സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വം

വ്യക്തിശുചിത്വം പാലിക്കൽ, പരിസരം വൃത്തിയായി സൂക്ഷിക്കൽ, പതിവായ വ്യായാമം, ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തിയെടുക്കേണ്ട ശീലങ്ങൾ ആണ്. ഇതിനെപ്പറ്റി ഒരു പഴമൊഴി തന്നെയുണ്ട്. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം". പരിസരം വൃത്തിയായി സൂക്ഷിക്കുക: ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ ഒന്നും പേടിക്കാതെ ജീവിക്കാം. വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചപ്പുചവറുകൾ, പച്ചക്കറി അവശിഷ്ടങ്ങൾ, ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ മണ്ണിട്ടു മൂടുക. വീടിനു വെളിയിൽ ചെരുപ്പ് ഉപയോഗിക്കുക. വീടിനുള്ളിൽ പ്രവേശിക്കുന്നതിനു മുമ്പ് കൈകാലുകൾ കഴുകുക. വ്യക്തിശുചിത്വം: എല്ലാ ദിവസവും രണ്ടുനേരം കുളിക്കുക. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും രാവിലെ ഉറക്കമുണർന്നതിനുശേഷവും പല്ലുകൾ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്നതിനു മുൻപും അതിനു ശേഷവും വായും കൈകളും വൃത്തിയായി കഴുകുക. നഖം വെട്ടി വൃത്തിയാക്കി വെക്കുക. നഖങ്ങളുടെ അടിയിലായി അഴുക്കും ചെളിയും അടിഞ്ഞുകൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തരുത്. വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, വിരശല്യം, പോളിയോ തുടങ്ങിയ രോഗങ്ങൾ പകരുന്നത് മലത്തിലൂടെയാണ്. വീട്ടുമുറ്റത്തും പൊതുസ്ഥലങ്ങളിലും തുപ്പുന്ന ശീലം ഉപേക്ഷിക്കുക. ക്ഷയരോഗം പ്രധാനമായും പകരുന്നത് കഫത്തിലൂടെയാണ്. ചുമയ്ക്കുമ്പോഴും കോട്ടുവാ ഇടുമ്പോഴും വായ കൈ കൊണ്ടോ തൂവാല കൊണ്ടോ മറച്ചു പിടിക്കണം. രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ് നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്ക സമയത്തുള്ള രോഗപ്രതിരോധ നടപടികൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള വ്യായാമം, എന്നിവയിലൂടെ ഒരു പരിധി വരെ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ നമുക്ക് സാധിക്കും.


ആരോൺ എസ് കോശി.
6I സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം