സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/മനുഷ്യനെന്ന വൈറസ്
മനുഷ്യനെന്ന വൈറസ്
ഇന്ന് നാം പരിസ്ഥിതിയെ കൊല്ലുകയാണ് .നേരിട്ടല്ലെങ്കിലും നമ്മുടെ പ്രവൃത്തിയിലൂടെ പരിസ്ഥിതി മരിച്ചുകൊണ്ടിരിക്കുകയാണ് .കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാനും ഈ ഭുമിയെ സംരക്ഷിക്കാനും വേണ്ടിയാണ് ദൈവം മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച മനുഷ്യന് കൂടുതൽ ബുദ്ധിയും വിവേകവും തന്നിരിക്കുന്നത് .എന്നാൽ നാം ആ വിവേകം കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിക്കാനും ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്താനുമാണ് ഉപയോഗിക്കുന്നത് .അല്ലാതെ പരിസ്ഥിതി സംരക്ഷണത്തിനായല്ല .. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഏറെ പ്രസക്തമായിട്ടുള്ള കാലഘട്ടമാണിത്. മനുഷ്യന് മാത്രമായ് ഈ പ്രകൃതിയിൽ ഒന്നുമില്ല .എല്ലാത്തിലും എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമുണ്ട് .വികസനം എന്ന് പറഞ്ഞു നാം ഇന്ന് പ്രകൃതിയിൽ എന്തോക്കെയാണ് കാട്ടിക്കൂട്ടുന്നത് ?ഈ പ്രക്രിയകൾ പലപ്പോഴും പരിസ്ഥിതിയെ പ്രതികൂലമായ് ബാധിക്കുന്നുണ്ട് .അത് പല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിക്കുന്നവയാണ് .സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .എന്നാൽ പരിസ്ഥിതിയെ ചുഷണം ചെയ്തുകൊണ്ടാകരുത് അവയൊന്നും. മനുഷ്യൻ പലപ്പോഴും സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെയും ഈ പരിസ്ഥിതിയുടെയും നിലനിൽപ്പ് തന്നെ അവതാളത്തിലായേക്കാം .അതിന്റെയൊക്കെ ഫലമായിട്ടുള്ള മാറ്റങ്ങൾ ഇന്ന് ഭൂമിയിൽ കാണാം .ചൂടിന്റെ വർദ്ധനവ് ,വരൾച്ച ,ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് അവയിൽ ചിലത് .ഭൂമിയിൽ അമിതമായി വർദ്ധിച്ചുവരുന്ന ചൂടിന് കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ വർദ്ധനവാണ് .ഇത് തടയാൻ കൂടുതൽ വൃക്ഷങ്ങളും വനങ്ങളും നിർമ്മിക്കേണ്ടത് അനിവാര്യമാണ് .വനമാണ് ഏറ്റവും വലിയ ധനം .അത് മറന്നുകൊണ്ട് വനങ്ങൾ വെട്ടിനശിപ്പിച്ച് കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ?. നാമിതെല്ലാം ചെയ്യുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു........... എന്തിനു വേണ്ടിയാണിതെല്ലാം? ആർക്കുവേണ്ടി? ഇത്തരം പ്രവൃത്തികളിലൂടെ നാം എന്താണ് നേടുന്നത്?ഒരുതരത്തിൽ നോക്കുമ്പോൾ മനുഷ്യനാണ് ഏറ്റവും വലിയ വൈറസ് .ഒട്ടേറെ വർഷങ്ങൾക്കു മുൻപേ തന്നെ മനുഷ്യനെന്ന വൈറസ് ഈ ഭൂമിയെയും പരിസ്ഥിതിയെയും ബാധിച്ചു കഴിഞ്ഞതാണ് .ആ വൈറസിന്റെ ആക്രമണത്താൽ നമ്മുടെ ഭൂമി ഇപ്പോൾ മരണശയ്യയിൽ കിടക്കുകയാണ് .ഈ മനുഷ്യനെന്ന വൈറസിനെ തുടച്ചുനീക്കുന്നതിനു പലപ്പോഴും പ്രകൃതി ശ്രമിക്കുന്നുണ്ട് .പൂർണമായും തുടച്ചുനീക്കാത്തതിന്റെ കാരണം, ഭൂമി അത്രക്ക് ക്ഷമാശീലയായതുകൊണ്ടാണ് . മനുശ്യകുലമില്ലെങ്കിലും ഈ പരിസ്ഥിതിയും ഭൂമിയും നിലനിൽക്കും. എന്നാൽ ഭൂമിയല്ലാതെ മനുഷ്യന് മറ്റൊരു വാസസ്ഥലം ഇല്ലെന്ന വസ്തുത നാം മറക്കുന്നു. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടും അതിനെ ചൂഷണം ചെയ്തുകൊണ്ടും നാം നേടിയെടുത്ത വിജയങ്ങൾ ഏറെയുണ്ട്. അതിന്റെ ഫലങ്ങളാണ് നാമിന്നനുഭവിക്കുന്നത്. ഓരോ മരവും നട്ടുപിടിപ്പിക്കുമ്പോൾ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നത്. . അനേകം വർഷങ്ങൾക്കു മുൻപ് പ്രകൃതിയുടെ മുഖം മറ്റൊന്നായിരുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും.എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണാൻ കഴിഞ്ഞിരുന്ന ആ ഭൂമി, ആ പരിസ്ഥിതി ഇന്ന് സ്വപ്നങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞുപോയ പ്രളയത്തിലൂടെയും ചുഴലിക്കാറ്റിലൂടെയുമെല്ലാം പ്രകൃതിയുടെ മറ്റൊരു മുഖമാണ് നാം കണ്ടത്. അവയെയെല്ലാം ഒറ്റക്കെട്ടായി കേരളക്കര തോൽപ്പിച്ചപ്പോൾ വീണ്ടും നമ്മെ പരീക്ഷിക്കാൻ നിപ്പ വൈറസും കൊറോണ വൈറസും എത്തി. നിപ്പയെ നാം തരണം ചെയ്തു. കോറോണയെയും നാം നേരിട്ടുകൊണ്ടിരിക്കുകയാണ്... ഈ വിജയങ്ങളിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ഇവയുടെയൊക്കെ കൂടെ പിഞ്ചു കുട്ടികളടക്കമുള്ള എത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത് ? കഴിഞ്ഞുപോയ പ്രളയത്തിലും , ഓഖി ചുഴലിക്കാറ്റിലും, നിപ്പ വൈറസിലും പൊലിഞ്ഞ ആ ജീവനുകൾക്കു പകരമായി നമുക്ക് എന്തു നൽകാനാവും? മനുഷ്യനെന്ന ഇരുകാലിമൃഗം ഈ പ്രകൃതിയെയും അതിലുള്ള ജീവജാലങ്ങളെയും ഒരുപാടു ദ്രോഹിച്ചു .നമ്മെപ്പോലെതന്നെ അവർക്കും ഈ പരിസ്ഥിതിയിൽ അവകാശമുണ്ട് .എന്നാൽ അവരുടെ സ്വാതന്ത്ര്യം തല്ലിക്കെടുത്തി ആഹ്ലാദിച്ചപ്പോൾ നമുക്കും അങ്ങനെയൊരവസ്ഥ ഉണ്ടാകുമെന്നോർത്തില്ല .ഇന്ന് മനുഷ്യനൊഴിച്ച് ബാക്കി എല്ലാ ജീവജാലങ്ങളും സ്വതന്ത്രരാണ് .പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഇന്ന് നമുക്ക് നിഷേധിച്ചിരിക്കുകയല്ലേ ......നമുക്ക് പരിസ്ഥിതിയെ മാത്രമല്ല അതിനു തിരിച്ചു നമ്മെയും ശിക്ഷിക്കാൻ കഴിയും എന്നതിന്റെ തെളിവാണിത് .. നാം പ്രകൃതിയിൽ ഏൽപ്പിച്ച മുറിവുകൾക്ക് കണക്കില്ല. അതിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന ഈ ദുരന്തങ്ങൾ. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആ പഴയ ഭൂമിയെ വീണ്ടെടുക്കാനായില്ലെങ്കിലും ഉള്ളതിനെ സംരക്ഷിച്ചു പരിസ്ഥിതിയോടിണങ്ങി നമുക്ക് ജീവിക്കാം...........
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം