സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം

...റോസ്സെല്ലോസ്, 1975 മുതൽ ഇന്ന് വരെ തണലായ്.. കരുതലായ്... ഇവരോടൊപ്പം. ശ്രവണ പരിമിതികൾമൂലം പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾ  സാമ്പത്തികവും, സാമൂഹികവും, കുടുംബപരവും, മാനസികവും, ശാരീരികവുമായ ഒട്ടനവധി വെല്ലുവിളികളിൽ തളരാതെ സധൈര്യം മുന്നോട്ട്.....നാളിതുവരെ നൂറുമേനി...സാധാരണ കുട്ടികളെ വെല്ലുന്ന മികവ്...പ്രകടനങ്ങൾ...കലാ - കായിക  രംഗത്തെ മികച്ച റെക്കോർഡ് നേട്ടങ്ങൾ....തുടർച്ചയായി ഓവറോൾ നേടിയ കലോത്സവവേദികൾ...മത്സരപരീക്ഷകളിൽ  വിജയം...സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉദ്യോഗം...പൂമലഗ്രാമം എന്നുവേണ്ട ബത്തേരി മുൻസിപ്പാലിറ്റി കരുതലോടെ...നെഞ്ചിലേറ്റി ലാളിക്കുന്ന..ഏവർക്കും ഈ ചാരുതയിലേക്ക്  ആകാംഷയോടെ..എത്തിനോക്കാൻ അനുദിനം നൂതന..ക്രിയാത്മകമായ അവസരങ്ങൾ ഒരുക്കുന്ന..നിറങ്ങളും വർണങ്ങളും വാരിവിതറിയ പിന്നിട്ട വഴികളിൽ അഭിമാനത്തോടെ തിരിഞ്ഞു നോക്കുമ്പോൾ..പ്രതീക്ഷയോടെ നാളേക്ക്..കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സന്യാസ സഭ ആണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.

നഴ്സറിയും ,തെറാപ്പിയും

അന്നത്തെ ഗ്രാമവാസികൾക്ക് ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. മണ്ണിനോടും വന്യജീവികളോടും മല്ലടിച്ച് എസ്റ്റേറ്റുകളിലും മറ്റുമായി ജോലിചെയ്തിരുന്ന പ്രദേശവാസികൾക്ക് മരുന്നും കൗൺസീലിങ്ങും ഇവർ നൽകി വന്നു. അന്ന് ഒരു ചെറിയ നഴ്സറിയും ഡിസ്പെൻസറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

ശ്രവണ വൈകല്യങ്ങളുള്ള കുട്ടികൾ ഈ പ്രദേശത്തു ധാരാളമായി കണ്ടതിനാൽ അവരെ പഠിപ്പിക്കുന്നതിനായി ഈ മേഖലയിൽ ട്രെയിനിങ് ലഭിച്ച സന്യാസികൾ ഇവിടെ എത്തിച്ചേരുകയും അങ്ങനെയുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക തെറാപ്പി നൽകുകയും ഹോസ്റ്റൽ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ആദ്യനാളുകളിൽ ഒരു ക്ലാസ്സിൽ രണ്ടോ അതിലേറെയോ വർഷങ്ങളിൽ പരിശീലനം നൽകിയാണ് കുട്ടികൾക്ക് അവശ്യം വേണ്ട അനുദിന ജീവിതവുമായി ബന്ധപ്പെട്ട വാക്കുകളും വാചകങ്ങളും പരിചയപ്പെടുത്തിയിരുന്നത്.ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഉള്ള പഠനമാണ് ഇവിടെ നടന്നിരുന്നത്. ഗതാഗതസൗകര്യങ്ങൾ കുറവായതു മൂലം വളരെ ദൂരത്തു നിന്നും നടന്നും മറ്റുമാണ് ഇവർ വിദ്യാലയത്തിൽ എത്തിച്ചേർന്നത്. കൂലിപ്പണിയെടുത്ത് അനുദിന ജീവിത മാർഗം കണ്ടെത്തിയ ഇവരുടെ മാതാപിതാക്കൾ വല്ലപ്പോഴുമെ കുട്ടികളെ വീടുകളിൽ കൊണ്ടുപോയിരുന്നുള്ളൂ. പിന്നീട് ഈ സ്ഥാപനം ഒരു വിദ്യാലയ അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുകയും ഇവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു വരികയും ചെയ്തു.

പഠനം

ആദ്യകാലങ്ങളിൽ സന്യാസഭവന ത്തിന്റെ ചില റൂമുകളിൽ ആണ് പഠനം നടന്നിരുന്നത്. പിന്നീട് ഈ ഭവനത്തിന്റെ ആദ്യത്തെ നില ക്ലാസ് റൂമുകളോടു കൂടി സ്കൂൾ ബിൽഡിങ് ആക്കുകയും താഴത്തെ നില പെൺകുട്ടികളുടെ ഹോസ്റ്റലും അടുക്കളയും മറ്റുമായി പണിയുകയും ചെയ്തു.

ഗുരുകുല വിദ്യാഭ്യാസ രീതി

മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. ആദ്യകാലങ്ങളിൽ ആദര വായനയ്ക്കും സ്പീച്ചിനും പ്രാധാന്യം നൽകുകയും ഹിയറിങ് എയ്ഡ് ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ഓഡിയോമെട്രി റൂം എന്നിവ വളരെ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. കേരള സിലബസിൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങൾ ഇവർ പഠിച്ചുവരുന്നു. ഹിന്ദിക്ക് പകരം വൊക്കേഷനൽ ട്രെയിനിങ് ആണ് ഇവർക്ക് ഉള്ള അധിക വിഷയം. അതിൽ അവർക്കുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് തയ്യൽ ആണ്. പുതിയ മാധ്യമരീതി അധര വായന മാത്രമല്ല ആംഗ്യഭാഷയ്ക്കും അതിലേറെ പ്രാധാന്യമുണ്ട്. പ്രാദേശിക ഭാഷയ്ക്ക് വ്യത്യാസമുള്ളതുപോലെതന്നെ പ്രാദേശിക ആംഗ്യഭാഷക്കും വ്യത്യാസമുണ്ട്. ആയതിനാൽ ISL - ഇന്ത്യൻ സൈൻ ലാംഗ്വേജ് ഒരു സ്റ്റാൻഡേർഡ് ഭാഷയായി മാറ്റുവാനുള്ള ശ്രമം ഇപ്പോൾ നടന്നു വരുന്നു. ഇന്ത്യയിലെയും പുറത്തും ഉള്ള ബാധിരരും സമൂഹവും ഇവരുമായി സംവദിക്കാനും കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുവാനും അവരുടെ യശസ് ഉയർത്തുവാനും അവരുടെ വെല്ലുവിളികളെ തരണം ചെയ്യുവാനും ഇതുമൂലം സാധിക്കുന്നു.

സാധാരണ ബിഎഡ് നോടൊപ്പം പ്രത്യേക ട്രെയിനിങ് ലഭിച്ച അധ്യാപകരാണ് ഇവരെ പഠിപ്പിക്കുന്നത്. എണ്ണത്തിൽ വളരെ കുറവായതു മൂലം എല്ലാ കുട്ടികളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും എല്ലാ അധ്യാപകരും അറിയുകയും അവരുടെ ഭവനങ്ങളിൽ പോയി ജീവിത സാഹചര്യങ്ങളെ കുറിച്ച് പഠനം നടത്തുകയും ആവശ്യമായ സാമ്പത്തികവും മാനസികവും സാമൂഹ്യപരവുമായ സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നു. അക്ഷരാർത്ഥത്തി ൽ മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഒരേ കുടുംബത്തിലെ അംഗങ്ങളെപോലെയാണ് ഇവിടെ വർത്തിക്കുന്നത്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ആയതുകൊണ്ട് 1:5 എന്ന അനുപാതത്തിലാണ് ക്ലാസ് റൂം ഡിവിഷൻ സജ്ജീകരിക്കുന്നത്. ഓരോ കുട്ടിക്കും ഓരോ പാഠവും പ്രത്യേകം പ്രത്യേകം കൂടുതൽ ശ്രദ്ധ നൽകി പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ആണ്. ആയതിനാൽ മറ്റു കുട്ടികളെ അപേക്ഷിച്ച് ഇവർക്ക് കൂടുതൽ ക്ലാസുകൾ ആവശ്യമായിവരുന്നു. അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള അധ്യാപകരാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഈ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഈ അധ്യാപകർ ഏറ്റെടുക്കുന്ന ത്യാഗങ്ങളും കടന്നുപോകുന്ന വഴികളും എടുത്തു പറയേണ്ടവയാണ്.