ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യകരമായ ജീവിത്തിന് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് ശുചിത്വം. ഒരു വ്യക്തിയിൽ നിന്നാരംഭിച്ച് അയാളുടെ ഭവനത്തിലും അതിന്റെ ചുറ്റുപാടിലും ശുചിത്വം വ്യാപിക്കുന്നു. ഇതു വഴി ആരോഗ്യമുള്ള ഒരു സമുദായം രൂപംകൊള്ളുന്നു. ഏകദേശം 3 മാസക്കാലമായി ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന "കൊറോണ"എന്ന സാംക്രമിക രോഗം പരത്തുന്ന covid-19 എന്ന വൈറസിൽ നിന്ന് രക്ഷനേടാൻ ഏറ്റവും അഭികാമ്യം ശുചിത്വം എന്ന് എടുത്തുപറയുന്നു. ശുചിത്വത്തെ പ്രധാനമായി 3 തലങ്ങൾ ആയി തിരിക്കാം.

1) *വ്യക്തിശുചിത്വം*

ഏറെ മലിനീകരിക്കപ്പെട്ട ചുറ്റുപാടിലാണ് നാം ഇന്ന് ജീവിക്കുന്നത് പ്രത്യേകിച്ച് നഗരങ്ങളിലും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും എല്ലാവിധ മലിനീകരണത്തിൻെറയും കേന്ദ്രമാണ്. അതി സൂക്ഷ്മ ജീവികളായ വൈറസ്‌, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ മൂലം സംക്രമണം ചെയ്യപ്പെടുന്ന രോഗങ്ങൾ വരാതെയോ തന്നത്തന്നെ ശുചിയായി സൂക്ഷിക്കുന്നതിനെ ശുചി ത്വം എന്ന് പറയാം. ശരീരം നല്ല പോലെ സോപ്പിട്ടു കഴുകുക, കൈ കാലുകളിലെ നഖം വെട്ടുക, രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി കിടക്കുന്നതിന് മുമ്പും പല്ല് തേക്കുക, ഭക്ഷണതിന് മുമ്പും പിമ്പും നന്നായി കൈ കഴുകുക, ഇടക്കിടെ നല്ല സോപ്പോ ആൽക്കഹോൾ അടങ്ങി യ അണുനാശിനിയോ ഉപയോഗിച്ച് കൈയുടെ ഉൾഭാഗവും പുറം ഭാഗവും വിരലുകളുടെ ഇടയിലും നന്നായി കഴുകുക, കൈകൾ കൊണ്ട് ഇടക്കിടെ മുഖത്തു സ്പർശികാത്തിരിക്കുക, ഏറ്റവും കൂടുതൽ സ്പർശന സാധ്യത ഉള്ള സ്ഥലങ്ങളിൽ സ്പർശി കാത്തിരിക്കുക തുടങ്ങി യവ കോവിഡ് 19, കോളറ, ബാക്‌ടീരിയ ഹെർപിസ് തുടങ്ങിയ മാരക രോഗങ്ങൾ പടർത്തുന്ന സൂക്ഷ്മ ജീവികൾ നമ്മുടെ ശരീരത്തിൽ കയറി കൂടുന്നതിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. ബഹുജന സാധ്യത ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നല്ലതരം മാസ്ക് ധരിച്ചു പോവുക. തുമ്മുമ്പോഴോ , ചുമയ്ക്കുമ്പോഴോ പരിസരത്തേക്കോ, മറ്റുള്ള വരിലേക്കോ ശരീരസ്രവങ്ങൾ തെറി ക്കാത്ത വിധത്തിൽ മാസ്‌കോ, ടവ്വലോ ഉപയോഗിച്ച് മറയ്ക്കുക കഴിവതും സാമൂഹിക അകലം പാലിക്കുക പരിസരങ്ങളിൽ തുപ്പുകയോ, മല മൂത്ര വിസർജനം ചെയ്യുകയോ അരുത് ഭക്ഷ്യവസ്തുക്കൾ എല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക വൃത്തിയുള്ളതും അല്പം അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. ഒരിക്കൽ മുഷിഞ്ഞവ അപ്പോൾ തന്നെ കഴുകി വെയിലത്തു ഉണക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കുക. കൃഷി ഇടങ്ങൾ, തൊഴുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പോകുമ്പോൾ നിർബന്ധമായും പാദരക്ഷ ധരിക്കുക ഇങ്ങനെ നാം രാവിലെ ഉണരുന്നത് മുതൽ രാത്രി കിടക്കുന്നതുവരെ ശുചിത്വം ഒരു ശീലം ആക്കിയാലേ പറ്റു.

2)ഭവനശുചിത്വം

ശരീരം ശുചിയാക്കുന്ന അതേ ഗൗരവത്തിൽ വേണം നാം താമസിക്കുന്ന വീടായാലും ജോലി എടുക്കുന്ന സ്ഥലമായാലും ഉപയോഗിക്കുന്ന വണ്ടിയായാലും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത്. ശുചിത്വമുള്ള ശരീരം വൃത്തികെട്ട പരിസരത്തു ഇരിക്കുന്നത് നല്ലതല്ലല്ലോ. നാം ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, ഫാൻ, അലമാര തുടങ്ങിയ ഫർണിച്ചറുകളും പൊടിപടലങ്ങൾ പിടിക്കാതെയും, ചിലന്തി വല പിടിക്കാതെയും മറ്റു ജീവികൾ കൂടുകൂട്ടാതെയും സൂക്ഷിക്കണം. ആഹാരം പാചകം ചെയ്യുന്ന സ്ഥലവും, സാധനങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. തറകൾ നല്ല അണുനശീകരണ കഴിവുള്ള ലായനികൾ ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ശുചിത്വമുള്ള ഒരു ചുറ്റുപാടിൽ നമുക്ക് കഴിയാം.

3)പരിസരശുചിത്വം

സാംക്രമിക രോഗങ്ങളിൽനിന്ന് രക്ഷനേടാനും വരാതിരിക്കാനും പരിസരശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ പകർച്ച വ്യാധികൾക്ക് കാരണമാവുന്നത് വൃത്തികെട്ട ഒരു പരിസരമാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട, ടയറുകൾ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്. ചുറ്റുപാടുമുള്ള മരങ്ങളിൽ നിന്നും മറ്റും വീഴുന്ന ഇലകൾ, മരച്ചില്ലകൾ, പൂവുകൾ, കായ്കൾ തുടങ്ങിയവ കൂടിക്കിടന്നു ദുഷിക്കാതെ അപ്പപ്പോൾ കത്തിച്ച് കളയുന്നത് നന്നായിരിക്കും പട്ടി, പക്ഷി തുടങ്ങിയവയെ വളർത്തുന്ന കൂടുകളും അവയുടെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. മണ്ണിലേക്ക് ലയിച്ചു പോകേണ്ടവ ലയിച്ചു പോകാനും ലയിക്കാത്തവയും ദോഷം ചെയുന്നവയും നീക്കം ചെയ്യണം. പരിസര ശുചിത്വത്തിൽ ഈ കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ പ്രധാനമന്ത്രി 2014 ഒക്ടോബർ 2 മുതൽ (ഗാന്ധിജയന്തി) 2019 വരെ"സ്വച്ഛ് ഭാരത്" എന്ന ശുചിത്വ ദൗത്യം ഭാരതം മുഴുവൻ നടപ്പാക്കുകയുണ്ടായി.ഈ പദ്ധതി മുഖാന്തരം ഭാരത ജനതയിൽ ശുചിത്വ ശീലം വളർത്തിയെടുക്കാൻ ഒരു പരിധിവരെ സാധിച്ചു. കേരളത്തിൽ ശുചിത്വ വൽക്കരണവും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതവും ലക്ഷ്യമാക്കി"ശുചിത്വ മിഷൻ " എന്ന പേരിൽ 2004 മുതൽ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്.വ്യക്തി ശുചിത്വത്തിൽ നിന്ന് തുടങ്ങി സാമൂഹിക ശുചിത്വം വഴി ആരോഗ്യമുള്ള ഒരു ജനതയെ ഉണ്ടാക്കാൻ കഴിയും എന്ന് ഭരണകൂടങ്ങൾ തിരിച്ചറിയുകയും അതിനുവേണ്ടിയുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കിവരുന്ന ഈ കാലഘട്ടത്തിൽ നാമോരോരുത്തരും അതിനോട് പൂർണ്ണമായും സഹകരിക്കുകയും ശുചിത്വപൂർണമായ ഒരു പുതിയ ഇന്ത്യ കെട്ടി പണിയേണ്ടതിനും നമുക്ക് ഒന്നിച്ച് സഹകരിക്കാം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാൽക്കരിക്കപെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Amalraj B.K
9 B ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം