മാവേലി വാണൊരു മലയാളനാടേ,
നിൻ മുന്നിൽ ആയിരം പൂച്ചെണ്ടുകൾ
സഹ്യന്റെ മാറിൽ തല ചായ്ച്ചുറങ്ങും
മാമലനാടിന്നഭിനന്ദനം, മാമലനാടിന്നഭിനന്ദനം
കളകളം പാടും പുഴകളേ, പൂക്കളേ
ശാരികപ്പൈതലേ, പൂന്തെന്നലേ-
ആർത്തിരമ്പും തിരമാലകളേ, നിങ്ങൾ
ആദരാൽ വന്ദിപ്പിൻ മലയാളമക്കളെ
പൂഴിയിൽ വീണഴിയുന്ന വിത്തുപോൽ.
മറുനാട്ടിൽ അന്നത്തിനദ്ധ്വാനിപ്പോർ
പുതുജീവൻ നൽകാനും സാന്ത്വനമാകാനും
കരളുറപ്പുള്ളതാം ആതുരസേവകർ
കൈകോർത്തുനിർത്താനും കൈത്താങ്ങുനൽകാനും
ഒപ്പം നടക്കുന്നു കരുത്തേറും നേതാക്കൾ
ചുറ്റിലും കാവലായ് പോലീസുസേനയും
എന്തിനും പോന്നൊരു സന്നദ്ധ സംഘവും
പിന്നെ നാം എന്തിനുപേടിക്കണം?
വെറുതെ നാം എന്തിന് ആകുലരാകണം
പ്രബലമാം പ്രതിരോധ മതിൽ കെട്ടി
ഒന്നിച്ചു നിന്നു നാം വെല്ലുമീ മൃത്യുവേ
പ്രളയത്തെ കണ്ടിട്ടും പകച്ചില്ല മലയാളി
ഓഖിയും അതുപോൽ സുനാമിയും കടന്നുപോയ്,
ഇത്തിരിപോന്നൊരീ കൊറോണ വൈറസിനും
മലയാള മണ്ണിൽ വളമില്ല ജീവനും
വൻകിട രാജ്യങ്ങൾ വൈറസാൽ തകരുമ്പോൾ
ഈ മഹാവ്യാധിയെ നാം ഒന്നായ് ബന്ധിക്കും
മാമലനാടിന്റെ പൊന്നോമൽ മക്കളെ!
നിങ്ങൾ വണങ്ങുവിൻ നാടിന്റെ നേതൃത്വം
ആതുര രംഗത്തെ സ്നേഹ ശുശ്രൂഷക്കായ്
ആദരാൽ അർപ്പിക്കാം പ്രാർത്ഥനാസൂനങ്ങൾ
നാടിന്നു കാവലായ് നിലകൊള്ളും ധീരരേ
നിങ്ങൾക്ക് മുൻപിലും നാടിന്റെ കൂപ്പുകൈ
അതിജീവനത്തിന്റെ ഈ അടർത്തട്ടിലും
അതിധീരമായ് നാം ഉയിർ കൊള്ളും നിശ്ചയം
ഭയം വേണ്ട ജാഗ്രത മാത്രം മതിയിനി!!!
പുത്തൻ പുലരി വിദൂരമല്ല....