സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

എബെൻ സിറിയക്ക്
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം