സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/കനോലി പ്ലോട്ട് യാത്രാ വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
കനോലി പ്ലോട്ട്: യാത്രാ വിവരണം

ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമ്മിത തേക്കിൻതോട്ടം.ലോകത്തിലേക്ക് വെച്ച് ഏറ്റവും ഉയരം കൂടിയ തേക്ക് സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെ. മഴയെയും മണ്ണിനെയും കാടിനെയും ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരിടമാണിത്. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇവിടെ സന്ദർശനത്തിനെത്തുന്നത് ഒരിക്കലും ഒരു നഷ്ടമാവില്ല

നിലമ്പൂർ-ഊട്ടി റൂട്ടിൽ നിലമ്പൂർ ടൗൺ എത്തുന്നതിനു മുമ്പാണ് ഈ തേക്കിൻതോട്ടം. ഷൊർണൂരിൽ നിന്നും തീവണ്ടി മാർഗ്ഗവും നിലമ്പൂർ എത്തിച്ചേരാം. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നും മാറി, പ്രകൃതിയുടെ സൗന്ദര്യം മുഴുവനായും ആസ്വദിക്കാൻ കഴിയുന്ന ഇത്തരം റെയിൽപ്പാതകൾ ഇന്ന് കേരളത്തിൽ കുറവാണ്. തീവണ്ടി യാത്രകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഈ പൈതൃക വാണിജ്യപാത തീർച്ചയായും ഒരു ആകർഷണം തന്നെയാണ്. തീവണ്ടിയിറങ്ങി എട്ട് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ കനോലി പ്ലോട്ടിൽ എത്തിച്ചേരാം. രാവിലെ ഒമ്പതുമണി മുതൽ അഞ്ച് മണിവരെയാണ് പ്രവേശനസമയം. ടിക്കറ്റെടുത്തുകൊണ്ട് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇരുവശത്തും തിങ്ങിവളരുന്ന മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാത ചാലിയാർപ്പുഴയുടെ തീരത്താണ് അവസാനിക്കുന്നത്. ഇവിടെ തൂക്കുപാലം വരുന്നതിനെല്ലാം മുമ്പ്, തോണിയിലാണ് പുഴ കടന്നിരുന്നത്. തോണിയിൽ കയറാൻ, പുഴയിലേക്കുള്ള കുറേ പടികൾ നമുക്ക് അവിടെ കാണാം. ഇപ്പോൾ പുഴയിലിറങ്ങുന്നത്അനുവദനീയമല്ല. എങ്കിലും അന്ന് തോണിയിൽ ചാലിയാർ കടന്നവർക്കെല്ലാം അത് മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ്. ഒരേ സമയം ഇരുപതുപേർക്ക് മാത്രമേ തൂക്കുുപാലത്തിലൂടെ നടക്കാൻ അനുവാദമുള്ളു. അവിടെ നിന്ന് നോക്കുമ്പോൾ ചാലിയാറിന് ഒരു പ്രത്യേക ഭംഗിയാണ്. കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലവും ഇതുതന്നെയാണ്. ഇന്ന് സഞ്ചാരികൾ തേക്കിൻതോട്ടം കാണാൻ വേണ്ടി മാത്രമല്ല, തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാൻ കൂടിയാണ് ഇവിടെയെത്തുന്നത്. തൂക്കുപാലത്തിലൂടെ നമ്മൾ ചെന്നെത്തുന്നത് കനോലി പ്ലോട്ട് എന്ന വിശാലമായ തേക്കിൻതോട്ടത്തിലേക്കാണ്. മാനം മുട്ടെ ഉയർന്നുനിൽക്കുന്ന തേക്കുകൾ മാത്രമല്ല, മറ്റനേകം മരങ്ങളും ഇവിടെയുണ്ട്; അതിൽ അപൂർവ്വമായവയും ഉൾപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ഗവർണറായിരുന്ന എച്ച് വി കനോലിയാണ് നിലമ്പൂർ തേക്കുകളുടെ സംരക്ഷണാർത്ഥം മുൻകൈയെടുത്തു 1840 ൽ നിലമ്പൂരിലെ ആദ്യ തേക്കിൻതോട്ടം വെച്ചുപിടിപ്പിച്ചത്. അഞ്ചുകോടിരൂപയിലധികം വിലമതിക്കുന്ന നൂറ്റിയിരുപതോളം തേക്കുകളാണ് ഇന്ന് ഇവിടെയുള്ളത്. മലയോരവികസനത്തിന് പാതയൊരുക്കിയ നിലമ്പൂർ റെയിൽവേക്ക് കാരണമായതും ഈ തേക്കിൻസമ്പത്ത് തന്നെയാണ്. കനോലി പ്ലോട്ടിലെ 23 നമ്പറിലുള്ള തേക്കാണ് ഇവിടെയുള്ള ഏറ്റവും വലിയ ആകർഷണം. 46.5 മീറ്റർ ഉയരമുള്ള ഇതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേക്ക്.

ജോയൽ ജോ ഫ്രാൻസിസ്
9 A സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം