കർമനിരതർ    

നേരിയ തണുപ്പ് ഉണ്ടായിരുന്ന ഒരു വെളുപ്പാൻ കാലം സമയം ഏകദേശം മൂന്നുമണിആകാറായിട്ടുണ്ട്. തുടരെത്തുടരെയുള്ള കോളിംഗ് ബെൽ കേട്ടാണ് അയാൾ ഉണർന്നത്. എഴുന്നേറ്റ് ചെന്ന് കതക് തുറന്നു

ലാൻസ് നായിക് ജസ്പാൽ 
ക്യാ ബാത്ത് ഹേ?  അയാൾ ചോദിച്ചു. 

ജസ്പാൽ ഒരു സീൽ ചെയ്ത കവർ അയാളുടെ നേരെ നീട്ടി ആപ്കോ ഹെഡ്ക്വാർട്ടേഴ്സ് മേം ആനേകാ ഓർഡർ ഹെ. കൊറോണ എമർജൻസി. അയാൾ സ്തബ്ധനായി നിന്നു. ജവാൻ നൽകിയ കവർ പൊട്ടിച്ചു വായിച്ചു വളരെ അടിയന്തരമായി ഡൽഹിയിലെ കേന്ദ്രഭരണപ്രദേശമായ മയൂർ വിഹാർ സെക്ടറിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അറിയിച്ചുകൊണ്ടുള്ള ഹെഡ് കോട്ടേഴ്സ് നിന്നുള്ള ഉത്തരവ്. ഡൽഹി മേഖലയിൽ നിയന്ത്രണാതീതമായി കൊറോണ വ്യാപിക്കുന്നതായി ഇന്നലെ റിപ്പോർട്ട് വന്ന കാര്യം അയാൾ അറിഞ്ഞിരുന്നു ജനങ്ങളുടെ സംരക്ഷണത്തിനാണ് കേന്ദ്രസർക്കാർ മുൻതൂക്കം നൽകിയിരുന്നത് എന്നതിനാൽ സാധ്യമായ എല്ലാ മേഖലയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാൻ സർക്കാർ അടിയന്തര ഉത്തരവിറക്കിയിരുന്നു പക്ഷേ അയാൾ ആശ്വസിച്ചു ഇരിക്കുകയായിരുന്നു കഴിഞ്ഞ ആറുമാസം നാഗാലാൻഡിലെ മാവോയിസ്റ്റ് മേഖലയിൽ ഡ്യൂട്ടി കഴിഞ്ഞ് എത്തിയിട്ട് ഏതാനും ആഴ്ചകളേ ആയിരുന്നുള്ളൂ അയാൾ പെട്ടെന്ന് കുളിച് റെഡിയായി എത്തിയപ്പോഴേക്കും ജസ്പാൽ ചായ റെഡി ആക്കി. യൂണിഫോം ധരിച്ചു അയാൾ നിർവികാരനായി കണ്ണാടിയിൽ നോക്കിതന്റെ പേര് നിശബ്ദനായി വായിച്ചു CAPTAIN VINAYACHANDRAN V

കണ്ണൂരിലെ അരങ്ങം എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ ഒരു പട്ടാളക്കാരൻ. അവിവാഹിതൻ. സ്വന്തമെന്ന് പറയാൻ വൃദ്ധയായ മാതാവ് മാത്രം. ഭർത്താവ് ഉപേക്ഷിച്ച അമ്മയുടെ ഏകമകനായ തുകൊണ്ട് തന്നെ നാട്ടിലെ എല്ലാ ചട്ടമ്പി തരത്തിനും മുമ്പിൽ ഉണ്ടായിരുന്നു. എന്നാൽ എപ്പോഴോ മിലിറ്ററി പശ്ചാത്തലം പ്രമേയമായ ഒരു ഹിന്ദി ചലച്ചിത്രം അയാളുടെ മനസിൽ രാജ്യസ്നേഹത്തിന്റെ വിത്തുപാകി. ആദ്യമായി യൂണിഫോം ഇട്ട് അയാൾ ഉറക്കെ വിളിച്ചു MERA BHARAT MAHAN അവിടുന്ന് ഒരു ജൈത്ര യാത്രയായിരുന്നു

ചായ കുടിച്ച ശേഷം അയാൾ മറ്റൊരു മുറിയിലേക്ക് പോയി വാതിൽ തുറന്നു അമ്മ ശാന്തമായി ഉറങ്ങുകയാണ്

അമ്മേ... 

എവിടേക്കാ ഈ രാത്രിയിൽ... കൊറോണ എമർജൻസി. റിപ്പോർട്ട് ചെയ്യാൻ ഉത്തരവ് വന്നു ഞാൻ പോയിട്ട് വരാം. അമ്മയുടെ മുഖം വാടി അയാൾ യാത്ര പറഞ്ഞിറങ്ങി. അമ്മ ക്യാമ്പിൽ എത്തിയിട്ട് രണ്ടു ദിവസം മാത്രമേ ആയുള്ളൂ. നാട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു സുപ്രധാന ഓപ്പറേഷൻ കഴിഞ്ഞു വന്നതിനാൽ ഉടനെ എമർജൻസി ഡ്യൂട്ടി ഒന്നും കാണില്ല എന്ന ധാരണയിലാണ് അയാൾ അമ്മയെ നിർബന്ധിച്ച അവിടേക്ക് വരുത്തിയത്. അമ്മ നാട് വിട്ട് എങ്ങും പോയിട്ടില്ല 60 വയസ്സിന് അടുത്താണ് പ്രായം ഒരു ആശാവർക്കർ ആയിരുന്നു എങ്കിലും നല്ലൊരു പരിസ്ഥിതി പ്രവർത്തക കൂടിയാണ് ജഗദമ്മ എന്ന ഈ അമ്മ. പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നടാൻ കൃഷിത്തോട്ടങ്ങൾ നിർമ്മിക്കാനും വീട്ടമ്മമാർക്കും കുട്ടികൾക്കും പച്ചക്കറി കൃഷിക്ക് വേണ്ട സഹായങ്ങൾ നൽകാനും എപ്പോഴും സന്നദ്ധരായിരുന്നു ഈ മാതാവ്. കുട്ടികൾ സ്നേഹത്തോടെ ആശാമ്മ എന്നാണ് വിളിക്കാറ്. പ്രബുദ്ധരായ ഒരു കൂട്ടം യുവാക്കൾ ആ ഗ്രാമത്തിൽ ഉണ്ടായതിന്റെ പ്രധാന കാരണം ഈ അമ്മയാണ് അവരുടെ സന്നദ്ധ പ്രവർത്തനസാമർത്ഥ്യം കഴിഞ്ഞ പ്രളയ കാലത്ത് അവർ തെളിയിച്ചതാണ് ഒന്നിനും കൊള്ളാത്തവൻമാർ എന്ന് നാട്ടുകാർ വിധിയെഴുതിയ ഒരുപറ്റം യുവാക്കൾ നാട്ടുകാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും മറ്റും പെറുക്കി കളഞ്ഞു ആ നാടിനെ പ്രളയത്തിൽ നിന്നും രക്ഷിച്ചു.ഈ ആരവങ്ങൾക്കിടയിൽ നിന്നുമാണ് ആസാമിലെ ശാന്തമായ മിസമാരി എന്ന ഈ മിലിറ്ററിബേസിലേക്ക് അവർ എത്തിയത്.

തീർത്തുംഅപരിചിതമായ പ്രദേശമായിരുന്നു. എങ്കിലും അവർക്ക് അവിടം നന്നേ ഇഷ്ടപ്പെട്ടു എങ്ങും പച്ചപ്പ്. കണ്ണാടി പോലുള്ള തെളിഞ്ഞ വെള്ളം. പ്ലാസ്റ്റിക് എങ്ങും  കാണാനേ ഇല്ല. ശുദ്ധമായ വായു ഇടയ്ക്കിടെ വിളഞ്ഞുനിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ കുഞ്ഞു കണ്ണുള്ള കുഞ്ഞുങ്ങൾ അമ്മയുടെ ശ്രദ്ധ ആദ്യമേ  ആകർഷിച്ചു. അവർ സന്തോഷവതിയായിരുന്നു.

അയാൾ കോർട്ടർ ഗാർഡിൽ എത്തി. ഓഫീസർ അയാൾക്കായി കാത്തിരിക്കുകയായിരുന്നു

കേണൽ പ്രതാപ് സിംഗ്. റിട്ടയർമെന്റ് ആകാൻ രണ്ടു മാസം കൂടിയേ ഉള്ളൂ എങ്കിലും അദ്ദേഹം സദാ കർമ്മനിരതനായിരുന്നു. കാർഗിലിലെ സ്തുത്യർഹ സേവനത്തിനു വിശിഷ്ട സേവാമെഡൽ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ജൂനിയർ ഓഫീസർമാർ ക്ക് പ്രിയപ്പെട്ട ഹരിയാനക്കാരൻ.

രാവിലെ 10 മണിക്ക് വരുന്ന ഹെലികോപ്റ്ററിൽ ഡൽഹിയിലേക്ക് പോകണം. അവിടുത്തെ അവസ്ഥ വളരെ ദയനീയം ആണെന്ന് ഓഫീസർ അറിയിച്ചു 

അയാളുടെ മുഖം വാടി. അമ്മയെ എന്ത് ചെയ്യും?

തന്റെ അമ്മയെ കുറിച്ച് ഓഫീസറോട് അയാൾ പറഞ്ഞു

ഉൻകി ദേഖ്ഭാൽ ഹം കാരേംഗേ ക്യാപ്റ്റൻ. മാ കി ദേഖ്ഭാൽ കെ ലിയേ ഏക് ജവാൻ വഹാം സരൂർ ഹോഗാ. ആ നറുക്ക് വീണത് ജസ്പാലിനു ആയിരുന്നു. . അഭിവാദനം ചെയ്തു അയാൾ മുറിയിൽ നിന്നിറങ്ങി തിരികെ കോർട്ടേഴ്സ് എത്തിയപ്പോൾ മുഖം മങ്ങിയിരുന്നു . പൂമുഖത്ത് തന്നെ അമ്മയുണ്ടായിരുന്നു.

എന്താ മോനെ....
ഉടനെ ഡൽഹിയിൽ എത്തണം. 

എപ്പോൾ തിരിക്കണം..? ഉടനെതന്നെ 10 മണിക്ക് കോപ്റ്റർ എത്തും. ശരി പെട്ടെന്ന് ഞാൻ ആഹാരം എടുക്കാം. അമ്മേ.. അയാൾ വിളിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.

ഞാൻ അമ്മയെ വിളിച്ചു വരുത്തിയിട്ട്.... 

സാരമില്ലടാ ഞാൻ നല്ല ആരോഗ്യവതി അല്ലേ അവിടെ എന്നെ പോലെ ധാരാളം അമ്മമാർ ഉണ്ടാകും. മക്കളില്ലാത്തവർ ആഹാരമില്ലാത്തവർ നിരാലംബർ അങ്ങനെ അങ്ങനെ അവർക്കൊക്കെ താങ്ങായി നിൽക്കാൻ ആണ് നീ യൂണിഫോം ധരിച്ചത്. എനിക്ക് എന്താ ഇവിടെ കുറവ്? അമ്മേ സഹായത്തിനായി ഒരാളെ ഡ്യൂട്ടിക്ക് ഇടാം എന്ന് ഓഫീസർ അറിയിച്ചിട്ടുണ്ട് അമ്മ ചിരിച്ചു..

ആരും ഇല്ലെങ്കിലുംസാരമില്ല. 

അമ്മ അടുക്കളയിലേക്ക് പോയി

അയാൾ പെട്ടെന്ന് എല്ലാം പായ് ക്ക് ചെയ്ത് റെഡിയായി അമ്മയോടൊപ്പം പ്രാതൽ കഴിച്ച് എഴുന്നേറ്റപ്പോൾ തന്നെ ജീപ്പ് വന്നു. 
ഇറങ്ങട്ടെ....
ജസ്പാൽഎല്ലാ പെട്ടിയുമെടുത്ത് ജീപ്പിൽ വച്ചു. അയാൾ മാതാവിനെ കെട്ടിപ്പിടിച്ച് നെറുകയിൽ  മുത്തി യാത്ര പറഞ്ഞിറങ്ങി. തിരിഞ്ഞു ഒരിക്കൽ കൂടി അമ്മയെ നോക്കാനുള്ള ശക്തി അയാൾക്ക് ഇല്ലായിരുന്നു. സൈഡ് ഗ്ലാസ്സിൽ കൂടി അമ്മ കണ്ണു തുടയ്ക്കുന്നത് കണ്ടു അയാൾ അയാളുടെ മനസ്സ് വേദനിച്ചു 

ഏകദേശം 11 മണിയോടെ കോപ്റ്റർ ഡൽഹിയിലെത്തി ഫോർമാലിറ്റീസ് എല്ലാം പൂർത്തിയായി മൂന്നു മണിക്ക് തന്നെ മയൂർ വിഹാർ സെക്ടർ ഡ്യൂട്ടിക്ക് കയറി ആകെ കലുഷിതമായിരുന്നു അവിടം തലങ്ങും വിലങ്ങും ഓടുന്ന ആംബുലൻസുകൾ മണിക്കൂറിൽ രണ്ടു മരണം എങ്കിലും ഉറപ്പ് അശാന്തിയുടെ വേലിയേറ്റം ആയിരുന്നു എല്ലാവരുടെയും മുഖത്ത്. ഡ്യൂട്ടി പോസ്റ്റിലേക്കുള്ള യാത്രയിൽ അയാൾ വാഹനത്തിലിരുന്ന് അമ്മയെ വിളിച്ചു. ഞാൻ എത്തി... ഇടവേളകൾ വിരളമായിരുന്നു എങ്കിലും കിട്ടുന്ന സമയത്ത് അയാൾ അമ്മയോട് സംസാരിച്ചു. വിളിക്കുമ്പോൾ ഒക്കെ അമ്മ ചോദിക്കും മാസ്ക് മാറ്റിയോ..... ആറു മണിക്കൂർ കൂടുമ്പോൾ മാസ്ക് മാറ്റണം..... മാസ്കിൽ കൈ തൊടരുത്... റോഡ് വക്കിലെ ബാരിക്കേഡിൽ തൊടരുത്.... കൈയിൽ ഗ്ലൗസ് ഇട്ടിട്ടുണ്ടോ? പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം.... കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർകൊണ്ട് വൃത്തിയാക്കണം ധാരാളം വെള്ളം കുടിക്കണം... ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ കയറുന്നതിനുമുമ്പ് യൂണിഫോം സ്വന്തമായി കഴുകി ഉണക്കാൻ ഇടണം കിട്ടുന്ന സമയം മൊബൈലിൽ കുത്തി ഇരിക്കാതെ നല്ല ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങണം അങ്ങനെ അങ്ങനെ ഇടവേളകളിൽ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു കർമ്മനിരതനായി അയാൾ. ഓരോ തവണയും അമർ ജ്യോതി കടന്നു പോകുമ്പോൾ മനസ്സുകൊണ്ട് നമിക്കും

AMAR JAWAN...

കോവിഡ് ഡ്യൂട്ടിക്കിടയിൽ ജീവൻ ത്യജിക്കുന്ന പോലീസ് -മിലിറ്ററി -പാരാമിലിറ്ററി.. ആരോഗ്യ മേഖലയിലെ പോരാളികൾക്ക് ആരെങ്കിലും സ്മാരകം തീർക്കുമോ? മുൻകൈ എടുക്കണം.. അയാൾ തീരുമാനിച്ചു തിരക്ക് കൂടുന്നതിനനുസരിച്ച് വിളി കുറഞ്ഞു. വിളി ആഴ്ചയിലൊരിക്കൽ ആയി കുറഞ്ഞു. ക്രമേണ അമ്മ എന്ന മധുരം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു.

ഇതേസമയം പുതിയ ജീവിതമായി താതാമ്യപെടുവാൻ ശ്രമിക്കുകയായിരുന്നു അമ്മ. പക്ഷേ സാധിക്കുന്നില്ല ഓർമവെച്ച നാൾമുതൽ മണ്ണുമായി മത്സരത്തിലായിരുന്നു എല്ലാദിവസവും കൃത്യസമയം ആ ഹാരവുമായി ജസ്പാൽ വരും. സംസാരിക്കണം എന്നുണ്ട്. എന്നാൽ ഭാഷ അതായിരുന്നു ഏറ്റവും വലിയ പ്രശ്നം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ പഠിച്ചു. മാ എന്നാൽ അമ്മ. മറുപടി പറയാൻ അറിയില്ല അതിനാൽ പ്രസന്നമായ പുഞ്ചിരിയായിരുന്നു മറുപടി. അമ്മ പതിയെ പുറത്തിറങ്ങാൻ തുടങ്ങി നല്ല വളക്കൂറുള്ള മണ്ണാണ്. പച്ചക്കറിക്ക് ഉത്തമം പക്ഷേ വിത്ത് എങ്ങനെലഭിക്കും? എന്നാൽ ലോകത്ത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ അമ്മയ്ക്ക് അറിയാമായിരുന്നു. ആംഗ്യ ഭാഷ ആ ഭാഷയിലൂടെ അഗാധമായ ഒരു ആത്മബന്ധം അവർ വളർത്തിയെടുത്തു. ജസ്പാലിനു തന്റെ മരിച്ചു പോയ അമ്മയെ തിരികെ കിട്ടിയ പോലായിരുന്നു. സാബ് ദില്ലിക്ക് വിട്ട ഓഫീസറോട് അവൻ മനസ്സിൽ ആയിരം നന്ദി പറഞ്ഞു. ഓരോ പച്ചക്കറിയും കയ്യിലെടുത്ത് തന്റെ ആവശ്യം അമ്മ അയാളെ അറിയിച്ചു. വിത്തുകൾ വന്നു തൂമ്പാ വന്നു കൃഷി ആരംഭിച്ചു ആദ്യം അടുക്കാതിരുന്ന ക്വാർട്ടറിലെ കുഞ്ഞുങ്ങൾ പിന്നീട് അമ്മയെ സഹായിക്കാൻ കൂടെ കൂടി രണ്ടു വയസ്സുള്ള ഡൂഡു മുതൽ 19 വയസ്സു വരെയുള്ള ജിമ്മൻ മൻപ്രീത് വരെ അവരെ സഹായിക്കാൻ കൂടി ആർക്കും വേറെ പണിയൊന്നുമില്ലല്ലോ.

ലോക്ക് ഡൌൺ അല്ലേ... 
ഒരു ദിവസം രാവിലെ കോളിംഗ് ബെൽ കേട്ട് കതകു തുറന്നപ്പോൾ മനോഹരമായ കോട്ടൻസാരിയുമായി ഒരു പെൺകുട്ടി 

ദാദി മാ മാസ്ക് ബനവോ ഗേ... അമ്മ സന്തോഷത്തോടെ തലയാട്ടി. ജസ്പാൽ വന്നപ്പോൾ തയ്യൽ മെഷീൻ വേണമെന്ന് പറഞ്ഞു. അതും വന്നു. അമ്മ മാസ്ക് നിർമ്മാണം ആരംഭിച്ചു. കോർട്ടർ നിറയെ കുട്ടികൾ. കാജോളും സോണിയും തേജസ്സും ഒക്കെ ചേർന്ന് മാസ്കിൽ മനോഹരമായ ചിത്രങ്ങൾ തുന്നിച്ചേർത്തു. യേ ഗേൾസ് കേലിയെ.. അവർ ഒറ്റ സ്വരത്തിൽ പറഞ്ഞു ഫാബ്രിക് പെയിന്റ് കൊണ്ട് ജോക്കറി ന്റെയും സ്പൈഡർമാന്റെയും മറ്റും ചിത്രങ്ങൾ വരച്ചു മൻപ്രീതും കൂട്ടുകാരും ആൺ കുട്ടികൾക്കായി മാസ്ക് റെഡിയാക്കി. 300 മാസ് ആയപ്പോൾ കുട്ടികൾ ഒരു മാസ്കിനു 10 രൂപ നിരക്കിൽ ക്വട്ടേഴ്‌സുകളിൽ വിറ്റു തന്നെ നല്ലൊരു തുക സമ്പാദിച്ചു. അവരവരുടെ ചെറിയ സമ്പാദ്യം കൂട്ടിച്ചേർത്ത് ഇരുപത്തി അയ്യായിരം രൂപ ശേഖരിച്ച് പ്രധാനമന്ത്രിയുടെ കോവിഡ് നിധിയിലേക്ക് സംഭാവന നൽകി. ദാദി മാ ഹമാര ഹീറോ.. അമ്മയുടെ മാസ്ക് യൂണിറ്റിൽ വൈറൽ ആയി അമ്മയുടെ ഏകാന്തത അവർ ആഘോഷമാക്കി മാറ്റി...

ഷഹ്ദാരാ മേഖലയിലെ വയോധികരെ ഇൻഡോ ടിബറ്റൻ പോലീസ് ക്യാമ്പിലേക്ക് മാറ്റുന്ന സമയം. വിശ്രമം ഇല്ലാത്ത ജോലി അയാളെ തീർത്തും അവശനാക്കി. നല്ല ക്ഷീണം ക്യാമ്പിലെ മെഡിക്കൽ ക്യാമ്പിൽ ബിപി നോക്കി. Lower Hippertension Saab...ആപ് ക്വാറന്റൈൻ ജായിയെ.. സ്രവം പരിശോധനക്ക് എടുത്തു ക്യാമ്പിൽ വന്നു കിടന്നതു മാത്രം ഓർമയുണ്ട്. കണ്ണുതുറന്നപ്പോൾ... COVID-19 POSITIVE ഐസൊലേഷൻ നീണ്ട 20 ദിനങ്ങൾ.. ദിനരാത്രങ്ങൾ അറിഞ്ഞില്ല പൂർണ വിശ്രമം ആവിശ്യമായതിനാൽ ഫോൺ നോക്കാൻ കൂടി അനുവാദം ഇല്ലായിരുന്നു. ഒടുവിൽ നാലാമത്തെ റിപ്പോർട്ടും എത്തി നെഗറ്റീവ്. ഡിസ്ചാർജ് ആയി. ഡിസ്ചാർജ് ഷീറ്റുമായി യൂണിറ്റ് ഡോക്ടർ വന്നു. ഡിസ്ചാർജ് ഷീറ്റിനോടൊപ്പം ഫോണും നൽകി ആപ്കാ മാ ലൈൻ മേ ഹേ... അമ്മേ... അയാൾ പൊട്ടികരഞ്ഞു മോനെ.. അമ്മക്ക് സുഖമാണ്.. എത്രയും വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിച്ചു... അയാൾക്ക് സന്തോഷമായി ആംബുലൻസ് വന്നു എല്ലാവർക്കും നന്ദി പറഞ്ഞു അയാൾ യൂണിറ്റിലേക്ക് തിരിച്ചു യൂണിറ്റിൽ എത്തിയപ്പോൾ എല്ലാ ക്വാട്ടേഴ്സ്ന്റെ മുന്നിലും മുഖത്തു മനോഹരമായ മാസ്കും കൈയിൽ പൂക്കളുമായി സ്വാഗതമരുളി കുട്ടികൾ. ക്വാട്ടേഴ്സ്ന്റെ മുന്നിൽ അമ്മയുണ്ട് കൈയിൽ ഗ്ലൗസും മുഖത്തു മാസ്കും. ആംബുലൻസിൽ നിന്നും ഇറങ്ങിയ അയാൾ അത്ഭുതപ്പെട്ടു എല്ലായിടവും പച്ചക്കറിതോട്ടം ഒരേ ഒരു മാസം എന്തൊരു മാറ്റം മോനെ... മുറിയിലേക്ക് പോയ്‌കൊള്ളൂ. അവിടെ എല്ലാം റെഡി ആണ്. അമ്മ ക്വാറന്റൈൻ തീരും വരെ ജസ്പാലി നോടൊപ്പം. ഇനി മക്കൾ രണ്ടാണ് അയാൾ ചിരിച്ചു ജസ്പാൽ അമ്മയെ ജീപ്പിൽ കയറാൻ സഹായിച്ചു കൈവീശി യാത്ര പറഞ്ഞു ജീപ്പ് മുന്നോട്ട് നീങ്ങി അയാൾ ക്വാട്ടേഴ്സിലേക്കും.

രേണുക ദേവി വി.ആർ.
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ