സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം


ഈ അവധിക്കാലത്ത് കൊറോണ ഭീതിയിലാണ് നാമെല്ലാവരും. മാസങ്ങളായി കൊറോണ എന്ന പേര് കേൾക്കാൻ തുടങ്ങിയിട്ട്. ഭീതി കൊണ്ടാണോ കൊറോണയെ നേരിടേണ്ടത്  ? ഭീതി അല്ല പ്രതിരോധമാണ് നമുക്ക് വേണ്ടത് . രോഗപ്രതിരോധം . ഭയം കൊണ്ട് ഒന്നും നേടാൻ സാധിക്കില്ല. മറിച്ച് പ്രതിരോധവും , ജാഗ്രതയും ഉണ്ടെങ്കിൽ ഒരുപരിധിവരെ ഏതുരോഗത്തെയും ഇല്ലാതാക്കാൻ നമുക്ക് ആകും. രോഗങ്ങൾ വരാതെ ഒരു മനുഷ്യനെ ആരോഗ്യവാനായി നിലനിർത്തുന്നതിൽ പ്രതിരോധത്തിനുള്ള പങ്ക് വളരെ വലുതാണ് . എന്താണ് രോഗപ്രതിരോധം ? രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യന് സ്വയമായി ശരീരത്തിൽ പ്രതിരോധശേഷി ഉണ്ട്. അതു കൂടാതെ രോഗങ്ങൾ പ്രതിരോധിക്കാൻ മനുഷ്യന് ചില മാർഗങ്ങൾ സ്വീകരിക്കാനാവും . അതിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്.


ലോകം മുഴുവൻ കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധം എന്ന വിഷയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് . കോവിഡ് -19 എന്ന വൈറസിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. പുറത്തു പോയി തിരിച്ചു വരുമ്പോഴും , വീട്ടിൽ ഇരിക്കുമ്പോഴും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക . അനാവശ്യമായി പുറത്തിറങ്ങി ചുറ്റിക്കറങ്ങാതെ ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക . അവശ്യസാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ അവിടെ ഒരു മീറ്റർ അകലം പാലിക്കുക . സാമൂഹികമായ ഈ അകലം വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ്. സാമൂഹികമായ അകലവും മാനസികമായ ഒരുമയും കൊണ്ട് നമുക്ക് കോവിഡിനെ കീഴടക്കാം.


അതുപോലെതന്നെ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ശുഭാപ്തി വിശ്വാസത്തിനും ആത്മധൈര്യത്തിനും ഉള്ള പങ്ക് വളരെ വലുതാണ് . രോഗങ്ങൾ വരുമ്പോൾ നാം അടിപതറരുത് നഷ്ട ധൈര്യരാകരുത് . രോഗത്തെ അതിജീവിക്കാനാകും എന്ന പ്രത്യാശ നമ്മുടെ കൈമുതൽ ആയിരിക്കണം . ചരിത്രത്താളുകൾ മറിച്ചുനോക്കുമ്പോൾ ആത്മധൈര്യം കൊണ്ട് രോഗങ്ങളെ കീഴടക്കിയ ഒരുപാട് പേരെ നമുക്ക് കണ്ടുമുട്ടാൻ ആകും. നിരാശയും ഭയവും ഉൽക്കണ്ഠയും നമ്മെ മരണത്തിലേക്കാണ് തള്ളിവിടുക . പേടിയും ഉൽക്കണ്ഠയും ഉള്ളവൻ ഒരു നിത്യരോഗി ആയിരിക്കും . പലതരത്തിലുള്ള രോഗങ്ങൾ അവനെ വേട്ടയാടും. ഒരു രോഗത്തെയും ചെറുക്കാനുള്ള ശേഷി അവന് ഉണ്ടായിരിക്കുകയില്ല .


മഹാകവി ഉള്ളൂർ . എസ് .പരമേശ്വരയ്യർ 'വിശ്വം ദീപമയം ' എന്ന കവിതയിൽ പറഞ്ഞുവെച്ചിട്ടുണ്ട് മനസ്സിൽ നിരാശ കൊണ്ടു നടക്കുന്നവന് നട്ടുച്ച പോലും രാത്രി പോലെ ഇരുണ്ടത് ആയിരിക്കും. എന്നാൽ പ്രത്യാശയും ശുഭാപ്തിവിശ്വാസവും ഉള്ളവനാകട്ടെ അർദ്ധരാത്രി പോലും സൂര്യൻ ഉദിച്ചത് പോലെ പ്രകാശ്പൂർണമായിരിക്കും. അതേ അദ്ദേഹം പറഞ്ഞുവെച്ചത് വളരെ ശരിയാണ്. ഭയത്തിനും ആശങ്കയ്ക്കും നമ്മുടെ ആയുസ്സിനെ നീട്ടിതരാൻ സാധിക്കില്ല. മറിച്ച് അവ നമ്മെ എളുപ്പത്തിൽ മരണത്തിന്റെ നീർക്കയത്തിലേക്ക് തള്ളിവിടും.


അതിനാൽ രോഗപ്രതിരോധം എന്നുപറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരേണ്ടത് ശുഭാപ്തിവിശ്വാസവും ആത്മധൈര്യവും ആണ് . രോഗം ഏതുമാകട്ടെ അവയെ ആത്മധൈര്യം കൊണ്ട് കീഴടക്കാൻ നമുക്കാകണം . നമ്മുടെ ജീവിത രീതികളും പെരുമാറ്റങ്ങളും രോഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ കഴിയുന്നതും പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്ന ശീലങ്ങളും മറ്റും മാറ്റാൻ നമുക്ക് സാധിക്കണം . അപ്പോഴേ രോഗപ്രതിരോധം പൂർണമാവുകയുള്ളൂ .


കോവിഡ് -19 എന്ന മഹാമാരി മനുഷ്യനെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആശങ്കയല്ല രോഗ പ്രതിരോധം ആണ് വേണ്ടത് . എത്രയും പെട്ടെന്ന് ഈ വൈറസിനെ തുരത്തി ഓടിക്കാൻ നമുക്കാകും. പ്രതിരോധം ആകുന്ന പടവാളേന്തി ജാഗ്രതയാകുന്ന പടത്തൊപ്പി അണിഞ്ഞു കൊറോണ വൈറസിനോട് പോരാടി വിജയ ശ്രീലാളിതരാകാൻ നമുക്ക് ആകട്ടെ.

ജിസ്ന ജോസ്
9 ഡി സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം