ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ഒര‍ു അണ‍ുവിന്റെ വിക‍ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ഒര‍ു അണ‍ുവിന്റെ വിക‍ൃതി


ഏഴ് ആകാശങ്ങൾക്കും അപ്പുറം അങ്ങ് സ്വർഗ്ഗ ലോകത്ത് ദൈവം തന്റെ സിംഹാസനത്തിൽ എന്തോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞാൽ പുതുവർഷം വരും ;അതിന്റെ ചില തിരക്കുകളിൽ ആയിരുന്നു മാലാഖമാർ ഒക്കെ . സ്വർഗ്ഗലോകം എന്നത്തെയും പോലെ ദൈവീകമായ ചൈതന്യത്തിൽ ജ്വലിക്കുന്നു. പുതുവർഷം വരുമ്പോൾ ഭൂമിയിൽ ഇറക്കാനുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യങ്ങൾ നോക്കുകയായിരുന്നു ഏദൻതോട്ടത്തിൽ കുറച്ചു മാലാഖമാർ . മേൽനോട്ടം വഹിച്ച ഗബ്രിയേൽ മാലാഖയും ഉണ്ടായിരുന്നു. പെട്ടെന്ന് ഗബ്രിയേൽ മാലാഖയെ ദൈവം വിളിപ്പിച്ചു.ഉടനെതന്നെ മാലാഖ ദൈവത്തിന്റെ സ്വർണ മണിമാളികയുടെ മുന്നിലെത്തി. മണിമാളികയുടെ മുന്നിൽ ഒരു സുന്ദരമായ അരുവി ഒഴുകുന്നുണ്ടായിരുന്നു .അതിൽ ധാരാളം താമരകളും അരയന്നങ്ങളും ഉണ്ടായിരുന്നു. സ്വർഗ്ഗ ലോകത്തെ താജ്മഹൽ ! മാലാഖ മാളികയുടെ മുന്നിലെത്തിയതും നവരത്നങ്ങൾ കൊണ്ടലങ്കരിച്ച പടുകൂറ്റൻ വാതിൽ തുറന്നു വന്നു. മണിമാളികയുടെ അകത്ത് പുറത്തേക്ക് കണ്ണു മഞ്ഞളിക്കുന്ന ദൃശ്യങ്ങളായിരുന്നു. സിംഹാസനത്തിൽ അശാന്തനായി ഇരിക്കുന്ന ദൈവത്തിനു മുന്നിൽ കുനിഞ്ഞു കൊണ്ട് മാലാഖ ആരാഞ്ഞു 'പ്രഭോ അങ്ങ് കൽപ്പിച്ചാലും'..... 'മനുഷ്യരുടെ കാര്യത്തിൽ നാം തികച്ചും അതൃപ്തനാണ് . ഞാൻ അവർക്ക് ആവശ്യത്തിലേറെ സുഖസൗകര്യങ്ങൾ നൽകി, പക്ഷേ അവർ ഒന്നിലും തൃപ്തി കൊള്ളുന്നില്ല. പണത്തിനുള്ള അവരുടെ ദാഹം കെടുന്നില്ല. തികച്ചും അത്യാഗ്രഹി കളും നന്ദികെട്ടവരും ആണ് അവർ. അവർ ഭൂമിയെ വേദനിപ്പിക്കുന്നു, എന്റെ മറ്റു സൃഷ്ടികളായ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നു . എൻറെ സൃഷ്ടികളിൽ ഏറ്റവും വലിയ അനുഗ്രഹം ആയ ബുദ്ധി ഞാൻ അവർക്ക് നൽകി ,എന്നിട്ടും......' ദൈവം പറഞ്ഞുനിർത്തി. 'അങ്ങ് അവരെ ശിക്ഷിക്കാൻ ആണോ ഉദ്ദേശിക്കുന്നത്? അങ്ങയുടെ കൽപന നിറവേറ്റാൻ ഞങ്ങൾ ഏതുനിമിഷവും തയ്യാറാണ്.' ഗബ്രിയേൽ മിതമായ ശബ്ദത്തിൽ പറഞ്ഞു. ദൈവം വീണ്ടും തുടർന്നു 'ഭൂമിയിൽ രക്തം ചീന്തുകയും ഭൂമിയെ വൃത്തിഹീനം ആക്കുകയും സഹജീവികളെ ദ്രോഹിക്കുകയും ചെയ്യുന്ന മനുഷ്യരെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ് . അവർ അവരുടെ തെറ്റുകളിൽ നിന്ന് തീർച്ചയായും പഠിക്കണം. സ്വർഗ്ഗ ലോകത്തിൽ വൈറസുകൾ സൂക്ഷിക്കുന്ന ലാബോറട്ടറിയിൽ നിന്നും കൊറോണാ വൈറസിനെ ഭൂമിയിലേക്ക് അയക്കണം'. ദൈവം ഗൗരവത്തിൽ പറഞ്ഞു. ആ സ്വരത്തിൽ കോപം ജ്വലിക്കുന്നുണ്ടായിരുന്നു . 'ആദ്യം എവിടെയാണ് കൊറോണാ വൈറസിനെ ഇറക്കേണ്ടത്?' ഗബ്രിയേൽ മാലാഖ ഉത്തരം തിരക്കി. ' ആദ്യം ചൈനയിൽ ആവട്ടെ' ഒരു നിമിഷം ആലോചിച്ചതിനു ശേഷം ദൈവം ആജ്ഞാ പിച്ചു.' മാലാഖമാർക്ക് എല്ലാം സന്ദേശം നൽകുക ഉടനെതന്നെ ഭൂമിയിലേക്ക് തിരിച്ചോളു, പക്ഷേ പുതുവർഷ ആരംഭത്തിന്റെ കാര്യത്തിൽ യാതൊരു ഭംഗവും പാടില്ല ' ദൈവം കൂട്ടിച്ചേർത്തു. ഉടനെതന്നെ ഭൂമിയിലേക്ക് പറന്ന് മാലാഖമാർ ദൈവത്തിന്റെ ആജ്ഞ നിറവേറ്റി. വൈകാതെ തന്നെ ഭൂമിയിൽ എമ്പാടും കൊറോണ വ്യാപിച്ചു. കോവിഡിന്റെ മറുമരുന്നിനായി മനുഷ്യർ നെട്ടോട്ടമോടി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഭൂമിയിലെ ശാസ്ത്രജ്ഞന്മാരെ വരെ കുഴപ്പത്തിലാക്കി കൊറോണ . ഭൂമിയിൽ മനുഷ്യജീവനുകൾ പൊഴിയാൻ തുടങ്ങി. മറു മരുന്നു കണ്ടുപിടിക്കാത്തതിനാൽ മനുഷ്യർ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടി. നിരന്തരം ശുചിത്വം പാലിക്കാനും തുടങ്ങി വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വം പാലിക്കാൻ ആരംഭിച്ചു. രോഗപ്രതിരോധത്തിനായി പല അടവുകളും പയറ്റി. വീടുകളിൽ തന്നെ അടച്ചിട്ടു അടയിരിക്കാൻ തീരുമാനിച്ചു . ഇതെല്ലാം ദൈവം സ്വർഗ്ഗ ലോകത്തിൽ ഇരുന്നു തന്നെ മാതൃക കണ്ണാടിയിലൂടെ കണ്ടു. വീട്ടിൽ അടഞ്ഞിരിക്കുന്ന കുട്ടികളുടെയും രോഗബാധിതരുടെയും അവരുടെ ഉറ്റവരുടെയും പ്രാർത്ഥന ദൈവത്തിന്റെ കാതുകളിൽ എത്തി. ദൈവത്തിന് അവരുടെ പ്രാർത്ഥന കേട്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. കുറച്ചുനാൾ കഴിഞ്ഞ് ചിലയിടങ്ങളിൽ രോഗികൾ സുഖം പ്രാപിച്ചു. പക്ഷേ ചില മനുഷ്യർക്ക് മാറ്റം ഒന്നും ഉണ്ടായില്ല. എന്നാലും ഒരു കാര്യം കൊറോണ വ്യക്തമാക്കി കൊടുത്തു - പണത്തിനും ലോകത്തിൽ വിലപിടിച്ച വസ്തുക്കൾക്കും ജീവൻ നൽകാനും ആകില്ല ജീവന്റെ വിലയുമില്ല . ഒരു ദിവസം ദൈവം തന്റെ മാളികയിൽ കൊറോണ വൈറസുകളുടെ നേതാവിനെ വിളിച്ചുവരുത്തി .' ഞാൻ ഏർപ്പെടുത്തിയ ജോലി നീ വളരെ നന്നായി ചെയ്തു' ദൈവം പ്രശംസിച്ചു . 'അങ്ങയുടെ സംതൃപ്തിക്കായ് എന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ് 'നേതാവ് ആദരവോടെയും ഭക്തിയോടെയും പറഞ്ഞു. 'ലോകത്തെല്ലായിടത്തും വൈറസ് പരത്തുന്നതിൽ ഞങ്ങൾ വിജയിച്ചു പക്ഷേ....' . നേതാവ് തുടർന്നു 'ചിലയിടത്ത് ഇപ്പോൾ...' . 'ഇപ്പോൾ രോഗം ശമിച്ചു തുടങ്ങി, അല്ലെ?'. നേതാവ് പറയുന്നത് മുറിച്ചുകടന്ന് ദൈവം പറഞ്ഞു. ' മനുഷ്യർ എൻറെ സൃഷ്ടികൾ തന്നെയാണ്. ഓരോ ജീവനുകൾ പൊലിയും പോൾ നെഞ്ചുരുകി പ്രാർത്ഥിക്കുന്നവരുടെ കണ്ണുനീർ എനിക്ക് കാണാതിരിക്കാൻ കഴിയില്ല . രോഗികൾ രോഗ വിമുക്തരാവൻ നാം തീരുമാനിച്ചതാണ്. ഈ രോഗികളെ ജീവൻ പണയം വെച്ച് ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. സത്യസന്ധമായി ജോലി ജോലിചെയ്യുന്നവർ പ്രതിഫലത്തിന് അർഹരാണ് '. 'പക്ഷേ ചിലയിടങ്ങളിൽ രോഗികളുടെ എണ്ണം കുറയുംപോൾ മറ്റിടങ്ങളിൽ അളവില്ലാതെ വർധിക്കുന്നുമുണ്ടല്ലോ!' 'അതെ ഇതിനർത്ഥം നിന്റെ ജോലി കഴിഞ്ഞിട്ടില്ലെന്നാണ്. നീ മനുഷ്യർക്ക് ഒരു പാഠപുസ്തകമാണ് .നീ കുറെ മനുഷ്യരുടെ കണ്ണുകൾ തീർച്ചയായും തുറപ്പിച്ചിട്ട് ഉണ്ടാകും. മനുഷ്യർ ചെയ്തുകൂട്ടിയ കൊള്ളരുതായ്മകൾക് ഉള്ള ശിക്ഷയാണ് ഇതെന്ന് അവർ തിരിച്ചറിയും.' നേതാവ് ശരിയെന്നർഥത്തിൽ തലയാട്ടി.' പ്രഭോ ഏറ്റവും കൂടുതൽ ഞങ്ങളുടെ കൂട്ടത്തെ തടയാൻ ശ്രമിച്ചതിൽ വിജയിച്ചത് ഒരു കൊച്ചു നാടായ കേരളം ആണ്. ഭൂമിയിൽ _ദൈവത്തിൻറെ_ _സ്വന്തം_ _നാട്_ എന്നാണു അറിയപ്പെടുന്നത്. കൊറോണ നേതാവ് പറഞ്ഞു . 'നാം അവരെ പ്രത്യേകം ശിക്ഷിക്കുകയുണ്ടായി. അവിടെ ആയിരുന്നു നിന്റെ വംശത്തിൽ പെട്ട നിപ്പ വൈറസിനെ അയച്ചത്, അട‍ുപ്പിച്ച് രണ്ടുവർഷം പ്രളയവും. കേരളീയരുടെ ഒരു സവിശേഷത നാം കണ്ടെത്തി. എല്ലാ മനുഷ്യരെ പോലെയും തെറ്റുകൾ ആവർത്തിക്കുന്നുവർ ആണെങ്കിലും , അവിടെ എന്തെങ്കിലും പ്രശ്നം വന്നാൽ അവരെല്ലാം ജാതിയും മതവും രൂപവും വേഷവും ഒന്നും നോക്കാതെ കൈകോർത്ത് ഒന്നായി നിൽക്കും. അവർ എന്നെ സംതൃപ്തരാക്കി . അവരെ പോലെ മറ്റു ജനങ്ങളും കോവിഡിനെ അതിജീവിക്കാൻ ശ്രമിക്കട്ടെ.' ദൈവം പ്രതീക്ഷയോടെ പറഞ്ഞു . 'അപ്പോൾ എന്റെ ജോലി വൈകാതെ കഴിയുമെന്നാണൊ പ്രഭോ?' കൊറോണ നേതാവ് സംശയം ചോദിച്ചു. ദൈവം വൈറസിനു ഉടനെ മറുപടി നൽകി 'നിന്റെ ജോലി ഏറെക്ക‍ുറെ കഴിഞ്ഞു ...ഇനി മുതൽ മനുഷ്യർ പരിസരശുചിത്വവും വ്യക്തി ശുചിത്വത്തോടൊപ്പം ശീലമാകും പണത്തിനെക്കാൾ വലിയ മൂല്യമുള്ള വസ്തുക്കൾ ഉണ്ടെന്ന് മനസ്സിലാക്കണം. സ്നേഹവും സാഹോദര്യവും ഭൂമിയിൽ പുലർത്തണം . പണവും പ്രതാപവും എന്നും ഉണ്ടാവില്ല അത് ഏത് നിമിഷവും നഷ്ടപ്പെടും, പക്ഷേ സ്നേഹബന്ധങ്ങൾ അങ്ങനെയല്ല എന്ന് മനസ്സിലാക്കണം. മനുഷ്യന് ജീവിക്കാൻ ഉള്ളതാണ് ഭൂമി പക്ഷേ, മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഉള്ളതാണ് . തന്റെ വാസ സ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട ഇരിക്കുന്നു . ഓരോ മനുഷ്യരും കാണാൻ വ്യത്യസ്തരാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ആകാം പക്ഷേ അവരുടെ ഹൃദയം തുടിക്കുന്നത് ഒരുപോലെയാണ് . ഒരു രോഗം ഒരാളെ പിടിപെടുമ്പോൾ അയാൾ എങ്ങനെയുള്ള ആളാണ് എന്നൊന്നും നോക്കില്ല. തെറ്റ് ആരിൽ നിന്നും സംഭവിക്കാം, പക്ഷേ ചെയ്ത തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കരുത്. മനുഷ്യൻ മറന്നു പോകുന്ന ഒരു പാഠമാണ് തെറ്റുകളിൽ നിന്നും പഠിക്കുക. ഈ പാഠം നീ വീണ്ടും മനുഷ്യരെ ഉണർത്തി.' നേതാവിന് നേരെ തിരിഞ്ഞു ദൈവം പറഞ്ഞു.' ഇതെല്ലാം നീ മനുഷ്യർക്ക് നൽകിയ പാഠങ്ങളും നീ അവർക്ക് മനസ്സിലാക്കി കൊടുത്ത അവരുടെ തെറ്റുകളും ആണ്.' ഇതെല്ലാം കേട്ടപ്പോൾ കൊറോണ നേതാവിന് അഭിമാനം തോന്നി.' ഒരു പുസ്തകം കൊണ്ട് ലോകത്തെ മാറ്റാനാവില്ല പക്ഷേ ഒരു പുസ്തകത്തിന് ഒരാളുടെ ഉള്ളിൽ എങ്കിലും തീർച്ചയായും വെളിച്ചം സൃഷ്ടിക്കും. ആ വെളിച്ചം അവനെ നന്മയിലേക്ക് നയിക്കും . മനുഷ്യർ അവരുടെ തെറ്റുകളിൽ നിന്നും തീർച്ചയായും പഠിക്കും. ഒട്ടും വൈകാതെ അവർ കോവിഡിനെ അതിജീവിക്കും . നിൻറെ ജോലിയും പെട്ടെന്ന് അവസാനിക്കും.' തങ്ങളുടെ ജോലി തീരാറായി എന്ന് സന്ദേശം മറ്റു കൊറോണ വൈറസ് കൾക്ക് എത്തിക്കാനായി കൊറോണ നേതാവ് മാളികയിൽ നിന്നും യാത്ര തിരിച്ചു നേതാവിന് മനുഷ്യരെ ദ്രോഹിച്ചത്തിൽ വിഷമം ഉണ്ടായി എന്നാലും അവരെ നന്നാക്കാനാണ് ആണല്ലോ എന്നോർത്തപ്പോൾ അഭിമാനവും. കൊറോണ നേതാവ് മനസ്സിൽ ആലോചിച്ചു ' ഞാൻ മനുഷ്യനെ വച്ചുനോക്കുമ്പോൾ എത്രയോ ചെറുതാണ്. പക്ഷേ ഞാൻ ആ മനുഷ്യർക്ക് വരുത്തിയ വിപത്ത് എത്രയോ വലുത്. ഇത്ര ചെറിയ ഞാൻ കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള സൃഷ്ടിയായ മനുഷ്യൻ പോലും നിസ്സാരനും നിസ്സഹായനും ആയി' കൊറോണ നേതാവ് പോയപ്പോൾ ദൈവം ഗബ്രിയേൽ മാലാഖയെ അടുത്ത വിളിച്ചു. 'ഗബ്രിയേൽ കോവിഡി ഒപ്പംതന്നെ ഇന്ന് ഭൂമിയിലെ സൃഷ്ടികൾ അസഹനീയമായ ചൂടും അനുഭവിക്കുന്നു . ഇന്ന് ഭൂമിയിൽ മഴ പെയ്യണം പ്രതീക്ഷയുടെ മഴ, ആ മഴയിൽ അതിജീവനത്തിനെ്റ കുളിർ ഭൂമി വാസികൾ അനുഭവിക്കണം.' ഉടനെ തന്നെ ഭൂമിയിൽ മഴപെയ്യാൻ ആരംഭിച്ചു. ആ മഴ ഭൂമിയെയും വീട്ടിൽ അടഞ്ഞിരിക്കുന്ന മനസ്സുകളെയും കുളിരണിയിച്ചു. പ്രതീക്ഷയുടെയും അതിജീവനത്തിനുെം അതിജീവനത്തിൻറെയും ഐശ്വര്യത്തിൻറെ യും ആ മഴ ഭൂമിയിൽ പെയ്തു നൃത്തം ആടി . കുട്ടികൾ ജനാലയ്ക്കരികിൽ നിന്നും കൈനീട്ടി മഴത്തുള്ളികൾ എത്തി പിടിച്ചും വെള്ളം തെറിപ്പിച്ചു രസിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങി . കൊറോണ നൽകിയ പാഠങ്ങൾ മനുഷ്യനെന്നും നെഞ്ചിലേറ്റുമായിരിക്കാം. കൊറോണ എന്നൊരു പാഠപുസ്തകം മനുഷ്യരുടെ ഉള്ളിൽ മായാതെ നിൽക്കും ആയിരിക്കും .

ഫാത്തിമ അനാൻ
8 E എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ