സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/സമർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
സമർപ്പണം

ആരെയോ പ്രതീക്ഷിച്ചു വീടിന്റെ വരാന്തയിൽ നിൽക്കുകയാണ് ആ നാലു വയസ്സുകാരി. "മാളു, എന്തെടുക്കുവാ മോളെ, ഇങ്ങു കേറി വാ "അച്ഛന്റെ ശബ്ദം. അവൾ തിരിഞ്ഞു നോക്കി. ആ വിടർന്ന കണ്ണുകൾ നിറഞ്ഞിരുന്നു. ചുണ്ടുകൾ വിതുമ്പുന്നു. "അച്ഛാ ഇന്നും അമ്മ വരില്ലേ?"എന്തു പറയണം എന്നറിയാതെ ഒരു നിമിഷം അയാൾ ഇടറി നിന്നു. "മാളു, നീ വല്ലതും കഴിച്ചോ? വാ നമുക്ക് കഴിക്കാം.. " "എനിക്ക് അമ്മ തന്നാൽ മതി. അമ്മേ വിളിച്ചോണ്ട് വാ അച്ഛാ "ആ പിഞ്ചു കുഞ്ഞ് തേങ്ങി. "അമ്മ വരും മോളെ.മോൾക്ക്‌ ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോണ്ട് അമ്മ വരുമല്ലോ? ഇപ്പൊ എന്റെ പൊന്നു ഇതു കഴിക്ക് ""എനിക്ക് അമ്മേ മതി "മാളു ഉറക്കെ കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനാവാതെ അയാൾ കുഴങ്ങി. മാളൂന്റെ അമ്മ ഒരു നഴ്സ് ആണ്. കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രുഷിക്കുന്നതിനാൽ വളരെ നാളുകളായി അവൾ വീട്ടിൽ നിന്ന് അകന്ന് ആശുപത്രിയോട് ചേർന്നാണ് താമസം.നാടിന്റെ രക്ഷകരായ നൂറുകണക്കിന് മാലാഖമാരിൽ ഒരുവൾ. രാജ്യത്തിന് വേണ്ടി സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ചു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. Covid 19 എന്ന മഹാമാരിയെ തുരത്താൻ അശ്രാന്തം പരിശ്രമം നടത്തുന്നവരിൽ ഒരാൾ. ഓർക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു. പക്ഷെ ഇതൊക്കെ ഈ കുഞ്ഞുമോൾക്കു മനസ്സിലാവുമോ? അവളുടെ പരിഭവം ശരിയാണ്. എത്ര ദിവസമായി അവൾ അമ്മയെ കണ്ടിട്ട്. അമ്മയോട് ചേർന്ന് കിടന്നുറങ്ങിയിട്ട്. അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നുകർന്നിട്ട്. ആരോടൊക്കെ അപേക്ഷിച്ചു എന്നറിയില്ല. ആരുടെയൊക്കെ കാലു പിടിച്ചു എന്നും. ഇന്ന് മാളുവിന്‌ അവളുടെ അമ്മയെ കാണാം. കളക്ടറുടെ പ്രത്യേക അനുമതിപ്രകാരം. മാളു വളരെ ഉത്സാഹത്തിലാണ്. "അച്ഛാ, ഞാനീ പുതിയ ഉടുപ്പ് ഇട്ടോട്ടെ. മുടി ഇങ്ങനെ കെട്ടിയാൽ മതിയോ "അവൾ പറന്നു നടക്കുകയാണ് എന്നു തോന്നി. ആശുപത്രിയുടെ മുൻപിൽ മാളുവിന്റെ അമ്മ നിൽപ്പുണ്ട്. "അമ്മേ, മാളു വന്നു. അമ്മേ കാണാൻ " അവൾ അമ്മയുടെ അടുത്തേയ്ക്കു ഓടാൻ ഒരുങ്ങി. "ഇല്ല, മോളെ. നമുക്ക് അമ്മയെ ഇവിടെ നിന്ന് കാണാൻ പറ്റു. അയാൾ മാളുവിനെ ചേർത്തു പിടിച്ചു. "എനിക്ക് അമ്മയുടെ അടുത്ത് പോണം ". അവൾ ഉറക്കെ കരയാൻ തുടങ്ങി. മാളുവിന്റെ അമ്മയും നിർത്താതെ വിതുമ്പിക്കൊണ്ടിരുന്നു. "അമ്മേ, മാളൂന്റെ കൂടെ വാ. മാളൂന് അമ്മേടെ കയ്യിൽ നിന്നും ചോറുണ്ണണം. അമ്മേടെ കൂടെ ഉറങ്ങണം."മാളു കരഞ്ഞു തളർന്നു. അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റുമുള്ള എല്ലാവരും. നാടിന്റെ രക്ഷക്കിറങ്ങിയ ഒരു മാലാഖയാണ് തന്റെ അമ്മയെന്ന് ഒരിക്കൽ മാളു അഭിമാനത്തോടെ പറയും, കരഞ്ഞു തളർന്ന അവളെ തോളിലിട്ട് തിരിഞ്ഞു നടക്കുമ്പോൾ അയാൾ ഓർത്തു.

എം.ശ്രീറാം
X C സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ