"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം/ചരിത്രവഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം/ചരിത്രവഴിയിലൂടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
09:02, 17 ജൂലൈ 2024-നു നിലവിലുള്ള രൂപം
ബാലികാമഠത്തിന്റെ ചരിത്രം കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തോട് കണ്ണി ചേർന്നു നിൽക്കുന്നു. കേരളത്തിൽ നവോത്ഥാനത്തിന്റെ കാറ്റ് വീശുകയും വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു കയറ്റം ഉണ്ടാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആനി ബസന്റ് രൂപം നൽകുകയും ഒക്കെ ചെയ്തത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ആയിരുന്നു. കേരളത്തിലെ നവോത്ഥാന നായകന്മാരായ മഹാനായ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു. വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക ജീവിതത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.