സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിദകത്തെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിദകത്തെ കാഴ്ചകൾ      
   ഒരു തരത്തിലുള്ള മറു ചോദ്യവും ഏറ്റുമുട്ടലുമില്ലാതെ നാം വീട്ടകത്തേക്കു കടന്നു. അത് ആഴ്ചകളിൽ നിന്ന് ആഴ്ചകളിലേക്കു പടരുന്നു. പുതിയ തീണ്ടലുകളും ഭ്രഷ്ടുകളും നമ്മുടെ ശീലമായി. നാം പടുത്തുയർത്തിയതും വെട്ടിപ്പിടിച്ചതുമെല്ലാം നമുക്കു തുണയും ഗുണവുമേകാത്ത കാലം. മനുഷ്യനു വേണ്ടിയാണ് ഈ ഭൂമിയിലെ എല്ലാം എന്ന അധികാരബോധത്തിൽ ആർത്തുല്ലസിച്ചിരുന്ന മനുഷ്യൻ കേവലം ഒരു സൂക്ഷ്മജീവിയെ പിടിച്ചു കെട്ടാനാകാതെ പകച്ചു നിൽക്കുന്നു.
   മനുഷ്യാസ്തിത്വത്തിൻറെ അർഥത്തെയും അർത്ഥരാഹിത്യത്തെയും കുറിച്ച് ആദ്ധ്യാത്മ ദർശനങ്ങളും മനുഷ്യകുലത്തിൻറെ പാരമ്പര്യ ജ്ഞാനവും നൽകുന്ന ഉൾകാഴ്ചകളിലേക്കു പലരും തിരിയുന്നു. എന്നാൽ വ്യവസ്ഥാപിത മതങ്ങളും മിക്ക രാഷ്ട്രഭരണകർത്താക്കളും അവയെ പരിഗണിക്കാതെ നീങ്ങുന്നു.
   മനുഷ്യാവകാശങ്ങൾ പലതും, പ്രത്യേകിച്ച് സ്വത്തും സ്വാതന്ത്ര്യവും എല്ലാം വലിച്ചെറിഞ്ഞ് പൊതുനന്മ കൊണ്ടേ വ്യക്തിക്ക് നന്മ സാധ്യമാകൂ എന്നും തിരിച്ചറിയുന്നു. അതിവേഗതയുടെ പരക്കം പാച്ചിലിൽ ഒന്നിനും സമയമില്ലെന്ന് വിലപിച്ചവർ, നന്മയ്ക്ക് ഒച്ചിൻറെ വേഗതയാണ് ഉള്ളതെന്ന ഗാന്ധിവചനത്തിൻറെ പൊരുൾ മനസിലാക്കുന്നു.
   എനിക്ക് എന്തുവന്നാലും എൻറെ സമ്പത്തും വിഭവങ്ങളും പിന്തുണക്കും എന്നു വിചാരിച്ചവർ അതൊന്നും സഹായിക്കില്ല എന്ന് തിരിച്ചറിഞ്ഞു. ലോകത്തെ വെട്ടിപ്പിടിക്കാനും നിഗ്രഹിക്കാനും ലോകരാഷ്ട്രങ്ങൾ ഉണ്ടാക്കി വച്ച ആയുധ ശേഖരങ്ങൾ നോക്കുകുത്തികളായി മാറുകയും ശ്വാസം നിലനിർത്താനുള്ള വെൻറിലേറ്റർ എന്ന പടക്കോപ്പിനായി തേടി അലയുകയും ചെയ്യുന്നു.
   മറ്റു ജീവജാലങ്ങളുടെ സ്വസ്ഥതയും സ്വൈര്യജീവിതവും തടസ്സപ്പെടുത്തിയ മനുഷ്യരുടെ ശല്യം ഇല്ലാതായപ്പോൾ മറ്റു ജീവജാലങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നത് നമുക്കു കാണാനാവുന്നു. വലിയ ആർഭാടത്തിലും സുഖങ്ങളിലും കൊണ്ടാടിയിരുന്ന വിവിധ ചടങ്ങുകൾ കാര്യമാത്ര പ്രസക്തമായി ലളിതമായി നടത്താനാകുന്നതും നാം കാണുന്നു.
   ഈ തിരിച്ചറിവിൽ നിന്ന് നാം ഒട്ടേറെ പഠിക്കുകയും പുതിയ ജീവിതരീതികൾ ആർജിക്കുകയും ചെയ്യേണ്ടതുണ്ട്. ചില നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.
  • മണ്ണിനെ മറന്ന മനുഷ്യന് തിരിച്ചുപോക്കിനുള്ള അവസരമാണ് ഇതു സമ്മാനിക്കുന്നത്. കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും നിർബന്ധിത വിഷയമായി മാറുകയും വേണം.
  • ഭൂമിയെ മലിനമാക്കുന്ന അനിയന്ത്രിതമായ വാഹന ഉപയോഗവും ചരക്കുനീക്കവും കാർബൺ ഫുട്പ്രിൻറ് വർദ്ധിപ്പിക്കുന്നു. അതിനാൽ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടുത്തണം. സൈക്കിൾ സവാരി, നടത്തം എന്നിവ ജീവിതരീതിയുടെ ഭാഗമാക്കണം.
  • നമുക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നമ്മൾ തന്നെ ഉല്പാദിപ്പിക്കുന്ന അവസ്ഥ സംജാതമാകണം. പലകാര്യങ്ങളിലും സ്വാശ്രയത്വം ശീലമാക്കണം.
  • കോവിഡ്കാല ആരോഗ്യശീലങ്ങൾ തുടർന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ നിത്യശീലങ്ങളായി മാറണം.
  • വ്യവസ്ഥാപിത സ്കൂൾ അധ്യയനത്തിനു പുറത്ത് ശാസ്ത്രത്തിൻറേയും പരിസ്ഥിതിയുടെയും കരവിരുതുകളുടെയും മേഖലയിൽ പരീക്ഷണങ്ങളും മാതൃകകളും രൂപപ്പെടുത്തിയിട്ടുള്ള ഒട്ടേറെ മനുഷ്യരെ ഈ കാലത്ത് കണ്ടുമുട്ടി. അവർ കുട്ടികൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ എത്രയോ ക്രിയാത്മകമാണെന്നും പ്രകൃതി സൗഹൃദമാണെന്നും അനുഭവിച്ചറിഞ്ഞു. അത്തരം കൂട്ടായ്മകളെ ശക്തിപ്പെടുത്തണം. കോവിഡ് പൂർവ്വകാലത്ത് പിന്തിരിപ്പന്മാരും വ്യവസ്ഥാ വിരുദ്ധന്മാരുമായി സമൂഹം മുദ്രകുത്തപ്പെട്ടവരായിരിക്കും ഇതിൽ ഭൂരിഭാഗവും.
   മനുഷ്യ കേന്ദ്രീകൃതമായ ലോകം എന്ന കാഴ്ചപ്പാട് മാറ്റുകയും അൃില ചമലൈ നെപ്പോലുള്ളവർ പറഞ്ഞ ഗാഢ പരിസ്ഥിതിവാദപരമായ നിലപാടുകൾ വിലയിരുത്തുകയും വേണം. ഒരു പക്ഷേ ഈ ഭൂമിക്ക് മനുഷ്യൻ ഒരു അവശ്യഘടകമല്ല. കോടിക്കണക്കിനു ജീവികളിൽ ഒന്നുമാത്രമാണ്. മറ്റു ജീവികളുടെ പ്രാധാന്യം മനുഷ്യൻറെ അളവുകോലുകളിൽ അളക്കുന്നതും ശരിയല്ലെന്നാണ് Naess പറയുന്നത്. മനുഷ്യൻറെ ഈ അധീശത്വ പ്രവണതക്കെതിരേയാണ് സൂക്ഷ്മ ജീവികൾ തിരിച്ചടിക്കുന്നത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തൊടാൻ പറ്റില്ലെന്ന നിയമത്തിലേക്ക് ഒരു സൂക്ഷ്മജീവി മനുഷ്യ സമൂഹത്തെ കൊണ്ടെത്തിച്ചു. സൂക്ഷ്മ ജീവികൾ നമുക്കു തന്ന പാഠം ഉൾക്കൊണ്ട് പുരാതന പാരമ്പര്യങ്ങളിലും മറ്റും പുലർത്തിയിരുന്ന ജീവൻറെ ഏകാത്മകത എന്ന തത്വം, ജീവനുള്ള എല്ലാത്തിനേയും അതിൻറെ അസ്തിത്വം അംഗീകരിച്ച് ബഹുമാനിക്കാൻ തയ്യാറാകുന്ന ഒരു ജീവിത രീതി നമുക്കു പുലർത്താൻ കഴിയട്ടെ.
ഡോ ലെജു പി. തോമസ്.
HSST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം