സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസരം
പരിസരം നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസരം. അത് മലിനവും ദുർഗന്ധപൂരിതവുമാക്കാതെ നോക്കേണ്ട കടമ നമുക്ക് ഉണ്ട്. എന്നാൽ പാവനമായ ആ കടമ നിറവേറ്റാൻ നമ്മൾ താല്പര്യം കാട്ടുന്നില്ല, എന്നത് ഈ യുഗത്തിന്റെ ഒരു ദുരന്തം തന്നെ. ഫലമോ ചുറ്റുപാടുകൾ വൃത്തികേടിന്റെ കൂമ്പാരമായി മാറുന്നു. ഈ മാലിന്യ കൂമ്പാരത്തിന്റെ നടുവിൽ മുഖം ചുളിക്കാതെ മൂക്കു പൊത്താതെ ജീവിക്കാൻ ഇന്നു മനുഷ്യൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.
മനസ്സ് മലിന വികാരങ്ങളുടെ വിളനിലമായാൽ പെട്ടെന്നാരും അതറിഞ്ഞെന്ന് വരില്ല. എന്നാൽ ശരീരം അഴുക്കും ചെളിയും നിറഞ്ഞ് അശുദ്ധമായാലോ ? അതാളുകൾ പെട്ടെന്ന് മനസ്സിലാക്കും. നാം അധിവസിക്കുന്ന ഭൂമിയുടെ കഥയും വിഭിന്നമല്ല. നാം ഭൂദേവിയെ ചപ്പും ചവറും കൊണ്ട് വീർപ്പുമുട്ടിക്കുന്നു. അഗ്നിദേവനുപോലും ശുദ്ധീകരിക്കാനാവാത്ത പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ട് കൊലക്കയറിടുന്നു. പകലിന്റെ ഉച്ഛിഷ്ടങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്നു. വളർത്തു നായ്ക്കളുടെ കാഷ്ടം കൊണ്ട് നഗര ദേവതയുടെ തിരുനെറ്റിയിൽ തിലകം ചാർത്തുന്നു. കുളിക്കാനുളള കുളത്തിൽ തന്നെ കടവിറങ്ങുന്നു. നടുറോഡിൽ തുപ്പുകയും തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുകയും ചെയ്യുന്നു. കാടുകൾ നശിപ്പിച്ചാൽ മേഘങ്ങൾ മഴ പൊഴിയിക്കയില്ലെന്നും ഉച്ചഭാഷിണി നിരന്തരം പ്രവർത്തിച്ചാൽ അത് ബധിരതയ്ക്കു കാരണമാവുമെന്നും വ്യവസായശാലകൾ ഇടതടവില്ലാതെ പുക തുപ്പിക്കൊണ്ടിരുന്നാൽ അന്തരീക്ഷം വിഷമയമാകുമെന്നും ഇന്നു കുട്ടികൾക്കു പോലും അറിയാം. വായുവിൽ നിറയുന്ന രാസവസ്തുക്കൾ മൂക്കിലൂടെയും ഭക്ഷ്യവസ്തുക്കളിലും വീര്യമുള്ള ഔഷധങ്ങളിലും കടന്ന് കാൻസറിൻ്റെ വിത്തുകൾ വിതച്ചു കൊണ്ടിരിക്കുകയാണിന്ന്. കടലിൽ കൊണ്ടു മറിക്കുന്ന വൃത്തിക്കേടുകൾ മൂലം മീനുകൾ ചത്ത് കരയ്ക്കടിയുന്നത് ഇവിടെ ഒരു നിത്യ സംഭവമായിരിക്കുന്നു.
മനുഷ്യകൃതങ്ങളായ ഈ അനർത്ഥങ്ങൾക്കു മനുഷ്യബുദ്ധി തന്നെ പരിഹാരം.നഗരത്തിലെ ടൺ കണക്കിനുള്ള മാലിന്യങ്ങൾ കൊണ്ട് വളമുണ്ടാക്കാനുള്ള യന്ത്രങ്ങൾ നമുക്കു സ്ഥാപിക്കാം. ചെടികൾ വെച്ചു പിടിപ്പിച്ച് നഗര മുഖം സുന്ദരവും സുരഭിലവുമാക്കാം. ഭക്ഷണത്തിൽ ശുദ്ധമായ പ്രകൃതി വിഭവങ്ങൾക്കു കൂടുതൽ സ്ഥാനം കൊടുക്കാം. വീട്ടിൽ മാലിന്യങ്ങൾ കൈയ്യോടെ കുഴിച്ചു മൂടുകയോ അഗ്നിദേവനു സമർപ്പിക്കുകയോ ആകാം. പരിസര ശുചീകരണത്തെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ അവബോധമുണ്ടാക്കാനായി എല്ലാ വർഷവും ജൂൺ മാസം 5നു ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നുണ്ട്. സ്വന്തം കുഞ്ഞുങ്ങളുടെ നല്ല പെരുമാറ്റം പെറ്റമ്മയായ ഭൂമിദേവിക്കു സന്തോഷവും സമാധാനവുമുണ്ടാക്കും.' പ്രകൃതിയിലേക്കു മടങ്ങുക ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കി നമുക്ക് അനന്തമായ ആനന്ദത്തിനും ആരോഗ്യത്തിനും അവകാശികളാകാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം