സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ
ഇന്ന് ഏപ്രിൽ ഇരുപത്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം നടക്കേണ്ട ദിനം. എന്റെ  ചേച്ചിയുടെ വിവാഹ ദിനം. ഞാനോർക്കുകയായിരുന്നു, അന്ന് ഞങ്ങൾ എത്ര സന്തോഷത്തോടെയാണെന്നോ ഉറങ്ങാൻ പോയത് . നാളെ എന്റെ  ചേച്ചി ആനി അമേരിക്കയിൽ നിന്നും വരികയാണ്. ചേച്ചി അവിടെ നേഴ്സാണ്. അടുത്ത മാസം ചേച്ചിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. എനിക്ക് രാത്രി കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ചേച്ചി വന്നിട്ട് വേണം പുതിയ ഫാഷൻ ഡ്രസ്സുകൾ വാങ്ങുവാൻ. അതിട്ടിട്ടു വേണം എന്റെ കൂട്ടുകാരുടെ മുമ്പിൽ ഷൈൻ ചെയ്യുവാൻ. ഞാൻ തുള്ളിച്ചാടിയാണ് രാവിലെ പുറത്തേക്ക് വന്നത് . നോക്കുമ്പോൾ ആരുടെയും മുഖത്ത് ഒരു തെളിച്ചമില്ല. ഞാൻ അമ്മച്ചിയോട് ചോദിച്ചു .എന്തു പറ്റിയെന്ന്? .അമ്മച്ചി കരച്ചിലോടെ എന്നോട് പറഞ്ഞു, ഇന്നു മുതൽ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.കാരണം കൊറോണ വൈറസ് അമേരിക്കയിലാകെ പടർന്ന് പന്തലിച്ചിരിക്കുകയാണെന്ന്. എന്റെ മനസ്സിലാകെ ഒരു വെള്ളിടി വെട്ടി. എന്റെ  സന്തോഷമെല്ലാം കെട്ടടങ്ങിപ്പോയതുപോലെ. പാവം എന്റെ  ചേച്ചി, എന്തു ചെയ്യുകയായിരിക്കും. ഞങ്ങൾ ചേച്ചിയെ ഫോണിൽ ബന്ധപ്പെടാൻ കുറെ പരിശ്രമിച്ചു. പക്ഷെ കിട്ടുന്നില്ല. എല്ലാവർക്കും പരിഭ്രമവും സങ്കടവും മാത്രം. ഞങ്ങൾ ദിവസം മുഴുവൻ പ്രാർത്ഥനയിലായി. അപ്രതീക്ഷിതമായി ചേച്ചിയുടെ ഒരു ഫോൺ വന്നു. ചേച്ചിയ്ക്ക് ജോലി ഭാരം കാരണം ഒന്നിനും സമയം കിട്ടുന്നില്ല എന്നു പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. കൊറോണ ബാധിതരായ ഒരു കുടുംബത്തിന്റെ  ചുമതല ചേച്ചിയക്കും കൂടെ നേഴ്സിനു മായിരുന്നു, അവർക്ക് ഒരു വയസ്സുള്ള കുഞ്ഞും ഉണ്ട്. ആ കുഞ്ഞിനും വൈറസ് ബാധയേറ്റിട്ടുണ്ട് .ആ കുഞ്ഞിന്റെ  എല്ലാ കാര്യവും ചേച്ചിയായിരുന്നു നോക്കിയിരുന്നത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവർ രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ടു  ദിവസം കഴിഞ്ഞപ്പോൾ ചേച്ചിക്ക് പനി തുടങ്ങി. പരിശോധിച്ചപ്പോൾ  വൈറസ് ബാധയേറ്റതായി അറിഞ്ഞു. ഈ വാർത്ത കേട്ട് അമ്മച്ചി ബോധംകെട്ട് വീണു. ഞങ്ങൾ ചേച്ചിയ്ക്ക് വേണ്ടിയും ചേച്ചിയെപ്പോലെ സേവനം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽ നിന്നുള്ള വാർത്തകൾ ഓരോ മണിക്കൂറിനുള്ളിലും നൂറു കണക്കിനാളുകളുടെ മരണ വിവരങ്ങൾ ഞങ്ങളുടെ ഭയത്തിനാക്കം കൂട്ടി. എന്നാലും എന്റെ ചേച്ചിയ്ക്കും കൂടെയുള്ളവർക്കും ഒരാപത്തും വരുത്തരുതേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. ചേച്ചി വീണ്ടും വിളിച്ചു. ചേച്ചിയുടെ പരിശോധനഫലം നെഗറ്റീവായിത്തുടങ്ങിയെന്നറിയാൻ കഴിഞ്ഞു. ദൈവത്തോട് ഞങ്ങൾ നിരന്തരം നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ  ചേച്ചിയുടെ വിവാഹം തൽക്കാലത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നു എങ്കിലും, ഈ മഹാമാരിയുടെ നാളുകളിൽ എന്റെ  ചേച്ചിയ്ക്ക് രോഗബാധിതരായ ആളുകളെ ശുശ്രൂഷിച്ച് അവരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള പ്രയത്നങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതിനെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. ഞാനോർക്കുകയാണ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും മാലാഖമാരുണ്ടെന്ന്,   എന്റെ  ചേച്ചിയെപ്പോലെ.  
ജോയൽ സിജു
8 B സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം