സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ജീവിത രീതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ജീവിതരീതികൾ


ലോകജനതയാകെ കോവിഡ് - 19ന്റെ വ്യാപനത്തിൽ പരിഭ്രാന്തിയിലാണ്. ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മനുഷ്യന്റെ എല്ലാ ചലനങ്ങളും തടയപ്പെട്ടിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസ്സുകളും ഒന്നും ചലിക്കുന്നില്ല. നിശ്ചലത യിലേക്ക് ലോകം വീണു പോയിരിക്കുന്നു. രോഗങ്ങൾ പടർന്നു പിടിക്കുന്നത് എന്നും സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊറോണ വൈറസ്(കോവിഡ് -19) അസാധാരണമായ ഒരു മഹാമാരിയാണ്. വിവര വിതരണ വിപ്ലവത്തിനും നമ്മുടെ സ്മാർട്ട് ഫോണുകൾ മാധ്യമതലമായി മാറിയ വലിയ മുന്നേറ്റത്തിനുശേഷവും പൊട്ടിപ്പുറപ്പെട്ട ആദ്യത്തെ മഹാമാരി ആണ് കോവിഡ് -19. കോവിഡ്-19 വ്യാപനം തടയാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്ക്ഡൗൺ കാലത്ത് നമ്മുടെ ജീവിതരീതികൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ജങ്ക്ഫുഡ് മാത്രം കഴിക്കുന്ന ആളുകൾക്ക് ഇപ്പോൾ കഞ്ഞി കുടിച്ചാലും കുഴപ്പമില്ലാത്ത സാഹചര്യമാണ്. ഒന്നിനും നേരം കിട്ടുന്നില്ല എന്ന് പറയുന്ന കേരള ജനതയ്ക്ക് ഇന്ന് എന്ത് ചെയ്തിട്ടും സമയം തീരുന്നില്ല എന്ന പരാതിയാണ്. കൊറോണ ഭീതിയുള്ള ഈ അവധിക്കാലം പലരും വിവിധ കലാസൃഷ്ടികൾ നിർമിച്ചുകൊണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ്. ഓൺലൈൻ ഷോപ്പിങ്ങില്ല , ഉത്സവങ്ങളില്ല , പെരുന്നാളില്ല , ബ്യൂട്ടിപാർലറില്ല , ഹെയർ കട്ടിങ്ങില്ല , ജോഗിങ്ങില്ല , ട്യൂഷനില്ല , ഓഫീസില്ല , ജിമ്മില്ല , സ്വിമ്മിങ്ങില്ല എന്നിട്ടും നാം ജീവിക്കുന്നു. ഈ കോവിഡ് കാലം നമ്മെ പഴയകാലത്തെ രീതികൾ ഒന്നുകൂടി ഓർമ്മപ്പെടുത്തുകയാണ്. ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ ദൃഡപ്പെടുത്താനുള്ള സമയം കൂടിയാണിത്. സ്മാർട്ട് ഫോണുകൾക്ക് അടിമയായ ഇന്നത്തെ യുവതലമുറയ്ക്ക് ക്രിയാത്മകമായി ചിന്തിക്കാൻ ഉള്ള ഒരു അവസരമാണ് ഇത്. ഒരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ലാത്ത കോവിഡിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് വികസിത രാജ്യങ്ങൾ പോലും. കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാരും മുഖ്യമന്ത്രിയും എടുക്കുന്ന തീരുമാനങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് നടത്തുന്ന അഭിസംബോധനയും ലോക്ക് ഡൗൺ കാലത്തെ കേരളത്തിലെ പ്രവർത്തനങ്ങളും വ്യാപകമായ പ്രശംസ പിടിച്ചു പറ്റി. മഹാമാരി എന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച കോവിഡ്-19 ബാധയെ നേരിടുന്നതിന് മറ്റു മാർഗങ്ങളില്ല. സാമൂഹികമായ അകലം കൊണ്ട് മാത്രമേ ഈ വിപത്തിനെ മറികടക്കാൻ കഴിയൂ. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗൺ പൂർണതയിലേക്ക് എത്തിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാൻ സാ ധിക്കും. ---ആര്യ. കെ --

ആര്യ കെ
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം