സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പരിസ്ഥിതി - ഒരു ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ഒരു ചിന്ത

ആധുനിക കാലത്ത് മനുഷ്യൻ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് രോഗപ്രതിരോധം . ഇതിന് കാരണമാകുന്നത് പരിസ്ഥിതിസംരക്ഷണ കുറവും ശുചിത്വമില്ലായ്മയും പ്രകൃതി ചൂഷണവും തന്നെയാണ്. നമ്മൾ പ്രകൃതിയോട് കാട്ടുന്ന നീചമായ പ്രവർത്തികൾക്ക് തിരിച്ചടി ആയിട്ടാണ് രോഗങ്ങൾ നമ്മെ ആക്രമിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നത്. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി തന്റെ ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ആണ് പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്യാൻ തുടങ്ങുന്നത്. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് .ഇതിന്റെയെല്ലാം ഫലമായാണ് ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നീങ്ങുന്നത്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പലപ്പോഴായി ഉണ്ടാകുന്നു.

ഇപ്പോൾ ലോകം നേരിടുന്ന കോവിഡ് 19 ,എന്ന കൊറോണാ വൈറസിന്റെ ആക്രമണവും ഇത്തരം ചൂഷണത്തിൽ നിന്നും തെറ്റായ രീതിയിൽ ഉള്ള ഉപഭോഗത്തിൽ നിന്നും ഉണ്ടായതാണ് .ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളെ മാത്രമല്ല വന്യമൃഗങ്ങളെയും വാവൽ, പാമ്പ് ഇതെല്ലാം ഭക്ഷണത്തിന് ചൈനക്കാർ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട് .മിക്ക ജീവികളുടെയും ഉള്ളിലുള്ള കൊറോണാ വൈറസ് ,സുരക്ഷിതത്ത്വമില്ലാതെ കൈകാര്യം ചെയ്യുന്നതിലൂടെ മനുഷ്യനിലേക്ക് വ്യാപിക്കാൻ ഇടയാവുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്തു .ലോകത്തിലെ കോവിഡ് ബാധയേറ്റ ഓരോ മനുഷ്യനും ക്വാറൻറ്റൈൻ, ഐസൊലേഷൻ,ലോക്ക് ഡൗൺ ഒക്കെയായി വീടിനുള്ളിൽ പൂട്ടപ്പെട്ടപ്പോൾ കാട്ടിൽഉണ്ടായിരുന്ന വന്യജീവികൾ ഭയമില്ലാതെ നാട്ടിലേക്ക് ഇറങ്ങി. ഒരുപക്ഷേ മനുഷ്യൻ എന്ന ക്രൂര ജന്തുക്കൾ ഇല്ലാതായി കാണും എന്ന് അവർ വിചാരിച്ചിട്ടുണ്ടാവും . മനുഷ്യനല്ലാത്ത ജീവികളെല്ലാം പ്രകൃതി ഇപ്പോൾ സ്വന്തം എന്ന് കരുതി സ്വാതന്ത്ര്യത്തോടെ ശരിയായാസ്വദിച്ചു വരികയാണ് .

ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ കുറിച്ച് ഓർത്ത് അഭിമാനിക്കാൻ നിരവധി സവിശേഷതകളുണ്ട് .സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തികേടിന്റെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിൽ ആണ് . എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലും . സ്വന്തം വീടും ചുറ്റുപാടും മാത്രം സംരക്ഷിച്ചു സ്വാർത്ഥരായി ചിന്തിച്ചും പ്രവർത്തിച്ചും നീങ്ങുന്ന നമ്മൾ ഭൂരിഭാഗവും വരുംതലമുറയെ കുറിച്ച് കരുതാത്തവരാണ് . പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി എന്നിവയെല്ലാം ഒഴിവാക്കാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് സാധിക്കുകയില്ല. കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും രക്ഷയ്ക്കായിട്ടാണ് വർഷങ്ങൾക്ക് മുൻമ്പേ മാധവ്ഗാഡ്ഗിൽ നമ്മുടെ പ്രകൃതിയെ റെഡ് , ഓറഞ്ച് , യെല്ലോ , ഗ്രീൻ എന്നീ സോണുകളാക്കി തിരിച്ചത് . പക്ഷേ നമ്മളതിൽ കസ്തൂരി രംഗൻ കമ്മറ്റിയെ കൊണ്ട് കൂടുതൽ ഇളവുകൾ വരുത്തി . അങ്ങനെ റെഡ് സോണിന്റെ ഭൂരിഭാഗവും ഓറഞ്ച് സോണും ഓറഞ്ച് സോണിന്റെ ഭൂരിഭാഗവും യെല്ലോ സോണും യെല്ലോ സോണിന്റെ ഭൂരിഭാഗവും ഗ്രീൻ സോണുമായി മാറി. ഗാഡ്ഗിൽ റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങളെല്ലം നമ്മൾ സൗകര്യത്തിനു വേണ്ടി കണ്ടില്ലെന്ന് വെക്കുകയോ അവഗണിക്കുകയോ ചെയ്തു . റെഡ്, ഓറഞ്ച് സോണുകളിലെ പാറമട പ്രവർത്തനങ്ങൾ ,മരം മുറിക്കൽ ,വനനശീകരണം , നിർമ്മാണ പ്രവർത്തനങ്ങൾ മുതലായവ പ്രാദേശീക ഭരണകൂടങ്ങളും കണ്ടില്ലെന്നുവെച്ചു.

ആ ആവഗണനയുടെ അല്ലെങ്കിൽ തന്ത്രപൂർവ്വമായ കണ്ണടയ്ക്കലിന്റെ ഫലമായിരുന്നു 2018 യും 19 യും പ്രളയങ്ങൾ . തന്റെതായിരുന്നതെല്ലാം - മനുഷ്യൻ അനർഹമായി കൈവശം വെച്ചിരുന്നവയെല്ലാം - അതിന്റെയെല്ലാം അവകാശി താനാണെന്ന് പ്രകൃതി കാണിച്ച് കൊടുത്തു. എങ്കിലും അത്യാഗ്രഹികളായ മനുഷ്യർക്ക് ഇന്നും ആ അധീശത്വം അംഗീകരിച്ചുകൊടുക്കാൻ മനസ്സ് വന്നിട്ടില്ല. അവൻ ഇപ്പോഴും തന്റെ ആക്രമിച്ച് കീഴടക്കൽ നയം തുടർന്ന് കൊണ്ടേയിരിക്കുന്നു. താനാണ് അധികാരി എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി ഭൂമി നമുക്ക് മുന്നറിയിപ്പുകൾ തന്നുകൊണ്ടേയിരിക്കുന്നു . അതാണ് അണക്കെട്ടുകൾ നിറഞ്ഞ ഇടുക്കി ജില്ലയിൽ , അണക്കെട്ടുകളുടെ സമീപപ്രദേശങ്ങളിലുണ്ടാകുന്ന ചെറിയ ചെറിയ ഭൂമികുലുക്കങ്ങൾ. ഫെബ്രുവരി മാസത്തിൽ തന്നെ മുപ്പത്തിരണ്ടോളം ഭൂമികുലുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ചിൽ വേറയും . അടുത്ത മൺസൂൺ എത്തുമ്പോഴേക്കും അടുത്ത പ്രളയവും എത്തിയേക്കാം. കിടക്കാൻ ഒരു മുറിമതിയെന്ന പാക്കനാരുടെ വാക്യം നമ്മളിൽ പലരും കേട്ടിട്ടേയില്ല. ഭൂമി മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങളാൽ പാർക്കാൻ ആളില്ലാത്ത വിശാലസൗധങ്ങൾ മനുഷ്യൻ പടുത്തുയർത്തുകയാണ്. ഇതിനും പ്രകൃതി നമ്മോട് പകരം വീട്ടും. 2019 മുതൽ ഇതിനോടകം താൻ ചെല്ലുന്ന പരിസ്ഥിതിക്ക് അനുസരിച്ച് ആറുതവണയോളം സ്വയം ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് തന്നെ ഇതിനുദാഹരണം. ചൈന, ഇറ്റലി, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വികസിത രാഷ്ട്രങ്ങളിലടക്കം ഒന്നര ലക്ഷത്തിലധികം ആൾക്കാരാണ് ഈ സൂഷ്മജീവി മൂലം മരണമടഞ്ഞത് . മനുഷ്യൻ വീടിനുള്ളിൽ അവന്റെ കുടുംബത്തോടൊപ്പം കഴിയാൻ നിർബന്ധിതനായപ്പോൾ നഗരങ്ങളുടെ മേലുള്ള ആകാശം തെളിഞ്ഞു മലിനീകരിക്കപ്പെട്ട ജലാശയങ്ങളും നദികളും തെളിഞ്ഞു. ഇതൊരു തെളിവാണ് , നാം നന്നായി പെരുമാറിയാൽ പ്രകൃതി നമുക്ക് നല്ലത് മാത്രം നൽകും എന്നതിന്റെ തെളിവ്.

നീരജ കെ.എസ്
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം