സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു തിരിച്ചറിവിന്റെ കാലം

ഒരു തിരിച്ചറിവിന്റെ കാലം   
ഇനിയും എന്നിലേക്കെത്താത്ത ആ അദ്ര്യശ്യ ദുരന്തത്തിൽ വീണുപോയ ആയിരങ്ങൾക്ക് പ്രണാമം.

എവിടെയും മാറ്റത്തിന്റെ വേറിട്ട ഒരു കാഴ്ച. ഒരു തിരിച്ചറിവിന്റെ കാലം.....

അകന്നു നിന്ന് അടുത്തറിയാനുള്ള വെമ്പൽ. തിരിച്ചറിയാത്ത ശത്രുവിനെതിരെ അടച്ചും അടങ്ങിയും അകന്നും, കഴുകിയും പടപ്പുറപ്പാട്.

അവധിക്കാലം യാത്രയുടെ അറ്റത്തു ചിലവഴിച്ചവർ ഒരുമിച്ച് ഒരു കൂരകീഴിൽ. അതിലേറേ അങ്ങും ഇങ്ങും, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാടും വീടും വിട്ടവർ. പരിചയക്കാർ സുഹൃത്തുക്കൾ ആകുന്നു, ഉറ്റ സുഹൃത്തുക്കളും , ബന്ധുക്കളും പരസ്പരം കൈത്താങ്ങ് ആകുന്നു. ബന്ധത്തിനും ബന്ധനത്തിനും ഇടയിലെ അളവുകോൽ തെറ്റാണെന്ന് ചിലരെങ്കിലും വിളിച്ചറിയിക്കുന്നു.

"എനിക്കു വിശക്കുന്നു എന്തെകിലും... " എന്ന കേട്ട മാത്രയിൽ തിരിഞ്ഞു നടന്ന പലരും വിശക്കുന്നവരെ തേടി അലയുന്നു, അവരുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നു, വേണ്ടുവോളം പകരുന്നു (പകരുന്നത് പകർത്തി സോഷ്യൽ മീഡിയയുടെ വിശപ്പടക്കുന്നവരോട് പുച്ഛം മാത്രം). എവിടെയും സോഷ്യലിസവും സാഹോദര്യവും മാത്രം....

വിഷുവും ഈസ്റ്ററും ആർക്കും സ്വന്തമല്ലാന്നു ഓർമിപ്പിച്ചു മടങ്ങിപ്പോയി. ഇഫ്താർ ഇല്ലാതെ ഈ റംസാനും കടന്നുപോകും.

അമ്പലവും, പള്ളിയും, മദ്രസയും വിശ്വാസികൾക്കും, അവിശ്വാസികൾക്കും മുന്നിൽ അടഞ്ഞു തന്നെ കിടന്നു.

കാലങ്ങളോളം പൊടിപിടിച്ചുകിടന്ന ബന്ധങ്ങൾ തേച്ചുമിനുക്കി വെടിപ്പാക്കുന്നു. വിളിച്ചനേഷിക്കാത്തവർ മെസ്സേജിലൂടെ വിവരം അന്വേഷിക്കുന്നു. പിറന്ന നാടും പെറ്റമ്മയും പെട്ടന്നൊരുനാൾ പ്രിയപ്പെട്ടവരാകുന്നു. അന്നന്നു അന്നം തേടിയവർ നാലുചുവരിനുള്ളിൽ താടിക്കു 'കൈ'ത്താങ്ങായി നെടുവീർപ്പിൽ അമരുന്നു. ഭരണാധികാരികളും, ആതുര സേവകരും, നിയമപാലകരും നന്മയുടെ കാവൽക്കാരാകുന്നു.

ഉറ്റവരുടെ "അവസാന ബാക്കി" ഒരകലെ മാറി യാത്രയാക്കുന്നു. ആറടി മണ്ണിൽ അമർന്നു ഞരിയേണ്ടവർ അപരിചിതരോടൊപ്പം അന്തിയുറങ്ങുന്നു.

ഒരു തിരിച്ചറിവിന്റെ കാലം....

നമ്മൾ അതിജീവിക്കും, എനിക്കുറപ്പുണ്ട്. (ഈ )കാലം നമ്മിൽ ഏൽപ്പിച്ച നന്മകൾ ബാക്കി ആകുമോ, അതോ മറവി അനുഗ്രഹം ആയെന്ന് അഹങ്കരിക്കുമോ... കാത്തിരുന്നു കാണാം..

ഒരിക്കൽ കൂടി, ഈ അദ്ര്യശ്യ ദുരന്തത്തിൽ അറിയാതെ കാലിടറിയ ആയിരങ്ങൾക്ക് പ്രണാമം. ഉറ്റവരുടെ വേദനയിൽ ഞാനും.

പ്രാർത്ഥനയോടെ....

Sajan K George
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം