സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കിങ്ങിണി കുട്ടിയുടെ വിഷു 2020

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി കുട്ടിയുടെ വിഷു 2020


വാർഷിക പരീക്ഷ ഈ വർഷം മാർച്ച് 31ന് അവസാനിക്കും. പിന്നെയും രണ്ടാഴ്ച കാത്തിരിക്കണം വിഷുവിന്റെ വരവിനായി. ഏപ്രിൽ രണ്ടാം തീയതി അച്ഛൻ ദുബായിൽ നിന്ന് സമ്മാനപ്പെട്ടിയും പുത്തനുടുപ്പു കളുമായി വീട്ടുപടിക്കൽ വന്നിറങ്ങുന്നത് സ്വപ്നം കണ്ടാണ് അന്ന് കിങ്ങിണി ഉറങ്ങിയത്. വിവിധ ഇനങ്ങളായ പാവക്കുട്ടി, പാട്ടുപാടുന്ന ബാർബി, തലകുത്തി മറിയുന്ന ജീപ്പുകളും, നിറപ്പകിട്ടാർന്ന ഉടുപ്പുകളും അവളുടെ സ്വപ്നത്തിലൂടെ മിന്നിമറയുന്നുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം ഇടയ്ക്കിടെ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു കൊണ്ടേയിരുന്നു. ഈ സ്വപ്നത്തിന്റെ മയക്കത്തിലായിരുന്നു അടുത്തദിവസം കിങ്ങിണി ഉണർന്നത്. ഉമ്മറത്ത് മുത്തച്ഛൻ പതിവുപോലെ പത്രം വായിച്ചു കൊണ്ടിരുന്നു. അവൾ ഓടി ചെന്ന് മുത്തച്ഛന്റെ അരികിൽ ചെന്നു."ഗുഡ്മോണിങ് മുത്തച്ഛാ" എന്തൊക്കെയാണ് പ്രധാനവാർത്തകൾ മരിച്ചവരിൽ ആരെങ്കിലും വിശിഷ്ടവ്യക്തികളുണ്ടോ? സ്കൂളിന് അവധിയുണ്ടോ? തുടങ്ങിയ പതിവ് ചോദ്യങ്ങൾ. സ്കൂൾ അസംബ്ലിയിൽ വായിക്കാനുള്ള പത്രവാർത്തകൾക്കു വേണ്ടി അവൾ തിടുക്കം കൂട്ടി. മുത്തച്ഛൻ മൃദുവായി അവളെ തലോടിക്കൊണ്ട് പറഞ്ഞു "മോളെ, ഇനി രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധിയാണ് നാട്ടിൽ മാരകമായ ഒരു മഹാമാരിയുടെ തുടക്കം കണ്ടെത്തിയിട്ടുണ്ട് ചൈനയിൽ നിന്ന് വന്ന ഒരു വിദ്യാർത്ഥിയിൽ കോവിഡ് 19 എന്ന് വിളിക്കുന്ന കൊറോണ രോഗത്തിന്റെ ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് കേരളം മുഴുവൻ അടച്ചിടുകയാണ്". ഇതു കേട്ടപ്പോൾ മറ്റ് കാര്യങ്ങളൊന്നും അത്രയ്ക്കങ്ങ് മനസ്സിലായില്ലെങ്കിലും രണ്ടാഴ്ച സ്കൂൾ അവധി ആണെന്ന് കേട്ട കിങ്ങിണി കുട്ടിയുടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. അവധിക്കാല വിനോദത്തിനായി കരുതിവെച്ച കളിപ്പാട്ടങ്ങളും മറ്റും തിരഞ്ഞുപിടിച്ച് കൂട്ടുകാരികളെ വിളിക്കാൻ ഒരുങ്ങിയ കിങ്ങിണി കുട്ടിയെ അമ്മ വിലക്കി. അമ്മയുടെ ഇതുവരെയില്ലാത്ത പ്രതികരണം കണ്ട കിങ്ങിണിക്കുട്ടി അറിയാതെ തേങ്ങിപ്പോയി. അവൾ ചിണുങ്ങികൊണ്ട് മുത്തച്ഛന്റെ അടുത്ത് ചെന്ന് പരാതിപ്പെട്ടു കൂട്ടുകാരികളോട് ഒപ്പം കളിക്കാൻ വിടാത്തതിന്റെ കാരണം തേങ്ങിത്തേങ്ങി ചോദിച്ചു. മുത്തച്ഛൻ പറഞ്ഞ പല കാര്യങ്ങളും അത്രത്തോളം മനസ്സിലായില്ലെങ്കിലും നാട്ടിൽ എന്തോ ആപത്ത് വരുന്നുണ്ടെന്നും അതിനെ എല്ലാവരും കരുതിയിരിക്കണമെന്നും ചുരുക്കത്തിൽ മനസ്സിലാക്കിയ കിങ്ങിണി സ്വയം മുറികളിൽ ഒതുങ്ങി കൂടിയും ടിവി കണ്ടും സമയം ചെലവഴിച്ചു. രണ്ട് ദിവസങ്ങളിലായി ടിവിയിൽ വന്ന പലരും കൊറോണാ വൈറസിനെ പറ്റിയും അതിന്റെ അപകടത്തെപ്പറ്റിയും വിവരിച്ചത് കേട്ട കിങ്ങിണി കാര്യങ്ങൾ മനസ്സിലാക്കി. ഇത് ഒരു മഹാമാരി ആണെന്നും സ്വയം ശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്നും മനസ്സിലാക്കി. കിങ്ങിണി കൂട്ടുകാരികളെ ഫോണിൽ വിളിച്ചു ഈ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും സാമൂഹിക അകലം പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും പ്രേരിപ്പിച്ചു. അന്ന് കിടന്നിട്ടു കിങ്ങിണിക്ക് ഉറക്കം വന്നില്ല കാരണം പലപ്പോഴും മുത്തച്ഛൻ അമ്മയോട് വിദേശത്തുനിന്ന് വരുന്നവരുടെ യാത്രയെക്കുറിച്ച് അടക്കം പറയുന്നുണ്ടായിരുന്നു. ടിവിയിലും ഇതുപോലുള്ള വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു. അച്ഛന് വരാൻ പറ്റുമോ വിഷുവിന് മത്താപ്പും പൂത്തിരിയും കത്തിക്കാൻ അച്ഛൻ എത്തുമോ എന്നൊക്കെയുള്ള സംശയങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു. അവളറിയാതെ ഒരു വിങ്ങൽ കടന്നുവന്നു ഓർത്തോർത്ത് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വീണു. ദിവസങ്ങൾ ഓരോന്നായി കടന്നു പോയി എല്ലാ ദിവസവും ഫോൺ ചെയ്യുമ്പോൾ കിങ്ങിണിക്കുട്ടി അച്ഛനോട് എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചു കൊണ്ടേയിരുന്നു വരുമെന്ന് പറഞ്ഞ് അച്ഛൻ ഫോൺ സംഭാഷണം നിർത്തുകയും ചെയ്യും. പിന്നീടുള്ള ദിവസങ്ങളിൽ കിങ്ങിണിക്കുട്ടി മുത്തച്ഛനോടൊപ്പം ടിവിയിൽ വാർത്തകൾ കാണുന്നതും മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിൽ ഉള്ള പരിപാടി കാണുന്നതും പതിവാക്കി.മുത്തച്ഛനോട് ചോദിച്ചു മറ്റുകാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയ കിങ്ങിണി കുട്ടിക്ക് ആ സത്യം ബോധ്യമായി. അച്ഛൻ വിഷുവിന് നാട്ടിൽ എത്താനും കിങ്ങിണി കുട്ടിയോടൊപ്പം മത്താപ്പും പൂത്തിരിയും കത്തിക്കാനും സാധിക്കില്ല എന്ന് സത്യവുമായി അവൾ പൊരുത്തപ്പെടാൻ ശ്രമിച്ചു. ദിവസവും നാടും രാജ്യവും നേരിടുന്ന വിപത്തിനെ കുറിച്ചുള്ള ആശങ്കയിലും ആരോഗ്യ പ്രവർത്തകരും പൊലീസും കരുതലോടെ പ്രവർത്തിക്കുന്നതും മറ്റുമുള്ള വാർത്തകൾ ആശ്ചര്യത്തോടെയും ആദരവോടെയും അവൾ കേട്ടുകൊണ്ടിരുന്നു. അങ്ങനെ ഈസ്റ്ററും വിഷുവും ആഘോഷങ്ങളൊന്നും ഇല്ലാതെ കടന്നു പോയി അടുത്തദിവസം കിങ്ങിണിക്കുട്ടി അതുവരെ കിട്ടിയ വിഷുക്കൈനീട്ടം കൂട്ടിവെച്ച് സമ്പാദ്യ തുക മുത്തച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു "മുത്തച്ഛാ ഇത് മുഖ്യമന്ത്രിയുടെ പാവപ്പെട്ടവരെ സഹായിക്കാനുള്ള നിധിയിലേക്ക് സംഭാവന ചെയ്തോളൂ" ആശ്ചര്യത്തോടെ മുത്തച്ഛൻ അവളെ തന്നോട് ചേർത്തുനിർത്തി തലോടി. ഒരു നല്ല കാര്യം ചെയ്ത ചാരിതാർത്ഥ്യത്തോടെ അവൾ ഗേറ്റിലേക്ക് കണ്ണും നട്ടു നിന്നു. അച്ഛന്റെ വരവും കാത്ത്.......

വി.പി.ശ്രീലക്ഷ്മി
9 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ