"സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് /അക്ഷരവൃക്ഷം/ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(corrected) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 175: | വരി 175: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Sreejaashok25| തരം= ലേഖനം }} |
12:39, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക്
1. ആമുഖം
പകർച്ചവ്യാധികൾ ജനജീവിതത്തെ നോക്കുകുത്തികൾ ആക്കുകയും ലോകസാമ്പത്തിക ശക്തികളെ നിസ്സഹായരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി ചികുൻഗുനിയയും ഡെങ്കിപ്പനിയും നിപ്പയും ഏറ്റവുമൊടുവിൽ കോവിഡ് 19 ഉം ഡെമോക്ലസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് നാം. എന്നാൽ ഓരോ വെല്ലുവിളികൾക്കിടയിലും അസാധാരണമായൊരു ചെറുത്തു നിൽപ്പും കേരള മാതൃകയും ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. അതിജീവനത്തിൻ്റെ കൈപിടിച്ച് മുന്നേറുന്ന കേരളമാതൃകയെ കേവലം രണ്ട് മാസത്തെ കൊറോണാക്കാലത്തും ലോകജനത അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിക്കുമ്പോഴും അതിജീവന പട്ടികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ജീവിതശൈലി കുറ്റമറ്റതല്ല എന്ന് കൂടി നാം ഓർമ്മിക്കേണ്ടതുണ്ട്. ആരോഗ്യത്തിൻ്റെ കേരള മാതൃകയെ സാമൂഹിക നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള നല്ല ആരോഗ്യം എന്ന് വിശേഷിപ്പിക്കുമ്പോൾ കേരളത്തിൻ്റ പുരോഗമന ചിന്തകൾക്ക് എതിരാളികളായി നമ്മുടെ ശുചിത്വശീലങ്ങൾ നിൽക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ മാത്രം ശുചിത്വ ചിന്തകൾ ഇടം പിടിക്കുമ്പോൾ അത് ആരോഗ്യത്തെയും മാനവവിഭവശേഷിയെയും സാരമായി ബാധിക്കും എന്ന് നാം എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കടലുകൾ താണ്ടി കേരളത്തിൻറെ മണ്ണിൽ എത്തിയ കൊറോണ ആരോഗ്യ മേഖലയ്ക്കും ജനജീവിതത്തിനു മുന്നിലും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. ഇവിടെയാണ് ശുചിത്വ ശീലങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധം പ്രസക്തമാകുന്നതും പുനർവിചിന്തനം ചെയ്യപ്പെടേണ്ടതും.
2. കോവിഡ് ഉയർത്തുന്ന വെല്ലുവിളി
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ലാറ്റിനിൽ ഈ പദത്തിന് 'വിഷം' എന്നാണ് അർത്ഥം. ഈ കുടുംബത്തിലെ ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള വൈറസാണ് കൊറോണ വൈറസ്. 2019 ൽ ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടപ്പോൾ, അത് 2020 മാർച്ച് 12 ആകുമ്പോഴേക്കും ലോകത്തെ വെല്ലുന്ന മഹാമാരിയായി പ്രഖ്യാപിക്കപ്പെടുമെന്ന് നാം തിരിച്ചറിഞ്ഞിരുന്നില്ല. ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും വെല്ലുവിളിച്ച് അത് ഇന്ന് ദശലക്ഷക്കണക്കിന് രോഗികളെ സൃഷ്ടിക്കുകയും ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരിക്കുന്നു.
നാലാം വ്യവസായ വിപ്ലവത്തിൻ്റെ ഈ കാലഘട്ടത്തിൽ ഒരു വൈറസിന് ലോകത്തെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞുവെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. 1930 കൾക്ക് ശേഷം ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന് കൂടി കൊറോണക്കു മുന്നിൽ സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് lMF ചൂണ്ടിക്കാട്ടുന്നു. ചൈനയും ഇറ്റലിയും അമേരിക്കയും ബ്രിട്ടനും മാത്രമല്ല, ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും അതിൻ്റെ ഇരകളായി മാറുകയാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ താമസിക്കുന്ന കേരളം അതിജാഗ്രതയോടെ കോവിഡിനെ നേരിടുമ്പോൾ എന്തുകൊണ്ടാണീ രോഗവ്യാപനം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അഥവാ, കോവിഡ് ഉയർത്തുന്ന പാഠങ്ങളും വെല്ലുവിളികളും വളരെ ഉയരങ്ങളിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
3. ശുചിത്വവും ആരോഗ്യവും: കണക്കുകളിലൂടെ, പഠനങ്ങളിലൂടെ....
ഈയൊരു സാഹചര്യത്തിൽ നമ്മുടെ ശുചിത്വവും അവയുടെ കണക്കുകളും പഠനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലൂടെയൊന്ന് കണ്ണോടിച്ചാൽ 2.3 ബില്യൺ ആളുകൾക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ജല സേവനങ്ങൾ ലഭ്യമല്ല എന്നാണ് കണക്കുകൾ. 900 ദശലക്ഷം ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നവരാണ്. 844 ദശ ലക്ഷം ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടു കൾ അനുസരിച്ച്, പരസ്പരബന്ധിതമായ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ആഗോള രോഗത്തിന്റെ 9 ശതമാനവും, എല്ലാ മരണങ്ങളുടെയും 6 ശതമാനവും തടയാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.
ഇവിടെ തിരുവനന്തപുരം ജില്ലയിൽ ഞാൻ നടത്തിയ രണ്ടു പഠനങ്ങൾ കൂടി ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു. കരകുളം പഞ്ചായത്തിലെ 110 വീടുകളിൽ നടത്തിയ ഒരു ആരോഗ്യ സർവ്വേയിൽ, 56 ശതമാനം ആളുകൾ ശുദ്ധീകരിച്ച വെള്ളമല്ല കുടിക്കുന്നത് എന്നും, 31 ശതമാനം പേർ കൊതുകു നിയന്ത്രണത്തിനായി ഒരു മാർഗ്ഗവും സ്വീകരിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 22 ശതമാനം പേർ സോപ്പിട്ട് കൈ കഴുകുന്ന ശീലം ഇല്ലാത്തവരാണെന്നും 42 ശതമാനം പേർ വല്ലപ്പോഴും മാത്രം അത്തരത്തിൽ കൈ കഴുകൽ ശീലമുളളവരാണെന്നും കാണാൻ കഴിഞ്ഞു. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് നടത്തിയ 'ഒരു ചുവട് ശുചിത്വനഗരത്തിലേക്ക് 'എന്ന എന്റെ പഠനത്തിൽ നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഡസ്റ്റ് ബിന്നുകൾ എന്നിവ ആവശ്യത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മാലിന്യനിർമാർജന സൗകര്യങ്ങൾ അപര്യാപ്തമെന്ന് 92 ശതമാനം യാത്രക്കാർ അഭിപ്രായപ്പെട്ടു.ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സമ്പൂർണ്ണ ശുചിത്വമുള്ളതല്ല എന്ന് 84 ശതമാനം പേർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് നമ്മുടെ നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ശുചിത്വം നിലവാരത്തിലെ അപര്യാപ്തകളാണ്
നീതി ആയോഗിൻ്റെ കണക്കനുസരിച്ച് 2017ൽ സുരക്ഷിതമായ കുടിവെള്ളലഭ്യതയുടെ കാര്യത്തിൽ കേരളം സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലാണ് എന്ന് കാണാം. മാത്രവുമല്ല മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകളിൽ നമ്മുടെ കരമനയാറും പമ്പയും ഉൾപ്പെടെയുള്ള നദികൾ ഏറെ മലിനമായ നദികളുടെ പട്ടികയിലും ആണെന്നത് നമ്മുടെ ശുചിത്വ നിലവാരത്തിൻ്റെ അവസ്ഥ വെളിപ്പെടുത്തുന്നതാണ്.
4. കൊറോണക്കാലത്തെ ശുചിത്വ ശീലങ്ങൾ
മുകളിൽ സൂചിപ്പിച്ച പഠനങ്ങളിൽ നിന്നും പ്രസക്തവും വ്യക്തവുമാണ്, (കൊറോണ ലോകഭൂപടത്തിൽ പടർന്ന് പിടിക്കുമ്പോൾ പ്രത്യേകിച്ചും) നമ്മുടെ ശുചിത്വശീലങ്ങളും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം. ശുചിത്വശീലങ്ങളുടെ അഭാവവും വൃത്തിഹീനമായ പ്രവർത്തികളും വൈറസ് വ്യാപനം സുഗമമാക്കുന്നു എന്നു പറയുന്നതിനു പകരം, ശുചിത്വ നടപടികൾ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നു പറയുമ്പോൾ അതിൽ പ്രത്യാശ കൂടി ചേർന്നിരിക്കുന്നു എന്ന് കരുതണം. ചുമ, തുമ്മൽ, തുപ്പൽ എന്നിവ മൂലം വൈറസ് വായുവിലൂടെ പകരുന്നു. വൈറസ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും പരസ്പര അകലം പാലിക്കാത്തതിലൂടെയും വൈറസ് ഒരു സ്ഥിരതയില്ലാത്ത വാടകക്കാരനെ പോലെ വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നത് 5 സെക്കൻഡ് പോലും നീണ്ടു നിൽക്കാത്ത ഒരു ചടങ്ങ് മാത്രമായി നാം ശീലിക്കുമ്പോൾ, പകർച്ചവ്യാധികൾ നമ്മെ കീഴടക്കുന്നതിൽ അതിശയോക്തിയില്ല. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുൻകരുതലുകൾ എടുക്കണം എന്ന് പറയുന്നതിനെ പുച്ഛിച്ചുതള്ളി രോഗത്തെ മറ്റുള്ളവർക്ക് വിളമ്പി കൊടുക്കുന്നവരും വൈറസ് വ്യാപനത്തിന് തീ കൊളുത്തുന്നു. ഇവിടെയാണ് മനുഷ്യരാശിക്ക് കൊറോണക്കാലം ഒരു പാഠമാകുന്നത്.
ഇവിടെ, നാം കാട്ടുന്ന ജാഗ്രതയും ബോധവൽക്കരണവും വലിയ ശതമാനം ആളുകളിലും പടർന്നിട്ടുണ്ട്. കേരളം അനുവർത്തിക്കാൻ തയ്യാറായ ഇത്തരം ചെറിയ വലിയ ശുചിത്വ ശീലങ്ങൾ, ഈ മഹാമാരിയെ തുരത്താൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. അതു തന്നെയാണ് ലോകത്തിനുമുന്നിൽ കേരളത്തെ ശിരസ്സുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുന്നതും . ഹസ്തദാനം ചെയ്യുന്നതിനുപകരം ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായ കൈ കൂപ്പി നമസ്കരിക്കുക എന്നതിലെ ശുചിത്വ പൂർണമായൊരു സാമൂഹിക അകലം പാലിക്കൽ ഇന്ന് ലോകജനതയും ഏറ്റെടുത്തിരിക്കുകയാണ്.ചുരുക്കത്തിൽ, നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റാൻ ഒരു വൈറസിന് കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാൻ. തീരുന്നില്ല, പകർച്ചവ്യാധികൾ ഒന്നിനു പുറകേ ഒന്നായി വരുമ്പോൾ പുതിയ ശുചിത്വശീലങ്ങളെ പറ്റിയും ആരോഗ്യരംഗത്ത് വരുത്തേണ്ട പുതിയ മാറ്റങ്ങളെ പറ്റിയും നാം ചിന്തിക്കേണ്ട സമയമായിരിക്കുന്നു, ഈ കൊറോണക്കാലത്ത്.
5. വൺ ഹെൽത്തും (One Health) മാറേണ്ട ശുചിത്വ കാഴ്ചപ്പാടുകളും
കൊറോണനന്തര ജീവിതത്തെപ്പറ്റി നാം ചിന്തിച്ചു തുടങ്ങുമ്പോൾ, നമ്മുടെ വികസന- ശുചിത്വ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. പ്രത്യേകിച്ച്, വ്യക്തി ശുചിത്വത്തിന് പുതിയ വ്യാഖ്യാനങ്ങൾ ലഭിക്കുന്നുണ്ട്. ശുചിത്വവും ആരോഗ്യവും തമ്മിൽ ബന്ധം ഉള്ളതുകൊണ്ട് തന്നെ ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുമ്പോൾ ആരോഗ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറുന്നു. ഇവിടെയാണ് 'one health' എന്ന ആശയം ഏറെ പ്രസക്തമാകുന്നത്. പൊതുജനാരോഗ്യം, ജീവ ജാലങ്ങളുടെ ആരോഗ്യം, പ്രകൃതിയുടെ ആരോഗ്യം, എന്നീ 3 ഘടകങ്ങളെ ആസ്പദമാക്കിയുള്ള ഒരു ആശയം ആണിത്. ഇവിടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മനുഷ്യൻ്റെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെയും പ്രകൃതിയുടേയും ആരോഗ്യം കണക്കിലെടുക്കേണ്ടതുണ്ട്. മനുഷ്യനും പ്രകൃതിയുമായുള്ള സമ്പർക്കം ഏറിയതിനാലും, ഭൗതിക പ്രതിഭാസങ്ങൾ മനുഷ്യനെ ബാധിക്കുന്നതിനാലും, മനുഷ്യൻ പ്രകൃതിയിലേക്ക് നാൾക്കുനാൾ കടന്നുകയറുന്നതിനാലും പ്രകൃതിയുടെ ആരോഗ്യം മനുഷ്യൻ്റെ ആരോഗ്യത്തെയും ബാധിക്കുന്നു. മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പര ബന്ധിതമാണ് എന്ന വലിയ ആശയമാണ് വൺ ഹെൽത്ത് മുന്നോട്ടുവയ്ക്കുന്നത്.
ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇത്തരത്തിലുള്ള ഒരു ശുചിത്വ ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറെ സഹായകരമാണ്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തും. മാത്രവുമല്ല, ആ ലക്ഷ്യങ്ങൾ 2030 ആകുമ്പോഴേക്കും വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കാനും അതുവഴി മരണങ്ങളുടെയും രോഗങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും പര്യാപ്തമാണ്. താളം തെറ്റിയ നിലവിലെ വികസന കാഴ്ചപ്പാടിന് പകരം 1987 ലെ ബ്രണ്ട് ലാൻ്റ് കമ്മീഷൻ മുന്നോട്ടുവെച്ച സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലേക്കുള്ള തിരിച്ചു പോക്കും കൊറോണാനന്തര കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.
6. പുതിയ ശുചിത്വശീലങ്ങൾ തന്ത്രങ്ങൾ
ശുചിത്വശീലങ്ങൾ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സഹായകമായതിനാൽ പുതിയ ശുചിത്വ ശീലങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കേണ്ടത് ഇക്കാലഘട്ടത്തിൽ അനിവാര്യമായിരിക്കുന്നു.
1. പരിസരശുചിത്വം നാം മറന്നു പോകുമ്പോൾ മാലിന്യ കൂമ്പാരങ്ങൾ വളരുമ്പോൾ മാലിന്യത്തിന്റെ ലഭ്യതയും ഉപയോഗവും സാധ്യതകളും നാം തിരിച്ചറിയേണ്ടതുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയാതെ ക്രിയാത്മകമായും ശാസ്ത്രീയമായും പുനരുപയോഗം ചെയ്യാൻ കഴിഞ്ഞാൽ അത് വിഭവമായി മാറും. മാലിന്യം വിഭവമാണ് എന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനമായ ശുചിത്വശീലം
2. മാലിന്യ വിഭവഭൂപടം തദ്ദേശീയമായി നിർമ്മിക്കുന്നതിന് മുൻഗണന നൽകണം. ഉപയുക്തത, ലഭ്യത, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കി മാലിന്യ വിഭവഭൂപടം തയ്യാറാക്കാം. ഇത് ഒരു പുതിയ കേരളം സൃഷ്ടിക്കുമ്പോൾ ആരോഗ്യമേഖലയ്ക്ക് ഊന്നുവടിയായി തീരും.
3. ആരോഗ്യമുള്ള ഒരു കേരളത്തിനിനി വേണ്ടത് വ്യക്തമായ സെപ്റ്റേജ് മാനേജ്മെൻറ് കാഴ്ചപ്പാടുകളാണ്. പൊതുഇടവിസർജന നിർമ്മാർജനത്തിൽ നാം നേട്ടം ഉണ്ടാക്കിയെങ്കിലും സെപ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് സംവിധാനം ഇനിയും മാറേണ്ടിയിരിക്കുന്നു.
4. കോവിഡ് ലോകരാഷ്ട്രങ്ങളുടെ വികസന കാഴ്ചപ്പാടിൽ വരുത്തിയ തിരുത്തൽ ശ്രദ്ധേയമാണ്. വലിയ സംരംഭങ്ങൾ മാത്രമല്ല, അടിസ്ഥാനപരമായ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളും അനിവാര്യമാണ് എന്ന തിരിച്ചറിവിൽ ഭാവിയിലേക്കുള്ള വികസന തന്ത്രങ്ങൾ രൂപീകരിക്കണം
5. പരിസരം - ആരോഗ്യം - ശുചിത്വം എന്നീ പാഠങ്ങൾ പ്രാഥമിക തലത്തിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി, കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യണം.
6. പ്രീപ്രൈമറി, പ്രൈമറി, അംഗൻവാടി കുട്ടികളിൽ ശുചിത്വ ശീലങ്ങൾ പഠിപ്പിക്കാൻ കഴിയുന്ന വിധത്തിൽ പസിലുകളും, മൊബൈൽ ഗെയിമുകളും കളികളും സൃഷ്ടിക്കുകയും അവ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യണം.
7 .സാമൂഹിക അകലം പാലിക്കുന്നത് ബന്ധങ്ങൾക്ക് തടസ്സമാകാതെ, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണം
7. കുട്ടികളിൽ നിന്നും തുടങ്ങാം
പകർച്ചവ്യാധികളെ തടയുന്നതിനും ആരോഗ്യ കേരളത്തെ ശക്തിപ്പെടുത്തുന്നതിനും കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം. മുതിർന്നവരെ പഠിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം കുട്ടികളെ പഠിപ്പിക്കുകയാണെന്ന തിനാൽ ഇനി പറയുന്നവ ശ്രദ്ധിക്കാവുന്നതാണ്.
1. പകർച്ചവ്യാധികളെ തടയുവാനും വ്യക്തി ശുചിത്വം എന്തെന്ന് മനസ്സിലാകുന്നതുമായ രീതിയിൽ സ്കൂളുകളിൽ ആരോഗ്യ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കണം
2. എന്താണ് ശുചിത്വം, അത് എങ്ങനെ സാധ്യമാക്കാം, ശുചിത്വ ശീലവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം, വൺ ഹെൽത്ത് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സെമിനാറുകൾ നടത്താം
3. ശുചിത്വം, ആരോഗ്യം എന്നിവ മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന വിധത്തിൽ മൊബൈൽ ഗെയിമുകൾ ,ഷോർട്ട് ഫിലിമുകൾ എന്നിവസൃഷ്ടിക്കണം.
4. സ്കൂളുകളിൽ ശുചിത്വ നേതാക്കൾ ,ശുചിത്വ സേന എന്നിവരെ തിരഞ്ഞെടുക്കണം
5. ക്ലാസ് റൂം തലത്തിൽ ആരോഗ്യ അജണ്ടകൾ തീരുമാനിച്ചു നടപ്പിലാക്കണം
6. റോഡിൽ തുപ്പുന്നത് മുഴുവൻ കുട്ടികളും ഒഴിവാക്കുകയും അതുവഴി സമൂഹത്തെ പഠിപ്പിക്കുവാനുള്ള ഒരു മാർഗ്ഗമായി അതിനെ കാണുകയും ചെയ്യണം
7. വലിച്ചെറിയൽ ശീലം കുട്ടികൾ ഉപേക്ഷിക്കണം
8. പാഴ് വസ്തുക്കളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുക
9. കുട്ടികളുടെ മൂല്യ വർദ്ധിത ഉല്പന്നങ്ങൾക്ക് സ്കൂൾ തലത്തിൽ പ്രചാരം നൽകുക
10. കുട്ടികളെ ആരോഗ്യ ശുചിത്വ പരിപാടികളുടെ അംബാസിഡർമാരാക്കുക
ഇത്തരത്തിൽ, ശുചിത്വവും ആരോഗ്യവും ഇഴചേർന്നു കിടക്കുന്ന ഒരു വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കുകയും അതിൻ്റെ പ്രചാരകരായി കുട്ടികളെ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം
8. ഉപസംഹാരം
ചുരുക്കത്തിൽ ശുചിത്വശീലങ്ങളിലൂടെ ആരോഗ്യ കേരളത്തിലേക്ക് എന്ന ചവിട്ടുപടി കയറുമ്പോൾ എന്താണ്, എന്തിനാണ് ഒരു ആരോഗ്യ കേരളം എന്ന് നാമെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ക്രിയാത്മകവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ പകർച്ചവ്യാധികളെ നമുക്ക് നിയന്ത്രിക്കാൻ ആകണം. നിപ്പയുടെയും പ്രളയത്തിന്റേയും കാലത്ത് തലകുനിക്കാതെ ധീരമായി അതിജീവിച്ചു കൊണ്ട് നാം കെട്ടിപ്പടുത്ത ആരോഗ്യ നേട്ടങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ ഈ കോവിഡ് കാലത്തും ചരിത്രം ആവർത്തിക്കപ്പെടേണ്ടതുണ്ട്. വ്യക്തമായ ശുചിത്വ കാഴ്ചപ്പാടുകളിലൂടെ ഒരു ആരോഗ്യകേരളം വാർത്തെടുക്കുവാനും കേരള മാതൃക സൃഷ്ടിക്കുവാനും നമുക്ക് കഴിയണം. മഹാമാരി ലോകത്തെ കീഴടക്കുമ്പോൾ, "നമ്മൾ അതിജീവിക്കും" എന്ന ആത്മവിശ്വാസം കേരളത്തിന് സൃഷ്ടിക്കാനാകണം. നാം ഉയർത്തുന്ന "ശുചിത്വ ശീലത്തിലൂടെ ആരോഗ്യ കേരളത്തിലേക്ക് " എന്ന മുദ്രാവാക്യം ഭാവി കേരളത്തിൻ്റെ മുഖമുദ്രയായി നമുക്ക് ഉയർത്തിപ്പിടിക്കാം ----പകർച്ചവ്യാധികൾ നമ്മെ കീഴടക്കാതിരിക്കാൻ....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം