സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വിവേകിയായ കർഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിവേകിയായ കർഷകൻ

ഒരിക്കൽ ഒരു ഗ്രാമത്തിൽ വലിയ ക്ഷാമകാലം വന്നു. എങ്ങും പട്ടിണിയും ദാരിദ്ര്യവും മാത്രം...രോഗങ്ങൾക്കും കുറവില്ലായിരുന്നു.അന്നന്നു ജോലി ചെയ്തു ജീവിക്കുന്ന പാവങ്ങൾ മുഴു പട്ടിണിയിൽ ആയി.വരൾച്ച കൂടി വന്നതോടെ കർഷകരുടെ കാര്യവും അവതാളത്തിലായി.ഭക്ഷണസാധനങ്ങൾക്ക് വേണ്ടി ആളുകൾ മറ്റുഗ്രാമങ്ങളെ ആശ്രയിക്കാൻ തുടങ്ങി. അവിടെ നിന്നും വളരെ കുറച്ചു മാത്രമേ കൊണ്ട് വരാൻ കഴിഞ്ഞുള്ളു.കാരണം,അവിടെയും ക്ഷാമം ബാധിച്ചു തുടങ്ങിയിരുന്നു. രാജ്യത്തെ ഖജനാവും ഏറെക്കുറെ കാലിയായി. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ അത്ഭുതശക്തികൾ സിദ്ധിച്ച ഒരു സന്യാസി വന്നു. ഗ്രാമ മധ്യത്തിൽ ഉള്ള ആൽ മരച്ചുവട്ടിൽ അദ്ദേഹം ഇരിക്കുന്നു എന്നറിഞ്ഞു ഗ്രാമീണരെല്ലാം അവിടേക്ക് പോയി.

ആ ഗ്രാമത്തിൽ ഒരു ധനികനായ വ്യാപാരി ഉണ്ടായിരുന്നു.ക്ഷാമം വന്നതോടെ അയാളുടെ വ്യാപാരത്തിലും നഷ്ടം വന്നുതുടങ്ങി. അയാളുടെ അയൽപക്കത്തു ഒരു കൃഷിക്കാരൻ താമസിച്ചിരുന്നു അയാൾ വളരെ ദരിദ്രൻ ആയിരുന്നു.എങ്കിലും തന്റെ സമ്പത്തിൽ നിന്നും ഒരു വിഹിതം ആ പാവത്തിനെ സഹായിക്കാൻ അയാൾ ഉപയോഗിച്ചില്ല.

ഒരു ദിവസം രണ്ടു പേരും സന്യാസിയെ കാണാൻ പോയി. സന്യാസിയോട് തങ്ങളുടെ വേവലാതി ബോധിപ്പിച്ചു. കൃഷിക്കാരൻ ദാരിദ്ര്യം മാറ്റുവാനുള്ള മാർഗ്ഗം ആരാഞ്ഞു.വ്യാപാരി തന്റെ കച്ചവടം മെച്ചപ്പെടുവാനുള്ള വഴി കിട്ടണമെന്ന് അപേക്ഷിച്ചു. എല്ലാം ശാന്തനായി കേട്ട സന്യാസി രണ്ടു പേരെയും അനുഗ്രഹിച്ചു.കൂടാതെ രണ്ടു പേർക്കും ഓരോ കിഴി യും കൊടുത്തു. വീട്ടിൽ ചെന്ന് തുറന്നു നോക്കിയാൽ മതിയെന്ന് പറഞ്ഞു വിട്ടു.അവർ വീട്ടിൽ എത്തി.കുറച്ചു പയർ വിത്തുകൾ ആണ് രണ്ടിലും ഉണ്ടായിരുന്നത്.രണ്ടു പേരും നിരാശരായി. എങ്കിലും കർഷകൻ വെറുതെ ഇരുന്നില്ല അയാൾ വിത്തുകൾ തന്റെ ചെറിയ കൃഷി പാടത്തു വിതച്ചു.വെള്ളം കോരിയും കള വെട്ടിയും വളമിട്ടും നന്നായി അധ്വാനിച്ചു.കൃഷിയെ നന്നായി പരിപാലിച്ചു. അതേ സമയം കച്ചവടക്കാരൻ വിത്തുകളെ നോക്കി നെടുവീർപ്പിട്ടു...തന്റെ കച്ചവടം മെച്ചപ്പെടാൻ എന്തെങ്കിലും മാന്ത്രിക ഉപകരണം ഉണ്ടാകുമെന്നു കരുതിയ അയാൾക്ക്‌ മുന്നിൽ വിത്തുകൾ കൊഞ്ഞനം കുത്തുന്നതായി തോന്നി... എന്നാലും സന്യാസി തന്നതല്ലേ എന്ന് ചിന്തിച്ചു പയർ കിഴി എടുത്തു പൂജാമുറിയിൽ സൂക്ഷിച്ചു വച്ചു. അയാൾ പതിവ് പോലെ തന്റെ പ്രവൃത്തികളിൽ മുഴുകി.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി...രാജ്യത്തെ ക്ഷാമത്തിന് അല്പം അയവു വന്നുതുടങ്ങി..അങ്ങനെയിരിക്കെ വ്യാപാരിക്കു തന്റെ അയൽക്കാരന്റ പെട്ടെന്നുള്ള വളർച്ചയിൽ വളരെയധികം അത്ഭുതം തോന്നി.. അസൂയ മൂത്ത അയാൾ സന്യാസിയെക്കുറിച്ചോർത്തു...സന്യാസി കൃഷിക്കാരന് എന്തെങ്കിലും നല്ല സമ്മാനം കൊടുത്തിരിക്കുമെന്ന് അയാൾ വിചാരിച്ചു.ഒരേ സമയം രണ്ടു പേർ അനുഗ്രഹത്തിന് എത്തിയാൽ പക്ഷപാതം കാണിക്കുന്നത് അന്യായമല്ലേ?അയാൾ പരാതിയുമായി രാജാവിന്റെ അടുത്തെത്തി. രാജാവ് കർഷകനെയും സന്യാസിയെയും വിളിപ്പിച്ചു.കാര്യങ്ങൾ ആരാഞ്ഞു. സന്യാസി രണ്ടു പേർക്കും ഒരേ കാര്യമാണ് ചെയ്തത് എന്ന് ബോധ്യപ്പെട്ടപ്പോൾ കർഷകനും വ്യാപാരിയും തങ്ങൾക്ക് കിട്ടിയ വിത്തുകൾ എന്തു ചെയ്തു എന്ന് രാജാവ് ചോദിച്ചു. കർഷകൻ, അതു കൃഷി ചെയ്തെന്നും,നൂറു മേനി ഫലം കിട്ടിയെന്നും നല്ലയിനം വിത്തായതിനാൽ വീണ്ടും വീണ്ടും കൃഷി ചെയ്യാൻ സാധിച്ചു എന്നും അതുവഴി ദാരിദ്ര്യം മാറി സമ്പത്ത് കൈവരിച്ചു എന്നും അറിയിച്ചു.മാത്രമല്ല,വിത്തുകൾ തന്നെപോലെ യുള്ള ഒത്തിരി പേർക്കു കൃഷി ചെയ്യാൻ കൊടുത്തു എന്നും പറഞ്ഞു. വ്യാപാരി തനിക്കു കിട്ടിയ കിഴി സൂക്ഷിച്ചു വച്ചു എന്നു പറഞ്ഞു. ഈ ക്ഷാമകാലത്ത് അധ്വാനിക്കാതെ അത്ഭുതത്തിനു കാത്തിരുന്നവന് നല്ല ഫലം കിട്ടാൻ അവകാശം ഇല്ലെന്നു വിധിച്ച രാജാവ്, കർഷകനെയും സന്യാസിയെയും വിട്ടയച്ചു.വ്യാപാരിക്കാകട്ടെ നല്ല ശിക്ഷയും കൊടുത്തു. മടിയനും അസൂയക്കാരനുമായ അയാൾ അങ്ങനെ നല്ല പാഠം പഠിച്ചു.

ഗുണപാഠം :അധ്വാനിക്കാത്തവന് നേടാൻ കഴിയില്ല.


അലീന. ആർ
4 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ