവർ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം. ശിവലിംഗത്തിൽ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം വന്നു ചേർന്ന സ്ഥലം 'ചോരക്കുഴി'യായി മാറി. അർജ്ജുനമലയുടെ തെക്കേ ചരുവിലാണ് ചോരക്കുഴി.

നാഞ്ചിനാട്ട് വെള്ളാളർ

കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോൽനോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാർ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കൻ തിരുവിതാംകൂറിൽ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിൻമുറക്കാരായ പത്തിരുപത് കുടുംബങ്ങൾ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവർ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.

നാടകക്കളരി

നാടകത്തെക്കുറിച്ച് ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾ എന്ന നിലയിൽ പരികല്പന ചെയ്യപ്പെട്ട നാടകക്കളരി പ്രസ്ഥാനം 1967 ൽ ആണ് ഉടലെടുത്തത്. ആദ്യകളരി ശാസ്താംകോട്ടയിലും രണ്ടാമത് കളരി 1968 ൽ സി. ജെ. സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് വച്ച് കൂത്താട്ടുകുളം ഹൈസ്ക്കൂളിലും നടന്നു. ഒരാഴ്ചക്കാലം നീണ്ടുനിന്ന നടകക്കളരിക്ക് സി. എൻ. ശ്രീകണ്ഠൻ നായരും ജി. ശങ്കരപ്പിള്ളയും നേതൃത്വം നൽകി. ഡോ. കെ. അയ്യപ്പപ്പണിക്കർ, പ്രൊഫ. എൻ. കൃഷ്ണപിള്ള, അടൂർ ഗോപാലകൃഷ്ണൻ, കടമ്മനിട്ട രാമകൃഷ്ണൻ, മധു, ഭരത് ഗോപി, തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാർത്ഥികളാണ് അന്ന് കളരിയിൽ പങ്കെടുത്തത്. 1998 ൽ വീണ്ടും ഒരു നാടകക്കളരികൂടി കൂത്താട്ടുകുളത്ത് നടന്നു. ഭരത് ഗോപിയായിരുന്നു ആ കളരിയുടെ ഡയറക്ടർ.

നെല്ല്യക്കാട്ട് നവരാത്രി സ്വർണ്ണൗഷധ ചികിത്സ

നവരാത്രിയോടനു ബന്ധിച്ച് നെല്ല്യക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ എല്ലാവർഷവും സ്വർണ്ണൗഷധസേവ നടക്കുന്നു. ധന്വന്തരീമൂർത്തിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നതാണ് ഇവിടുത്തെ പ്രധാനവഴിപാട്. ജൈനമതവിശ്വാസികളുടെ ആരാധനാകേന്ദ്രമെന്നു കരുതുന്ന ഈ ഭഗവതീക്ഷേത്രം ഇന്ന് ഹൈന്ദവാരാധനാലയമാണ്.

പകുതിക്കച്ചേരിയും, രജിസ്ട്രാർ ആഫീസും

1880 കളിൽ തന്നെ കൂത്താട്ടുകുളത്ത് പകുതിക്കച്ചേരിയും, രജിസ്ട്രാർ ആഫീസും ആരംഭിച്ചിരുന്നു. ഇടപ്രഭുക്കൻമാരായിരുന്ന ആമ്പക്കാട്ട് കർത്താക്കളുടെ ഇടത്തിന് സമീപത്തുണ്ടായിരുന്ന മൺകോട്ടയ്ക്കടുത്തായിരുന്നു ആ കച്ചേരികൾ പ്രവർത്തിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം എം. സി. റോഡിനോട് ചേർന്ന് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് ആ കച്ചേരികൾ മാറ്റി. അക്കാലത്ത് ഈ കച്ചേരികളുടെ അധികാരപരിധി വളരെ വിപുലമായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഉഴവൂർ, വെളിയന്നൂർ, മുളക്കുളം വില്ലേജുകളും, തിരുവിതാംകൂറിന്റെ അതിർത്തിയായിരുന്ന പേപ്പതി മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങളും ഈ രജിസ്ട്രർ കച്ചേരിയുടെ പരിധിക്കുള്ളിലായിരുന്നു. ഇന്നത്തെ പാലക്കുഴ വില്ലേജ് കൂടി ഉൾപ്പെട്ടതായിരുന്നു പഴയ കൂത്താട്ടുകുളം പകുതി.

പൈറ്റക്കുളം

കൂത്താട്ടുകുളം ഗ്രാമത്തിലുള്ള ഒരു സ്ഥലമാണ് പൈറ്റക്കുളം. പന്തളാംകുന്ന കർത്താക്കളുടെ കളരിയിലെ പടയാളികൾ പൈറ്റുമുറകൾ അബ്യസിച്ചിരുന്ന പൈറ്റുകളമാണ് പൈറ്റക്കുളമായമായത്. വടകരയ്ക്കു തൊട്ടു ചേർന്നാണ് പൈറ്റക്കുളം.

പോലീസ് സ്റേഷൻ, കൂത്താട്ടുകുളം

1903 ൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ കെട്ടിടം

ഒരു നൂറ്റാണ്ട് മുൻപ് നിർമ്മിച്ചതാണ് (1902) കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ ഇന്ന് കാണുന്ന ഓട് മേഞ്ഞ വലിയ കെട്ടിടം. 1946 മുതൽ 52 വരെയുള്ള കാലത്ത് സ്വാതന്ത്യ്ര സമര സേനാനികളുടെയും, കമ്മ്യൂണിസ്റ് പോരാളികളുടെയും മേൽ നടന്ന ക്രൂരമായ മർദ്ദനങ്ങൾക്ക് സാക്ഷ്യം വഹിച്ച കുപ്രസിദ്ധമായ ഈ പോലീസ് സ്റേഷൻ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ അതിർത്തിയും പിറവത്തിനപ്പുറത്ത് പേപ്പതി വരെയായിരുന്നു. ഇടക്കാലത്ത് ഇവിടെ ആരംഭിച്ച സെക്കന്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി കേരളപ്പിറവിക്കുശേഷം നിർത്തലാക്കി.

മഹാദേവക്ഷേത്രം, കൂത്താട്ടുകുളം

കൂത്താട്ടുകുളം മഹാദേവക്ഷേത്രം

ജീർണ്ണ പ്രായമായിക്കൊണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യൻ ദളവയാൽ പുതുക്കി പണിയിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ദാരുശിൽപ്പങ്ങളും മറ്റു നിർമ്മാണങ്ങളും ആകർഷണീയങ്ങളും പഠനാർഹങ്ങളുമാണ്. ഇവിടെ രാമായണ കഥ തടിയിൽ കൊത്തിവച്ചിട്ടുള്ളത് കാലപ്പഴക്കത്താലും സംരക്ഷണക്കുറവുകൊണ്ടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് കൂത്താട്ടുകുളത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കളുടെ നല്ലൊരുഭാഗം ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയരേഖകൾ കാണിക്കുന്നത്.

മുത്തലപുരം

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മുത്തലപുരം. മുത്തൻ, മുത്തളൻ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു.

മോനിപ്പള്ളി

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലമാണ് മോനിപ്പള്ളി. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.

രാമായണ ശില്പങ്ങൾ

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലെ രാമായണകഥാദാരുശില്പങ്ങൾ

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കുമുള്ള ബലിക്കൽപുരയുടെ മേൽമച്ചിലും വശങ്ങളിലുമായി കൊത്തിവച്ചിട്ടുള്ളവയാണ് രാമായണകഥാ ശില്പങ്ങൾ.

വടകര

നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി.

വടകരപ്പള്ളി

കൂത്താട്ടുകുളത്തെ ചിരപുരാതനവും, പ്രശസ്തവുമായ ക്രിസ്ത്യൻ ദേവാലയമാണ് വടകരപ്പള്ളി. പത്താംനൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിലാണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. വടകര എന്ന സ്ഥലപ്പേരിനെക്കുറിച്ചും വടകരപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും നിലവിലുണ്ട്. 1653 ലെ കൂനൻകുരിശ് സത്യത്തെതുടർന്ന് കേരളത്തിലെ ക്യസ്ത്യാനികൾ പുത്തൻ കൂറെന്നും, പഴയകൂറെന്നും വേർപിരിഞ്ഞെങ്കിലും ഇവിടെ ഇരുവിഭാഗവും നൂറ്റി ഇരുപത്തിയഞ്ച് വർക്ഷം മാതൃ ദേവാലയത്തിൽ തന്നെയാണ് ആരാധന നടത്തിയിരുന്നത്. പേർഷ്യൻ വാസ്തുശില്പമാതൃകയിൽ നിർമ്മിച്ചിട്ടുള്ള പുരാതന ദേവാലയം പുത്തൻകൂർവിഭാഗത്തിന്റെ കൈവശമാണ്.

വിളക്കുപള്ളി

ആയിരം തിരി തെളിക്കുന്ന വിളക്ക്

കൂത്താട്ടുകുളത്തെ ഹോളി ഫാമിലി ചർച്ച ആണ് 'വിളക്കുപള്ളി' എന്നറിയപ്പെടുന്നത്. ആയിരക്കമക്കിന് ഭക്തജനങ്ങളെ ആകർഷിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന ദേവാലയമാണിത്. യൂദാശ്ലീഹായുടെ നൊവേന പ്രാർത്ഥനയാണ് ഇവിടെ പ്രധാനം. പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള 1001 തിരിയുള്ള എണ്ണവിളക്കുതെളിക്കൽ പ്രധാന നേർച്ചയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഓട്ടുവിളക്കാണിതെന്നാണ് വിശ്വാസം.

വെർണാകുലർ സ്കൂൾ

കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെർണാകുലർ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. അതിന് മുൻപ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേൽ ആശാന്റേയും, പടിഞ്ഞാറേൽ ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികൾ. കൂത്താട്ടുകുളത്ത് ആരംഭിച്ച വെർണാകുലർ സ്കൂൾ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കൻപറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകൾ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ വിദ്യാർത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേൽ ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാർക്കറ്റ് റോഡിനും ഇടയിൽ ആദ്യത്തെ അങ്ങാടിയോട് ചേർന്നായിരുന്നു ആ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌൺഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂൾ എതാനും വർഷങ്ങൾക്ക് ശേഷം ടൌൺസ്കൂളിൽ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂൾ റോഡിൽ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റർ നിർമ്മിക്കുന്നതുവരെ ആ സ്കൂൾ കെട്ടിടം അവിടെ നിലനിന്നിരുന്നു.

ശ്രീധരീയം

ശ്രീധരീയം നേത്രചികിത്സാ കേന്ദ്രം

കൂത്താട്ടുകുളം ഗ്രാമത്തിന്റെ യശസ്സ് ലോകമെമ്പാടും എത്തിച്ച നേത്രരോഗ ചികിത്സാകേന്ദ്രവും ഗവേഷണകേന്ദ്രവുമാണ് 'ശ്രീധരീയം'. ഇന്ത്യയുടെ നാനാഭാഗത്തുനിന്നെന്നപോലെ അനേകം വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ ചികിത്സതേടി ഇവിടെയെത്തുന്നു. ഭാരതത്തിന്റെ സ്വന്തം ആയുർവ്വേദചികിത്സാരീതിയനുസരിച്ച് നേത്രരോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്. 2009 ൽ കേന്ദ്ര ഗവൺമെന്റ് 'ആയുഷ്' ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുകയും പ്രവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്.

സത്രം

രാജഭരണകാലത്ത് സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി കൂത്താട്ടുകുളത്ത് ഒരു സത്രം നിർമ്മിച്ചിരുന്നു. ഇപ്പോൾ ടൗൺ ഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അത്. ക്രമേണ ടി. ബി.യായി ഓണംകുന്ന് ദേവീക്ഷേത്രത്തിനു തെക്കേ കുന്നിലേക്ക് അത് മാറ്റി സ്ഥാപിച്ചു.

സി.എസ്സ്.ഐ. ദേവാലയം

ഓണംകുന്ന് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന സി.എസ്സ്.ഐ. ദേവാലയം ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്.

സി. ജെ. തോമസ്

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (നവംബർ 14, 1918 - ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

1918–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർ‍ന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർ‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർ‍ത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുൻ‍നിരയിൽ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നു സിജെയെന്നാണു് സുകുമാർ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.1960 ജൂലൈ 14-ന്‌ 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു.

സി. ജെ. സ്മാരക ഗ്രന്ഥശാല

സി. ജെ. സ്മാരക മന്ദിരവും ലൈബ്രറിയും

കൂത്താട്ടുകുളത്ത് സി. ജെ.യുടെ പേരിൽ ആദ്യമുണ്ടായ സ്മാരകമാണ് സി. ജെ. സ്മാരക ഗ്രന്ഥശാല. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ലൈബ്രറി 1960 ൽ സി. ജെ.യുടെ നിര്യാണത്തെ തുടർന്ന് സി. ജെ. സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്യുകയാണുണ്ടായത്. ഇപ്പോൾ സി. ജെ. സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറി താലൂക്കിലെ മികച്ച ലൈബ്രറികളിൽ ഒന്നാണ്.

ഹൈസ്ക്കൂൾ, കൂത്താട്ടുകുളം

1938-ൽ ആരംഭിച്ച ഹിന്ദു മിഷൻ മിഡിൽസ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂൾ. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തിൽ അധസ്ഥിതർക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവൻ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയിൽ ആരംഭിച്ച സ്കൂളിൽ നാനാ ജാതികളിലും പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു.

ചിത്രശേഖരം