സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /തീരുമാനം

Schoolwiki സംരംഭത്തിൽ നിന്ന്
തീരുമാനം
    "മോനേ ആൽബിനേ, എഴുന്നേൽക്ക്..." കട്ടിലിൽ കിടക്കുന്ന ആൽബിന്റെ  ചെവികളിൽ അമ്മയുടെ ശബ്ദം മുഴങ്ങി. അവൻ കണ്ണ് തിരുമ്മി  നോക്കിയപ്പോൾ അവന്റെ അനുജത്തി ഹെലൻ അടുത്തു കിടന്നു ഉറങ്ങുന്നുണ്ട്. അവൻ ക്ലോക്കിലേക്ക് നോക്കി. സമയം ഇനിയും ആറുമണി ആയിട്ടില്ല. അമ്മ എന്തിനാണ് ഇന്ന് നേരത്തെ വിളിച്ചതെന്ന് അവൻ ആലോചിച്ചു. അവൻ തന്റെ അനുജത്തി ഹെലനെ വിളിച്ചു. അവൾ കണ്ണു  തിരുമ്മി കൊണ്ട് ചോദിച്ചു: "എന്തിനാ ചേട്ടായി ഇന്ന് നേരത്തെ വിളിച്ചത്? സമയം  ആറുമണി ആകുന്നതല്ലേ  ഉള്ളൂ." ആൽബിൻ അനുജത്തിയോട് പറഞ്ഞു:  "അമ്മയാണ് വിളിച്ചത്. അമ്മ സാധാരണ അവധി ദിവസങ്ങളിൽ നേരത്തെ വിളിക്കുന്നതല്ലല്ലോ. വാ,  നമുക്ക് പോയി നോക്കാം."
              അവർ അമ്മയെ അന്വേഷിച്ച് അടുക്കളയിലേക്ക് പോയി.  അമ്മയെ അവിടെ കണ്ടില്ല.  ആൽബിൻ ഹെലനോട് പറഞ്ഞു: "നമ്മളെ വിളിച്ചെഴുന്നേൽപ്പിച്ചിട്ട് ഈ അമ്മ എവിടെ പോയി?" അവർ എല്ലായിടത്തും അമ്മയെ അന്വേഷിച്ചു. ഹെലൻ ജ്യേഷ്ഠനോട് പറഞ്ഞു: "നമ്മൾ പ്രാർത്ഥനാമുറി ഒഴിച്ച് എല്ലായിടത്തും അന്വേഷിച്ചു. അമ്മയെ ഇവിടെയെങ്ങും കണ്ടില്ല. വാ നമുക്ക് പ്രാർത്ഥനാ മുറിയിലും കൂടി പോയി നോക്കാം." അങ്ങനെ അവർ രണ്ടുപേരും കൂടി പ്രാർത്ഥനാ മുറിയിലേക്ക് പോയി. അവിടെ അവർ കണ്ടത് കരഞ്ഞു കൊണ്ടിരിക്കുന്ന തങ്ങളുടെ അമ്മയെയാണ്. അവർ അമ്മയുടെ അരികിലെത്തി. അമ്മ തങ്ങളുടെ പപ്പയുടെ ചിത്രം ചേർത്തുപിടിച്ച് കരയുകയാണ്. അത് കണ്ടപ്പോഴാണ് അവർക്ക് ഓർമവന്നത്; അന്ന് അവരുടെ പപ്പയുടെ ഒന്നാം ചരമവാർഷികം ആയിരുന്നു. അവരുടേയും കണ്ണുകൾ നിറഞ്ഞു. 
              അവരുടെ പപ്പയുടെ പേര് വിപിൻ എന്നായിരുന്നു. മിടുക്കനായ ഒരു ഡോക്ടർ. ചിരികളും കളികളും ഒക്കെയുള്ള സന്തോഷകരമായ ഒരു കുടുംബമായിരുന്നു അവരുടേത്. അങ്ങനെയിരിക്കുമ്പോഴാണ് ലോകം മുഴുവൻ ഒരു മഹാമാരി പടർന്നുപിടിച്ചത്. മരുന്നോ ചികിത്സയോ ഇല്ലാത്ത ഒരു പകർച്ചവ്യാധി. ഒരു ഡോക്ടറായിരുന്നതുകൊണ്ട് അവരുടെ പപ്പയ്ക്കും രോഗം ബാധിച്ച ആളുകളെ ചികിത്സിക്കേണ്ടി വന്നു. അതിനിടെ അദ്ദേഹത്തിനും രോഗം പിടിപെട്ടു. അവസാനം പപ്പ മരിക്കാറായി. ആശുപത്രിയിൽ കിടക്കുമ്പോഴും പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നു: തങ്ങളെയും അമ്മയെയും ഒന്നുകൂടി കാണണം. പപ്പ മരിക്കുന്നതിന്റെ അന്ന് രാവിലെ അധികാരികളുടെ പ്രത്യേക അനുവാദത്തോടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീടിന്റെ കവാടത്തിൽ വന്നുനിന്നു. തങ്ങൾക്ക് പപ്പയുടെ അടുത്തേക്ക് പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പപ്പ പുറത്ത് പോയിട്ട് എപ്പോൾ വന്നാലും ഞങ്ങളെ രണ്ടുപേരെയും വാരിയെടുത്തു കവിളിൽ മുത്തം തരുമായിരുന്നു. അത് ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. തിരിഞ്ഞുനോക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ദൂരെ നിന്ന് തങ്ങളെ  നോക്കിയശേഷം പപ്പ കരഞ്ഞുകൊണ്ട് മടങ്ങിയപ്പോൾ അമ്മ ഞങ്ങളെ രണ്ടു പേരെയും മാറോട്‌ ചേർത്തു പിടിച്ച് ഒരുപാട് നേരം കരഞ്ഞു. അതൊക്കെ ഇന്നലെ കഴിഞ്ഞു പോയതു പോലെ തോന്നുന്നു. പിന്നീടൊരിക്കലും ഞങ്ങൾ പപ്പയെ കണ്ടിട്ടില്ല. അന്നു വൈകിട്ട് പപ്പ മരിച്ചു. 
              ആൽബിൻ അറിയാതെ തന്നെ അമ്മയുടെ അടുത്ത് മുട്ടുകുത്തി നിന്നു. അവർ രണ്ടുപേരും അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചുവച്ചു.  അവരെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു: "പപ്പാ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു കൊണ്ട് ഇതെല്ലാം കാണുന്നുണ്ടാവും. നിങ്ങളും വലുതാകുമ്പോൾ പപ്പയെ പോലെ എല്ലാവർക്കും വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യരായി മാറണം. മറ്റുള്ളവർക്ക് വേണ്ടി മരിക്കാനും മടിയില്ലാത്ത നല്ല മനുഷ്യർ." സമൂഹത്തിനു വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യനാകാൻ അപ്പോൾ അവർ ഉള്ളിൽ തീരുമാനമെടുക്കുകയായിരുന്നു...
മരിയ തോമസ്
4 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ