സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ അണ്ണാൻ കുഞ്ഞും തന്നാലായത്
അണ്ണാൻ കുഞ്ഞും തന്നാലായത്
മാർച്ച് മാസത്തിലെ ഒരു സാധാരണ പ്രവർത്തി ദിവസം. പതിവുപോലെ കൂട്ടുകാരൊത്ത് തുള്ളിച്ചാടി വിദ്യാലയത്തിൽ എത്തിയ ഞാൻ അപ്രതീക്ഷിതമായ വാർത്ത കേട്ട് ഞെട്ടി, കൊറോണ വൈറസ് പരത്തുന്ന ഒരു രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നാലാം ക്ലാസ് വിദ്യാർത്ഥികളായ ഞങ്ങളെ ഈ വാർത്ത കുറച്ചൊന്നുമല്ല ദുഃഖിപ്പിച്ചത്. കാരണം ഞങ്ങളുടേത് ഒരു എൽ പി സ്കൂൾ ആയതിനാൽ ആ ദിവസം ഞങ്ങൾ നാലാം ക്ലാസുകാരുടെ ആ സ്കൂളിലെ അവസാന പ്രവർത്തി ദിവസം കൂടി ആയി മാറി. നിറകണ്ണുകളോടെ ഞങ്ങൾ സുഹൃത്തുക്കൾ ഞങ്ങളുടെ പ്രിയ അധ്യാപികയോട് യാത്ര പറഞ്ഞു. മാതൃ തുല്യമായ സ്നേഹത്തോടെ ഞങ്ങളുടെ അധ്യാപിക ഞങ്ങളെ യാത്രയാക്കാൻ സ്കൂൾ ബസ്സിൽ എത്തി. ബസ് പതിയെ യാത്ര ആരംഭിച്ചു. അടുത്ത അധ്യായന വർഷം പുതിയ സ്കൂളും പുതിയ അന്തരീക്ഷവും ഈ ചിന്തകൾ എന്റെ മനസ്സിനെ വല്ലാതെ അലട്ടി. നിറകണ്ണുകളോടെ കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു. എന്റെ പ്രിയ വിദ്യാലയത്തിൽ ഒരിക്കൽ കൂടി പോകണം എന്ന തീരുമാനത്തോടെ, എന്റെ കൂട്ടുകാർ പുതിയ വിദ്യാലയത്തിലും എന്നോടൊപ്പം കാണും എന്ന പ്രതീക്ഷയോടെ... അങ്ങനെ അവധി ദിവസങ്ങൾ ആരംഭിക്കുകയായി. വീട്ടിലെ സ്ഥിതി അനുദിനം മോശമായി കൊണ്ടിരുന്നു. അച്ഛനില്ലാത്ത എന്നെ അമ്മ അടുത്ത വീടുകളിൽ അടുക്കളപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനത്തിലാണ് വളർത്തിക്കൊണ്ടു വരുന്നത്. പകർച്ചവ്യാധി പരന്നതോടെ അമ്മയുടെ ജോലി നഷ്ടപ്പെട്ടു. റേഷൻകടയിൽ നിന്നും ലഭിച്ച സൗജന്യ ഭക്ഷ്യ ധാന്യവും, അമ്മയ്ക്ക് ലഭിച്ച പെൻഷനും ഞങ്ങൾക്ക് വലിയ ആശ്വാസമായി. ഈ പ്രതിസന്ധിയേയും നമ്മൾ മറികടക്കും എന്ന എന്റെ അമ്മയുടെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം പകർന്നു. ഈ അവധിക്കാലം എങ്ങനെ ഫലപ്രദ മാക്കാം എന്നതായി എന്റെ ചിന്ത. കടലാസ് തുണ്ടുകൾ ഇൽ ഞാൻ ചിത്രം വരയ്ക്കാൻ തുടങ്ങി, എന്റെ ചിത്രങ്ങൾ അത്ര നന്നല്ല എന്ന് എനിക്ക് തോന്നി എങ്കിലും വളരെ നന്നായിട്ടുണ്ട് എന്നാ എന്റെ അമ്മയുടെ വാക്കുകൾ എനിക്ക് ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു. അടുക്കളത്തോട്ടത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഞാനും അമ്മയും തീരുമാനിച്ചു. പയർ, ചീര, വെണ്ട, പാവൽ, വഴുതന, പച്ചമുളക് എന്നു വേണ്ട ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും ഞങ്ങൾ വേണ്ടവിധം പരിപാലിച്ചു. വീടിന്റെ മുറ്റം വിട്ട് പുറത്തേക്ക് അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തിറങ്ങുന്ന അതിനാൽ അടുക്കളത്തോട്ടത്തിലെ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് ധാരാളം സമയവും ലഭിച്ചു. ചെടികളിൽ പുഴു ശല്യം ഒഴിവാക്കാൻ വേപ്പില കഷായം കളിക്കാനും, തക്കാളി ചെടിയുടെ ശിഖരങ്ങൾ വള്ളി കെട്ടാനും, പയറിനു, പാവലും പന്തൽ ഇടാനും ഞാൻ അമ്മയെ സഹായിച്ചു. ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് ഞങ്ങളെപ്പോലെ ബുദ്ധിമുട്ടുന്ന അടുത്ത വീടുകളിലേക്ക് കൂടി നൽകാൻ കഴിയുന്ന വിധം പച്ചക്കറികൾ ഇന്ന് എന്റെ വീട്ടിൽ ഉണ്ടാകുന്നുണ്ട്. വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു എന്നു മാത്രമല്ല, ഇത്തരം സാഹചര്യത്തിൽ മറ്റുള്ളവരെ തങ്ങളാലാവും വിധം സഹായിക്കാനും സാധിക്കും എന്നതിനാൽ ഞാനും അമ്മയും അതീവ സന്തോഷത്തിലാണ്. കാരണം ഞങ്ങൾക്ക് ഉറപ്പുണ്ട് ഈ സാഹചര്യത്തെയും നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |