ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/എന്റെ ഗ്രാമം
ചേർത്തല ചരിത്രം- ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു.
ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.
കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല.കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ് പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ് ഇതിൽ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു.
ഇവിടുത്തെ ജനവാസത്തിന് ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്.
കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ.
1946ൽ നടന്ന പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. സ്വതന്ത്ര്യ തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരമാണ് പുന്നപ്ര വയലാർ സമരം.തുലാം 10 സമരം എന്നും ഇത് അറിയപ്പെടുന്നു. അമേരിക്കൻ മോഡൽ ഭരണ പരിഷ്ക്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാനാണ് സർ C P രാമസ്വാമി അയ്യർ. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഇതുമായി ബന്ധപ്പെട്ട് പ്രശസ്തമാണ്.
ചേർത്തല മുനിസിപ്പൽ ലൈബ്രറി, വേളോർവട്ടം ഭാവന തുടങ്ങി നിരവധി ഗ്രന്ഥശാലകൾ ചേർത്തലയിലുണ്ട്.ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ബോയ്സ് ഹൈസ്ക്കൂളാണ് ആദ്യത്തെ ഹൈസ്കൂൾ.1978 ൽ ഹൈസ്ക്കൂളായി ഉയർത്തിയ മുട്ടം ഹോളി ഫാമിലിയാണ് ആദ്യത്തെ എയ്ഡഡ് സ്കൂൾ.
ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്.
താലൂക്ക് - ചേർത്തല. വില്ലേജുകൾ -ചേർത്തല തെക്ക്, കൊക്കോതമംഗലം, വയലാർ കിഴക്ക്, തണ്ണീർമുക്കം വടക്ക് അസംബ്ലി മണ്ഡലം _ ചേർത്തല പാർലമെന്റു മണ്ഡലം - ആലപ്പുഴ. പ്രധാന വ്യക്തികൾ- സംഭാവനകൾ
വയലാർ രാമവർമ്മ - മലയാള സർഗ്ഗ ചേതനയുടെ പൂമുഖത്ത് മാനവീകതയുടെ ഹൃദയ സ്പന്ദനങ്ങളേയും പരുഷങ്ങളായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളേയും തന്റെ തൂലികയിലൂടെ സംവേദനം ചെയ്ത മഹാനായ കവി വയലാർ രാമവർമ്മ. അറിവിന്റെ ത്രോതസ്സിനെ തിരിച്ചറിയുന്നതിലൂടെ മാനവ സമൂഹത്തിന്റെ സന്മാർഗഭാവത്തെ തൊട്ടുണർത്താൻ കഴിയുമെന്നും അതിലൂടെ അനശ്വരമായ അശ്വമേധത്തിന് വഴിയൊരുക്കാമെന്നും തെളിയിച്ച ദീർഘദർശി.അശ്വമേധം, രാവണപുത്രി, സർഗ്ഗസംഗീതം, ആത്മാവിലൊരു ചിത, എനിയ്ക്കു മരണമില്ല തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത കവിതകളും, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ....., ചക്രവർത്തിനി....., ആയിരം പാദസരങ്ങൾ കിലുങ്ങി..... തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത സിനിമാ ഗാനങ്ങളും, സർവ്വ രാജ്യ തൊഴിലാളികളേ....., നഷ്ടപ്പെടുവാൻ ഒന്നുമില്ല....., തുടങ്ങിയവ അദ്ദേഹം എഴുതിയ വിപ്ലവഗാനങ്ങളുമാണ്.
വയലാർ ശരത്ചന്ദ്രവർമ്മ മലയാള സിനിമാരംഗത്ത് ഒട്ടേറെ ഗാനങ്ങൾ ഒരുക്കിയ ഗാനരചയിതാവ്. എന്റെ പൊന്നു തമ്പുരാൻ തുടങ്ങി ക്ലാസ്സ്മേറ്റ്സ്, നീല താമര, മിഴി രണ്ടിലും അങ്ങനെ നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ മിഴി രണ്ടിലും എന്ന ഗാനം ഏറെ പ്രശംസ നേടിയിട്ടുണ്ട്.
രാഷ്ട്രീയ പ്രമുഖർ. കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ A K ആന്റണി, മന്ത്രിമാരായിരുന്ന ശ്രീ വയലാർ രവി, ശ്രീമതി K R ഗൗരിയമ്മ എന്നിവർ ചേർത്തലയുടെ വികസനത്തിനായി വളരെയേറെ സംഭാവനകൾ നല്കി.ഇപ്പോഴത്തെ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ P തിലോത്തമൻ ചേർത്തലക്കാരനാണ്.