Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പ്രകൃതിയും മനുഷ്യനും ദൈവ ചൈതന്യവും ഒന്നായി ഭവിക്കുന്നിടത്ത് ജീവിതം സുഖപൂർണ്ണമാകുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴേ ശ്രേയസ്സുണ്ടാകു. പ്രപഞ്ചവുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ് .മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നില്ല. അവൻ പ്രകൃതിയിൽ നിന്നും അകന്നു പോകുന്നു .പ്രകൃതിയുടെ ഹരിതാഭയെ തകർത്തും നീരുറവ യെ തീർത്തും പ്രയാണം ചെയ്യുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് അഹങ്കരിക്കുന്നു. പക്ഷെ പ്രകൃതിയുടെ അപാരമായ ശക്തിയെ അവൻ മറക്കുന്നു. ഇന്നത്തെ ഭൂമിയുടെ പരിസരാവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിനു ത്തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. മനുഷ്യൻ കൂടുതൽ പരിഷ്കൃതനാകുതോറും പ്രകൃതിയുടെ അവസ്ഥ കൂടുതൽ ദുഷ്കരമാകുന്നു.
വ്യവസായവും വികസനവും സ്വർത്ഥതയും നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്രവുമെല്ലാം മനുഷ്യൻ ഇങ്ങനെ മലിനമാക്കിയിട്ടുണ്ട്. ഭൂമിയിലെ 70-80% ഓക്സിജനും കടൽ സസ്യങ്ങളാണ് പുറന്തള്ളുന്നത്. കടലും മനുഷ്യൻ മലിനമാക്കുന്നതിന്റെ ഫലമായി കടൽ സസ്യങ്ങളുടെ വളർച്ച മുരടിച്ചു പോകുന്നു .തന്മൂലം ഓക്സിജൻ്റെ ഉത്പാദനം വളരെ കുറയുന്നു.
അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിൻ്റെ ഏറ്റവും നല്ല തെളിവാണ്. അടിസ്ഥാന രാസവസ്തുക്കൾക്കു പുറമെ അറുപത്തായിരത്തോളം രാസവസ്ത്തുക്കൾ ഇന്ന് അന്തരീക്ഷത്തിലുണ്ട്.ഇവയിൽ പലതും ക്യാൻസറിന്റെ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 27% വർധിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മുബൈയിലെ വ്യവസായ മേഖലകളിൽ കഴിയുന്നവരിൽ വൻതോതിൽ ക്ഷയരോഗം പകർത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ സ്കൂൾ വിദ്യാർത്ഥികളിൽ ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരുത്തിയിട്ടുള്ളതായി വെളിപ്പെടുത്തുന്നു.
ജീവൻ നിലനിർത്തുന്നതിന് വായു വെന്ന പോലെത്തന്നെ ആവശ്യകരമാണ് വെള്ളവും.എന്നാൽ ശുദ്ധജലം ഇന്ന് സങ്കൽപ്പം മാത്രമായിക്കൊണ്ടിരിക്കുകയാണ്.മലിനമാകാത്ത പുഴകളും ജലാശയങ്ങളും നമുക്കിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്.ശുദ്ധജലം ഇന്ന് വില കൊടുത്ത് വാങ്ങുന്ന ഒരു സാധനമായി മാറിയിരിക്കുകയാണ്.വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു .ജലമലിനീകരണത്തിന്റെ തെളിവുകളായി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു ഇതു മൂലം കോളറ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്.
ശബ്ദമലിനീകരണവും പരിസര മലിനീകരണത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നുണ്ട്. അതിശബ്ദം തലച്ചോറിന്റെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു .ഇത് കേൾവിയില്ലാതാക്കുകയും ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ദ്രുതഗതിയിലുള്ള നഗരവത്കരണവും ആഗോളവത്കരണവും നമ്മെ ഉപഭോഗ സംസ്കാരത്തിന് അടിമകളാക്കിയിരിക്കുന്ന ഇന്ന് ,മാലിന്യങ്ങൾ ആറു മടങ്ങ് വർധിച്ചിരിക്കുന്നു .ഒപ്പം പ്രകൃതിക്ക് ഉൾക്കൊള്ളാനാകാത്ത തരത്തിലുള്ള മാലിന്യങ്ങൾക്ക് മുൻതൂക്കവും വന്നിരിക്കുന്നു. നഗരജീവിതം ഓരോ വീടുകളെയും വൻ മാലിന്യ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ പാതയോരങ്ങൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ് .ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു.
നമ്മുടെ നിത്യജീവിതത്തിൽ നാം ശുചിത്വ ബോധത്തിന് പ്രാധാന്യം കൽപ്പിക്കേണ്ടതാണ്.ഭൂരിപക്ഷം ആളുകൾ ശുചിത്വം പാലിക്കുകയും ന്യൂനപക്ഷം അത് പാലിക്കാതിരിക്കുകയും ചെയ്താൽ യാതൊരു പ്രയോജനവുമില്ല കേരളത്തെ സംബന്ധിച്ച് ജലത്തിന് കടുത്ത ക്ഷാമമില്ല. പക്ഷേ അത് ഉപയുക്തമാക്കാൻ നാം മെനക്കെടാറില്ല. ദിവസവും ഉള്ള കുളിയും, വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിനാലും ഒരു പരിധി വരെ ത്വക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. ലോകമിന്നു നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വത്തിലൂടെ നമുക്ക് കഴിയും. ഇന്നത്തെ കാലത്ത് ക്യാൻസർ, എയ്ഡ്സ്, എന്നിങ്ങനെ മറുമരുന്ന് കണ്ടെത്താത്ത അനേകം രോഗങ്ങൾ നമ്മെ വിഴുങ്ങാൻ കാത്തു നിൽക്കുന്നു. അതി പിടിയിൽപ്പെടാതിരിക്കാൻ നാം തികച്ചും ശുചിത്വം പാലിക്കണം. ഉപയോഗം ശൂന്യമായ വസ്തുക്കളെ നാം എന്താണ് ചെയ്യുന്നത് ? അത് നടുവഴിയിലേക്കോ ജലാശയങ്ങളിലേക്കൊ വലിച്ചെറിഞ്ഞ് വായു, ജലം, എന്നിവയെ മലിനമാക്കുന്നു.
വീടും പരിസരവും തികഞ്ഞ ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു .ദിവസവും വീടിൻ്റെ അകവും പുരസ് പരിസരവുമെല്ലാം വൃത്തിയാക്കുകയും ,കൊതുക് ,ഈച്ച, എന്നിവയെ പ്രതിരോധിക്കാനുള്ള ലോഷനുകൾ ഒഴിക്കുകയും ചെയ്യേണ്ടതാണ്.
ഭക്ഷണ പദാർത്ഥങ്ങളിൽ ഈച്ചകളും മറ്റു രോഗാണുക്കളും വന്നിരിക്കാതെ അടച്ചു സൂക്ഷിക്കണം വഴിയരികിൽ തുറന്നു വച്ചു വില്ക്കുന്നു ഭക്ഷണ പദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക. ഇങ്ങനെയുള്ള പ്രാഥമിക കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കളായിരിക്കണം നമ്മുടെ ഭക്ഷണ രീതികൾ തുടങ്ങി ഓരോന്നിലും ശ്രദ്ധ വെച്ചാൽ നമുക്ക് രോഗങ്ങളിൽ നിന്നും മുക്തി നേടാവുന്നതായിരിക്കും.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|