സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസ്സിന് ഉണർവും സുഖവും നല്കുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതു വഴി നമ്മുടെ വൃക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതുമാകും.നമ്മൾ ധരിക്കുന്ന വസ്ത്രം,നമ്മുടെ കിടപ്പുമുറി,നമ്മൾ പഠിക്കുന്ന/ ജോലി ചെയ്യുന്ന സ്ഥലം നമ്മുടെ സ്വഭാവത്തിൻെറ പ്രകാശനമാകും എന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം. നിർമ്മലമായ മനസ്സിൻെറ,നിഷ്കളങ്കമായ ഹൃദയത്തിൻെറ, അച്ചടക്കമുള്ള ജീവിതശെെലിയുടെ പ്രതിഫലനമാണ് ശുചിത്വമെന്നർഥം. പുരാതനസംസ്കാരം ശുചിത്വത്തിനു കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.

ഭാരതീയസംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെട്ടിരുന്നു.വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കുന്നതിനെ സംബന്ധിച്ച് മനുസ്മൃതി കർക്കശമായ നിയമങ്ങൾ നല്കുന്നുണ്ട്. എന്നാൻ,ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജയപ്പെടുന്നു. മലിനവസ്തുക്കൾ തെരുവുകളിലും നദികളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതിൽ ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. തികച്ചും ലജ്ജാകരമായ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് മനസ്സു വികൃതമായവർ നമ്മുടെയിടയിൽ ഇനിയും ഉണ്ടെന്നാണ്.

ശുചിത്വം ഒരു ശീലമായി മാറണം. ഭക്ഷണത്തിനു മുമ്പ് കെെകൾ കഴുകുക, പ്രഭാതത്തിലും ഉറങ്ങുന്നതിനു മുമ്പും പല്ല് ബ്രഷ് ചെയ്യുക,പ്രഭാതത്തിലും സായാഹ്നത്തിലും കുളിക്കുക,എന്നും അടിവസ്ത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കുക,ഇരിപ്പിടവും മറ്റും വൃത്തിയാക്കുക തുടങ്ങിയവ ഒരു ശീലമാക്കുന്നത് വലിയ കാര്യമായിരിക്കും.

വീടിൻെറ പരിസരത്തും മറ്റും മലിനജലം കെട്ടിക്കിടുക്കുന്നത് കൊതുകുകൾ പെരുകുന്നതിന് ഇടവരുത്തും.വർഷകാലത്തു ഡെങ്കിപ്പനി പരത്തുന്ന aedes albopictus Mosquito കൊതുകുകൾ മുട്ടവിരിയിക്കുന്നത് ശുദ്ധജലത്തിലാണ്.അതുകൊണ്ട് വീടിൻെറ പരിസരങ്ങളിൽ പാത്രങ്ങൾ, ചിരട്ട തുടങ്ങിയവയിൽ ജലം നില്ക്കാതിരിക്കാൻ പ്രതേൃക ശ്രദ്ധയുണ്ടാകണം.ഒരു പ്രദേശത്തുള്ളവർ സംഘാതമായി ശ്രമം നടത്തിയാൽ നിഷ്പ്രയാസം എല്ലാത്തരത്തിലുള്ള കൊതുകുകളും പെരുകുന്നതു നിയന്ത്രിക്കാനാകും.

ശുചിത്വം പാലിക്കുന്നതിൽ കുറ്റകരമായവിധം ഉദാനസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിൻെറ സൂചനകളാണ് വൃത്തിഹീനങ്ങളായ നമ്മുടെ തെരുവോരങ്ങളും പൊതുസ്ഥലങ്ങളും. വീടുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും വ്യവസായസ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു,പൊതു നിരത്തുകളും തോടുകളും പുഴകളും. വികസനത്തിൻെറയും സാംസ്കാരിക വളർച്ചയുടെയും ആദ്യചുവട് ശുചിത്വമാണെന്നു ഗ്രഹിക്കാൻ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

അനീന രാജൻ
9 C സെൻറ് മേരീസ് സി. ജി. എച്ച്. എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം