"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/നമ്മുടെ ജീവലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

13:05, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ ജീവലോകം

നാം ജീവിക്കുന്ന മണ്ണും നമുക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുമുളള സർവ്വ സസ്യജന്തുജാലങ്ങളുമെല്ലാം പ്രകൃതിയുടെ അംശങ്ങളാണ് . ഒന്നുംതന്നെ പ്രകൃതിയിൽ നിന്ന് വേറിട്ട് ഉണ്ടാവുകയോ നശിക്കുകയോ ചെയ്യുന്നില്ല . ഭൂമിയിലെ ജീവൻ നിലനിർത്തുന്ന വൃക്ഷലതാദികളുടെ തന്നെ കാര്യമാവട്ടെ മണ്ണിൽ നിന്നും രൂപം കൊണ്ട് , മണ്ണിന്റെ ആഴങ്ങളിലുടെ വേരോടിച്ച് , ഭൂമിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ് അവൾ നൽകുന്നതെല്ലാം സ്വീകരിച്ച് അവിടുത്തെ സന്തുലിതാവസ്ഥ നിലനിർത്തുകയും തന്റെ കൃത്യനിർവ്വഹണത്തിനു ശേഷം അവളിലേക്കു തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു . മക്കളില്ലാത്ത വിഷമത്താൽ ഭൂമി കരഞ്ഞു കരഞ്ഞ് ആ കണ്ണുനീർ ഒരു പുഴയായി ഒഴുകി ഒരു വലിയ ജലാശയമായി രൂപപ്പെട്ടു . ആ ജലാശയത്തിൽ നിന്ന് ജീവന്റെ ആദ്യത്തെ തുടിപ്പ് രൂപപ്പെട്ടു. പിന്നീട് വൈവിധ്യമാർന്ന ജീവജാലങ്ങളാൽ ഭൂമി സമൃദ്ധമായി . ആ ജൈവവൈവിധ്യം മനുഷ്യർ വരെ എത്തി നിൽക്കുന്നു . "കാര്യങ്ങളുടെ വെളിച്ചത്തിലേക്ക് പുറത്ത് വരിക , പ്രകൃതി നിങ്ങളുടെ ഗുരുവാകട്ടെ " എന്ന വേഡ്സ്‌വർത്ത് വചനം പോലെ പ്രകൃതിയിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട് . ഒരു വിത്ത് മണ്ണിൽ മുളപൊട്ടിയാൽ അതിന്റെ നാമ്പ് ചെറിയ ചില്ലകളായി ആ ചില്ലകൾ വലിയ ശിഖരങ്ങളായും മാറും ; വേരുകൾ വിവിധ വീഥികളിലൂടെ സഞ്ചരിച്ച് ഇലകളുടെ എണ്ണം ഇരട്ടിച്ച് അങ്ങനെ പോവുകയും ചെയ്യും . ഇക്കാലമത്രയും അത് സൂര്യരശ്മികളും ലവണങ്ങളും ജലവും വായുവും തുടങ്ങി ധരണി നൽകുന്നതെല്ലാം സ്വീകരിച്ച് അവൾക്ക് തണലായി നിലകൊള്ളുന്നു . ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ ജീവവായു നൽകി ഭൗമജലം വറ്റിപോകാതെ കാത്തുസൂക്ഷിക്കുന്നു . ഒരു തരു നശിക്കുംവരെ അത് തന്റെ കർത്തവ്യം നിറവേറ്റികൊണ്ടിരിക്കുന്നു.ഇത് തണ് തന്നെ ആണ് പ്രകൃതി മനുഷ്യന് നൽകുന്ന പാഠം. തന്റെ മരണം വരെ മറ്റുളളവർക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുക എന്ന മഹത്തരമായ ജീവിതപാഠമാണ് പ്രകൃതി നൽകുന്നത്.പക്ഷേ ഇത്തരത്തിലുള്ള സങ്കല്പങ്ങൾ മനുഷ്യ ചിത്തങ്ങൾക്ക്‌ എന്നും കണ്ണെത്താദൂരത്താണ് . എന്നിരുന്നാലും ഇത്തരം ഭൂഷാത്മകമായ ചിന്തകൾ ഉൾക്കൊണ്ടു ജീവിക്കുന്ന ചുരുക്കം ചില മനുഷ്യർ നമുക്കിടയിലുണ്ട്.അവർക്ക് പ്രകൃതിയുടെ ഹൃദയം തോട്ടറിയാനാകുന്നു. "കേൾക്കുന്നവർക്ക് ഭൂമിയിൽ സംഗീതമുണ്ട്" എന്ന് വില്യം ഷേക്സ്പിയർ അഭിപ്രായപ്പെട്ടത് എത്രയോ സത്യമാണ് . പ്രകൃതിയെ കണ്ടും കേട്ടും ആഴത്തിൽ മനസ്സിലാക്കിയ മനുഷ്യർക്ക് മാത്രമേ പ്രകൃതിയുടെ അനുപമമായ ഈ മധുരധ്വനി ശ്രവിക്കാനാകു . ആ സംഗീതത്തിന്റെ അതുല്യത ഒരു മനുഷ്യന്റെ ശരീരത്തെയും ആത്മാവിനെയും ഒരുപോലെ കീഴ്പ്പെടുത്തുന്നു . പ്രകൃതിയിൽ നിന്നു മടങ്ങിവരാൻ പറ്റാത്തവിധം അത് ഒരാളെ ആകർഷിക്കുന്നു . അത് മനസ്സിന് അനുന്നയ സ്വഭാവമുള്ള ഒരനുഭൂതി നൽകുന്നു .

ദേവിക എം
9A കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം