Schoolwiki സംരംഭത്തിൽ നിന്ന്
Covid 19 ഒരു പാഠപുസ്തകം
Covid 19 കഴിഞ്ഞ കുറേ നാളുകളായി നമ്മെ ദുരിതത്തിലാഴ്ത്തിക്കൊ ണ്ടിരിക്കുകയാണ്.പക്ഷേ ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും,നമ്മെ ചില കാര്യങ്ങൾ പഠിപ്പിച്ചുതരികയാണ് ഈ മഹാമാരി. ലോകത്ത് അനേകം നല്ല ആളുകളുണ്ടെന്നും ഐക്യം എന്നത് നാലാൾ ഒരുമിച്ച് കൂടുന്നതല്ല, അടുത്തടുത്ത് നിൽക്കുന്നതല്ല, ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതാണെന്നും മനസ്സിലായി. വിശ്വാസികൾക്കും അവിശ്വാസികൾക്കും കൊറോണ വൈറസ് ഒരേ പരിഗണനയേ തരൂ എന്ന് മനസ്സിലായി. ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്ന് ഭക്തിപൂർവം ആരാധിച്ചാലും ഈശ്വരൻ നമ്മോടൊപ്പമുണ്ടാകുമെന്നും മനസ്സിലായി.അനുസരണയ്ക്ക് ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രാധാന്യം എന്തെന്ന് ലളിതവും ഭീകരവുമായി നമ്മൾ തിരിച്ചറിഞ്ഞു.അവധിക്കാലത്ത് കുടുംബവുമായി ആഡംബരവാഹനങ്ങളിൽ നാടുചുറ്റി നടക്കുന്ന പണക്കാരന് പാവപ്പെട്ടവനോടുള്ള പുച്ഛം മാറിയത് വളരെ പെട്ടെന്നായിരുന്നു. സാധാരണ സർക്കാർ ആശുപത്രികളിലും കഴിവുള്ള ഡോക്ടറും നഴ്സുമാരും ഉണ്ടെന്ന് മനസിലാക്കി. ജങ്ക്ഫുഡിനെക്കാൾ രുചി ചക്കയ്ക്കും കപ്പയ്ക്കും ഉള്ളിച്ചമ്മന്തിയ്ക്കുമുണ്ടെന്ന് നാം അംഗീകരിച്ചു. ശുചിത്വമുള്ളതും മദ്യപാനമില്ലാത്തതുമായ ജീവിതം സുഖകരമാണെന്ന് തിരിച്ചറിഞ്ഞു.രോഗം ബാധിച്ച പണക്കാരനും പാവപ്പെട്ടവനും ഒരേ ചികിത്സയേ കിട്ടൂ. വിദ്യാസമ്പന്നരായ അനേകം വിവരദോഷികൾ സമൂഹത്തിലുണ്ടെന്ന് ഒരു ഞെട്ടലോടെ നാം മനസ്സിലാക്കി. മികച്ച ആരോഗ്യപ്രവർത്തകരും ആതുരസേവകരും നമ്മുടെ നാട്ടിലുണ്ടെന്നത് നാം അഭിമാനപൂർവം നാം അറിഞ്ഞു. ആൾക്കൂട്ടമില്ലാതെയും ഉൽസവവും വിവാഹവും മറ്റു ചടങ്ങുകളും ഭംഗിയായി നടക്കുമെന്നത് തെളിവ്സഹിതം നാം കണ്ടു. അമേരിക്കയും ഇറ്റലിയും ജർമനിയുമൊക്കെ കണ്ടു പഠിക്കണമെന്ന് പറയുന്നവരെ കാണാൻ പോലുമില്ല.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ പ്രത്യേകസുഖം നാം തിരിച്ചറിഞ്ഞു. അങ്ങനെ എന്തെല്ലാമാണ് ഇക്കഴിഞ്ഞ നാളുകളിൽ നാം മനസ്സിലാക്കിയത്. ഇതൊക്കെ തിരിച്ചറിയാൻ ഇങ്ങനെ ഒരു മഹാമാരി ആവശ്യമായി വന്നു.ഓഖി,നിപ,പ്രളയം തുടങ്ങിയവ പോലെ കോവിഡിനെയും നാം അതിജീവിക്കും. അപ്പോൾ അവ നമ്മെ പഠിപ്പിച്ച കാര്യങ്ങൾ നാം മറക്കാതിരിക്കട്ടെ.പ്രാർത്ഥിക്കാം, പ്രവർത്തിക്കാം, നേരിടാം ഈ
മഹാമാരിയെ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|