സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/ഉണ്ണിയപ്പക്കൊതിയൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിയപ്പക്കൊതിയൻ

ഒരു നേരിയ ചാറ്റൽ മഴയുള്ള ഉള്ള വൈകുന്നേരമായിരുന്നു അന്ന്. വീടിൻ്റെ ഉമ്മറത്ത് നിന്ന് ഒരു സ്വരം ഉയർന്നു. അമ്മേ, അമ്മേ. ഉമ്മറത്തിരുന്ന് എഴുതുന്ന കുട്ടൻ തിടുക്കത്തിൽ വിളിച്ചുകൂവി അമ്മേ എനിക്ക് ഉണ്ണിയപ്പം വേണം. അല്പം രോഷ ഭാവത്തോടെ അമ്മ പറഞ്ഞു ഉണ്ണിയപ്പം അല്ലേ, അതിനാണോ നീ വിളിച്ചു കൂവുന്നത്. അടുക്കളയിൽ നൂറുകൂട്ടം പണിയാ അതിനിടയിൽ ഒരു ഉണ്ണിയപ്പം, വല്ലതും പഠിക്കാൻ നോക്ക്. അമ്മയുടെ മറുപടിയിൽ ദേഷ്യം തോന്നിയെങ്കിലും പിന്നീട് അവൻ ചെയ്തുകൊണ്ടിരിക്കുന്നതിൽ വ്യാപൃതനായി. അപ്പോഴാണ് അവൻറെ കൂട്ടുകാരൻ വന്ന് നമുക്ക് കളിക്കാൻ പോകാം എന്ന് പറഞ്ഞത്. അവൻ അമ്മയോട് അനുവാദം ചോദിച്ചതിനു ശേഷം കളിക്കാൻ പോയി. രണ്ടു പേരും സന്തോഷത്തോടെ മുറ്റത്തേക്കിറങ്ങി അടുത്തുള്ള മൂവാണ്ടൻ മാവിൽ നിന്നും ഇവരും കല്ലെറിഞ്ഞു മാങ്ങ വീഴ്‌ത്തി. മാങ്ങയുടെ പുളി നാവിൽ നിറച്ച് അപ്പു അവനോട് ചോദിച്ചു നിനക്ക് മാജിക് കാണാൻ ആഗ്രഹം ഉണ്ടോ, എന്നാൽ ഇവിടെ അടുത്ത് ഒരു മാജിക് നടക്കുന്നുണ്ട് എന്ന് ആളുകൾ പറയുന്നത് കേട്ടു, നമുക്ക് പോയി നോക്കാം. കടന്നുവരൂ മായാജാല കാഴ്ചകളിലേക്ക് സ്വാഗതം, മാന്ത്രികൻ ആവർത്തിച്ചു പറഞ്ഞു. കുഞ്ഞു കാഴ്ചകൾ കുട്ടനെയും അപ്പുവിനെയും കൗതുകമുണർത്തുന്നതായിരുന്നു. ശൂന്യമായ തൊപ്പിയിൽ നിന്ന് റോസാപ്പൂക്കൾ, മാവിൻതൈയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പഴുത്ത മാമ്പഴം, വായുവിൽ നിന്ന് ആപ്പിളുകൾ എടുക്കുന്നു, പന്തുകളുടെ നിറം മാറുന്നു. ഓരോ അത്ഭുത കാഴ്ചകളും അവർ കൗതുകത്തോടെ നോക്കി നിന്നു. പെട്ടെന്ന് മേഘം ഇരുണ്ടു തുടങ്ങി. കുട്ടൻ പറഞ്ഞു ശരി പോകാം. അവർ നടന്നു നീങ്ങി. അവിടെ കണ്ട കാഴ്ചകൾ പറഞ്ഞുകൊണ്ട് അവർ നടന്നു. വഴിയിൽവെച്ച് മറ്റു കൂട്ടുകാരെ കണ്ടപ്പോൾ അവർ തങ്ങളുടെ അനുഭവത്തെക്കുറിച്ച് വിവരിച്ചു. കാർമേഘങ്ങൾ ആകാശത്ത് വളരുന്നതായി അവർ കണ്ടു. മഴ വരാൻ പോകുന്നു എന്ന് മനസ്സിലാക്കി ഇരുവരും ഓടാൻ തുടങ്ങി. അപ്പുവിൻ്റെ വീടാണ് ആദ്യം നീ വേഗം പൊക്കോ ഞാനും പോകുന്നു നാളെ കാണാം എന്ന് അപ്പു. ശരി അപ്പൂ ഞാൻ ഓടി പൊക്കോളാം എന്ന് കുട്ടൻ പറഞ്ഞു. കുട്ടൻ ഓടി വീട്ടിലേക്ക് കയറി. അവൻ കുറച്ചു നനഞ്ഞിരുന്നു അമ്മ കണ്ടാൽ ഇന്ന് അടി ഉറപ്പാ അവൻ മനസ്സിൽ വിചാരിച്ചു. അവനെ കണ്ട അമ്മ പറഞ്ഞു മഴയും കൊണ്ടാണല്ലേ വന്നിരിക്കുന്നത് ജലദോഷവും പനിയും പിടിക്കും. അമ്മ തല തുവർത്തി രാസ്നാദി പൊടി ഇട്ടുകൊടുത്തു. നിനക്ക് വിശക്കുന്നില്ലേ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്. അവൻ സ്നേഹത്തോടെ അമ്മയെ കെട്ടിപ്പിടിച്ചു എന്നിട്ട് വേഗത്തിൽ അടുക്കളയിലേക്ക് ഓടി.

സാന്ദ്ര ബിനു
12 സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ