സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ അതിജീവനം
                                  നിത്യേനയുള്ള പത്രപാരായണം ഇപ്പോൾ ചിലരുടെയെങ്കിലും ശീലമായിരിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം നിരത്തി രാജ്യം തിരിച്ചുള്ള കണക്കുകൾ തുടരുമ്പോൾ, `രോഗമുക്തിയിൽ കേരളം ഒന്നാമത്` എന്ന തലക്കെട്ട് ആശ്വാസം നൽകുന്നു.ലോക്ക്ഡൗൺ തുടങ്ങിയ നാൾ മുതൽ സ്വന്തം സ്വാതന്ത്ര്യത്തിനു സ്വയം പ്രതിരോധം തീർത്തു നാം വീട്ടിലിരിക്കുമ്പോൾ ഇത്തരമൊരു വാർത്ത പ്രതീക്ഷയുടെ നാന്ദിയാവുന്നു. അടച്ചിരുന്ന തണുത്ത മുറികൾ വിട്ടു പുറത്തിറങ്ങിയ മാനവർ വേരിറക്കിയിരുന്ന മണ്ണിന്റെ ചൂടറിഞ്ഞു,വേനൽ മഴയുടെ താളം മുറിഞ്ഞതറിഞ്ഞു. അടുക്കളയിലെ കറിക്കഞ്ഞിയും തവകളും
                              അവൾക്കുമാത്രമല്ല തനിക്കും വഴങ്ങുമെന്ന് പലരും തിരിച്ചറിഞ്ഞു. ദിനങ്ങൾഎണ്ണി പെറുക്കി കടന്നു പോവുകയാണിങ്ങനെ.പഴം വാങ്ങാനിറങ്ങി ലാത്തി പ്രഹരമേറ്റ് തിരികയെത്തിയപലരുടെയും കഥകൾ ട്രോളുകളായി പറന്നുനടക്കുമ്പോൾ, അടിവാങ്ങിയതിൽതെല്ലും പരിഭവമില്ലാത്ത, സ്വന്തം തെറ്റു തിരുത്തി തമാശകൾ മെനയുന്നവർ സ-ഹജീവികളായതിൽ അഭിമാനം തോന്നുന്നു. മരണനിരക്കുയരുമ്പോൾ, പ്രാരാ -ബ്ദത്തിന്റെ മരുഭൂമിച്ചൂടിൽ നിന്നും വേനലവിധിയിലേക്ക് വിമാനമിറങ്ങിയവർ നിരീക്ഷണത്തിൽ കഴിയുമ്പോഴും പലരും രോഗവാഹകരാകുമ്പോഴും ഭീതിയൊഴിയുന്നില്ല. മാസ്‌ക്കുകളും പിന്നെ നമുക്കു പരിചിതമല്ലാത്ത മറ്റു സുരക്ഷാ കവചങ്ങളുമണിഞ്ഞു ഡോക്ടർമാരും നഴ്സുസുസമൂഹവും ഒരു യുദ്ധത്തിന്റെ മുന്നണിയാവുമ്പോൾ, കാക്കിമാത്രമണിഞ്ഞ പച്ച മനുഷ്യർ കൊടും ചൂടിലും വാഹനങ്ങൾ നിയന്ത്രിച്ച് സമൂഹവ്യാപനമെന്ന ചങ്ങലയറുത്തെറിഞ്ഞു കാലാളുകളായി മാറുന്നു.പൊതിച്ചോറുകൾ കെട്ടി വിശപ്പകറ്റുവാൻ തുനിയുമ്പോൾ രാഷ്ട്രീയ തിരിവുകൾ ഇല്ലാതാകുന്നു.പുറത്തിറങ്ങാതിരിക്കുന്നതു കഴിഞ്ഞാൽ
                               നാം ചെയ്യുന്ന മറ്റൊരു സൽപ്രവർത്തി സോപ്പും സാനിറ്റൈസറുമൊക്കെ നമ്മുടെ ശുചിത്വ ശീലങ്ങളിലിടം പിടിച്ചിരിക്കുന്നു. കല്യാണം `ഉണ്ണാതെ` കഴിക്കാമെന്നും,മരിച്ചാൽ അടക്കിയിരിക്കുമെന്നുള്ള തിരിച്ചറിവുകൾ.ആരൂപിയായൊരു രോഗാണു പരത്തിയ പുതിയ ശീലങ്ങളും ആദർശങ്ങളും ഒത്തൊരുമയും കണ്ണീരുണങ്ങിയതിനപ്പുറവും തുടർന്നാൽ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"എന്ന കവിതയുടെ വരികൾ ഏറ്റു പാടാതിരിക്കുക വിഷമമാണ്.നാം അതിജീവിക്കും.
സജിൻ സാബു
10 E സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം