സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മരിയൻ ടൈംസ്

ജനറൽ പി ടി എ 2018 - 19

lcenter

ഒരു വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെ എന്നതു പോലെ മാതാപിതാക്കളുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. 2018 ജൂൺ മാസത്തിൽ നടന്ന ക്ലാസ് പി. ടി. എ യോഗത്തിൽ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും പഠനവും ചർച്ച ചെയ്തു ഒപ്പം ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.2018 ഓഗസ്റ്റ് 4 ന് സ്കൂളിൽ ജനറൽ പി ടി എ യോഗം നടന്നു. അന്നേ ദിവസം തന്നെ പോലീസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള ട്രാഫിക് ബോധവൽക്കരണവും ഉണ്ടായിരുന്നു. സ്കൂൾ തല എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം

2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. പ്ളക്കാർഡ് മൽസരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനസമ്മാനം നൽകി.കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സാർപരിസ്ഥിതിദിനസന്ദേശം നൽകുകയും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.

വായനാവാരം

കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു. വായനാവാര സമാപന സമ്മേളനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ഷാജി മാലിപ്പാറയായിരുന്നു മുഖ്യാതിഥി. വായന നല്ല ജിവിതത്തിന്റ തുടക്കമാണെന്നും വായനയിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്നും അദ്ദേഹം പറഞ്ഞു. വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.

ബഷീർദിന അനുസ്മരണം

വിശ്വപ്രസിദ്ധ എഴുത്തുകാരനായ ബഷീർ കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. അതിനാൽ തന്നെ ബഷീർ അനുസ്മരണം ഏറെ ഹൃദ്യമായിരുന്നു. ബഷീറിന്റെ കൃതികളിലൂടെ ഒരെത്തി നോട്ടമായിരുന്നു ഈ വർഷത്തെ ബഷീർ അനുസ്നരണം. ബ,ഷീറിന്റെ കൃതികളുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒപ്പം കുട്ടികൾ കൊണ്ടുവന്ന ബഷീർ കൃതികളുടെ ഒരു പ്രദർശനവും നടന്നു. എല്ലാ കുട്ടികളും തങ്ങളുടെ ഇ,ഷ്ട സാഹിത്യകാരന്റെ ഓർമയിൽ സ്നേഹാദരപൂർവം പങ്കുചേർന്നു.

ലഹരി വിമുക്ത ദിനം

മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.തദവസരത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുടെ പ്രദർശനവും, ലഹരിയ്ക്കെതിരെ ഒരു കവിതയുടെ ദൃശ്യാവിഷ്കാരവും നടത്തി.

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.

വിദ്യാരംഗം കലാ സാഹിത്യ വേദി

2018 -2019 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു സാഹിത്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും നടനുമായ ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റം നിർവഹിച്ചു ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷം.

ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ലളിതമായി ആഘോഷിച്ചു. ദേശ സ്നേഹം ഉണർത്തുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 15-ാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് സ്കൂൾ ലോക്കൽ മാനേജർ സി. ഗ്രേസ് ജോസ് പതാക ഉയർത്തി,സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ലേഖനം

കാർബൺ മൊണോക്സൈഡ് - ഒരു നിശ്ശബ്ദ കൊലയാളി - മറിയമ്മ തോമസ്

ഈയിടെ വാർത്തകളിൽ നിറഞ്ഞ ഈ അപകടകാരിയായ വാതകത്തെക്കുറിച്ച് നാം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്.അടച്ചിട്ട മുറിയിലെ ഗ്യാസ് ഹീറ്ററിൽ നിന്നും ഉണ്ടായ കാർബൺ മൊണോക്സൈഡ് ചോർച്ചയായിരുന്നു രണ്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ജീവൻ അപഹരിച്ചത്. അൽപാൽപമായി ഈ വാതകം നമ്മുടെ ചുറ്റുപാടുമുണ്ട്. ഈ വാതകം അധികമായി ഉണ്ടാകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

കാർബൺ, കാർബൺ സംയുക്തങ്ങൾ എന്നിവ സാധാരണ ഇന്ധനങ്ങളിലെ പ്രധാന ഘടകങ്ങളാണ്. ഇന്ധനങ്ങൾ വായുവിൽപൂർണമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നങ്ങളാണ് കാർബൺ ഡയോക്സൈഡ്, ജലബാഷ്പം എന്നിവ. എന്നാൽ അപൂർണജ്വലനം നടക്കുമ്പോൾ അഥവാ ഓക്സിജന്റെ അളവു കുറയുകയോ, കാർബണിന്റെ അളവു കൂടുകയോ ചെയ്യുമ്പോൾ കാർബൺ ഡയോക്സൈഡിനു പകരം കാർബൺ, കാർബൺ മൊണോക്സൈഡ് എന്നിവ ഉണ്ടാകുന്നു.

വാഹനങ്ങൾ ഓടുമ്പോഴും, ആഹാരസാധനങ്ങൾ ഗ്രിൽ ചെയ്യുമ്പോഴും,വിറക് , ഗ്യാസ്, കൽക്കരി, കരി, മറ്റു ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തുമ്പോഴും സിഗരറ്റു വലിക്കുമ്പോഴും ഈ വാതകം ഉണ്ടാകാം. കാർബൺ മൊണോക്സൈസ് നിറമോ മണമോ ഇല്ലാത്ത ഒരു വാതകമാണ്.അതുകൊണ്ട് ഇതിന്റെ സാന്നിധ്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഡിറ്റക്ടർ ഉണ്ടെങ്കിൽ ഇതിന്റെ സാന്നിദ്ധ്യവും അളവും അറിയാം.

ഈ വാതകം എങ്ങനെയാണ് ഇത്ര അപകടകാരിയാകുന്നതെന്നു നോക്കാം. രക്തത്തിലെ ഹീമോഗ്ലോബിനുമായി കാർബൺ മൊണോക് സൈഡ് പ്രവർത്തിച്ച് കാർബോക്സി ഹീമോഗ്ലോബിൻ എന്ന പദാർത്ഥം ഉണ്ടാകുന്നു.ഇതോടെ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.ശരീര ഭാഗങ്ങൾക്ക് ഓക്സിജൻ കിട്ടാതെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്നവർക്ക് കാർബൺ മൊണോക് സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ മരണം സംഭവിക്കുന്നു. കുട്ടികൾ, ഹൃദ്രോഗികൾ, വിളർച്ചയുള്ളവർ, ശ്വാസകോശരോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് പെട്ടെന്ന് വിഷബാധയേൽക്കാൻ സാധ്യതയുണ്ട്.

നമ്മുടെ വീടുകളിലെ അടുക്കളയിൽ ഇന്നുപയോഗിക്കുന്ന പ്രധാന ഇന്ധനമാണല്ലോ LPG .അടുക്കളയിലെ ജനലുകളും വാതിലുകളും അടച്ചിട്ടു പാചകം ചെയ്യുമ്പോഴും കുറെശ്ശെയായി ഈ വാതകം ഉണ്ടാകുന്നുണ്ട്. അടുക്കളയിൽ ശരിയായ വെൻറിലേഷൻ ആവശ്യമാണ്. വെന്റിലേഷൻ സൗകര്യങ്ങൾ കുറവാണെങ്കിൽ ഒരു exhaust fan എങ്കിലും വേണം. ചിമ്മിനി ഉപയോഗിക്കുന്ന അടുക്കളയാണെങ്കിൽ അതിന്റെ ഔട്ട് ലെറ്റുകൾ കൃത്യമായ ഇടവേളകളിൽ വ്യത്തിയാക്കേണ്ടതാണ്.

കാർബൺ മൊണോക് സൈസ് ഉണ്ടാവാൻ സാധ്യതയുള്ള മറ്റിടങ്ങളാണ് വാഹന വർക്ക്ഷോപ്പുകൾ, ഗാരേജുകൾ കൂടാതെ ഗ്യാസ് ഹീറ്റർ, ജനറേറ്ററുകൾ, ചാർക്കോൾ ഗ്രില്ലുകൾ, പെയിന്റ് റിമൂവറുകൾ, ക്ലീനിംഗ് ദ്രാവകങ്ങൾ എന്നിവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങളിലും ആവശ്യത്തിനു വായു സഞ്ചാരം ഇല്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

നിർത്തിയിട്ട കാറിനുള്ളിൽ കൂടുതൽ സമയം AC പ്രവർത്തിപ്പിക്കുന്നതും അപകടം തന്നെയാണ്.ഇവിടെയും കാർബൺ മൊണോക് സൈഡിന്റെ അളവ് പെട്ടെന്നു കൂടാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലത്തല്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്, അടച്ചിട്ട ഗാരേജിൽ വാഹനം സ്റ്റാർട്ടു ചെയ്യുന്നത് ഇതൊക്കെ അപകട സാഹചര്യങ്ങൾ തന്നെയാണ്. കാർബൺ മൊണോക് സൈഡിനെക്കുറിച്ച് ഇത്രയൊക്കെ കേട്ട നാം ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാം. ഇന്ധനങ്ങൾക്ക് പൂർണമായ ജ്വലനം നടക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാം.