സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പോരാടാം     

എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ദൈവം കനിഞ്ഞരുളിയ വരദാനമാണ് പരിസ്ഥിതി. അതിൽ മനുഷ്യനുൾപ്പെടെ പല ജീവജാലങ്ങളും വിഹരിക്കുന്നു. അതിലെ പുഴകളും, തോടുകളും, അരുവികളും, തിരമാലകൾ ആർത്തിരമ്പുന്ന കടലുകളും, മലകളും, കുന്നുകളും, പച്ചയണിഞ്ഞ കാടുകളും പച്ചപുൽത്തകിടികളുമെല്ലാം മനസ്സിൽ തുടിതാളം കൊട്ടിപ്പാടുന്ന കാഴ്ചയാണ്. അവളെ കാണും നേരം മനസിലെ യാതനകൾ എങ്ങോട്ടെന്നില്ലാതെ അകന്ന് പോകുന്നു. എല്ലാവർക്കും സന്തോഷം പകരാൻ അവൾ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്നു. വിശ്വസ്വരുപണിയായ അവൾ എല്ലാവർക്കും ശുദ്ധവായുവും, തെളിഞ്ഞ കുടിനീരും, വൈവിധ്യങ്ങളുടെ ആനുകൂല്യങ്ങളും നൽകി സംതൃപ്തിപ്പെടുത്തുന്നു. മനുഷ്യർ തങ്ങളുടെ ജീവന്റെ നിലനിൽപ് അവളിൽ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയുടെ പുതപ്പായ പച്ചപ്പിനെ തൂത്തെറിഞ്ഞ് അവർ മണിമാളികകൾ പണിതുയർത്തി. കുടിനീര് തരുന്ന ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു. പക്ഷികളെയും മൃഗങ്ങളെയും ചൂഷണം ചെയ്തുകൊണ്ടിരുന്നു. അവൾ സഹിച്ചു. മനുഷ്യന്റെ ഉപദ്രവങ്ങൾകൊണ്ട് പൊറുതിമുട്ടിയപ്പോൾ അവൾ സംഹാരതാണ്ഡവമാടി. അത് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കലാശിച്ചു. അതിനൊപ്പം പല മാറാരോഗങ്ങളും ഇന്നു ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്നു. നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും ഒരു പാഠം പഠിച്ചിട്ടില്ല. ഇനിയെങ്കിലും നമ്മളൊന്ന് പഠിച്ചേ തീരു ...പരിസ്ഥിതിയിലാതെ നമ്മളില്ല. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയത്. പരിസ്ഥിതിക്കുവേണ്ടി നമുക്ക് പോരാടാം. ഒത്തൊരുമയോടെ.....

ലക്ഷ്മി കെ എസ്
7 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം