സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കോവിഡ് -19 - നമ്മെ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 - നമ്മെ പഠിപ്പിച്ച പാഠം

കൂട്ടുകാരെ, ഇന്ന് നാമെല്ലാവരും ലോക്കഡോൺ ഉം ആയി ബന്ധപ്പെട്ട് വീടുകളിൽ സുരക്ഷിതമായി കഴിയുകയാണല്ലോ. കോവിഡ്-19 എന്ന മഹാമാരി ലോകജനതകളെയെല്ലാം കീഴടക്കി നമ്മുടെ പടിവാതിൽക്കൽ വന്നെത്തിയിരിക്കുന്നു. സംസ്ഥാന സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നാം വളരെയധികം ശ്രേദ്ധാലുക്കളായി വീടുകളിൽ അഭയം തേടി വരുന്നു. ഇന്നു നാം രോഗപീഡയുടെ അന്ധകാരത്തിൽ ആണെങ്കിലും നാളെ നമുക്ക് ആരോഗ്യത്തിന്റെ പ്രകാശത്തിലേക്ക് മുന്നേറാം.

ജാതി മത ഭേതമന്യേ എല്ലാ ജനതകളിലും പടർന്നുപിടിക്കുന്ന ഒരു മഹാമാരി, അതായത് കൊറോണ ഒരു ജനതയുടെയല്ല ഒരു രാജ്യത്തിന്റെയല്ല ലോകം മുഴുവനെയും കാർന്നു തിന്നുന്ന രോഗാണുവാണ്. അത് അത്ര ചെറുതല്ല. എന്നിരുന്നാലും ആശങ്കയല്ല ഭയമല്ല പിന്മാറുകയുമല്ല വേണ്ടത്, പിന്നെയോ കൃത്യമായ ചികിത്സാരീതിയും, വ്യക്തിശുചിത്ത്വവും അതോടൊപ്പം തന്നെ വേണ്ടുന്ന അറിവും :
1. കൈയും മുഖവും ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക
2. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക
3. മാസ്ക് ധരിക്കുക
4. സമൂഹത്തിൽ അകലം പാലിക്കുക
എന്നിവയിലൂടെ ഒരു പരിധിവരെ നമുക്ക് ഈ വൈറസ് ഇൽ നിന്നും മുക്തി നേടാൻ സാധിക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നതും നമ്മുടെ ദൗത്യമാണ്.

നാം സ്കൂളുകളിൽ പോകുമ്പോൾ വീടും പരിസരവും ശുചിയാകുന്നത് അമ്മയോ ജോലിക്കാരോ ആകാം. എന്നാൽ ഇന്ന് നമുക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. നമുക്ക് തന്നെ ഇതെല്ലാം ചെയ്താല്ലോ? കൃഷിയിലൂടെയും,പരിസരശുചികരണത്തിലൂടെയും,അടുക്കളയിൽ സഹായിച്ചും പഴയ കാലങ്ങളിലൂടെ സഞ്ചരിച്ചു പല പല കളികളും പൊടിതട്ടിയെടുത്തു ഓർമ്മകൾ പുതുകിയും കുടുംബത്തോടൊപ്പം നമുക്ക്‌ ഈ കാലഘട്ടതെ അതിജീവിക്കാം.

ഒട്ടനവധി പരീക്ഷണങ്ങൾ നടക്കുന്ന പരീക്ഷണ ശാലയാണ് നമ്മൾ അറിയാതെ പോയ നമ്മുടെ വീടിന്റെ ഒരു കോണിലുള്ള നമ്മുടെ കൊച്ചു അടുക്കള ഇന്ന് അത് ഒരു വലിയ ലോകമായി എല്ലാരും അംഗീകരിക്കുന്നു. പരിസരസ്നേഹം ,ഒരുമ , ആനന്ദം,സഹകരണം തുടങ്ങിയ വ്യക്തിത്വ വികസനത്തിന്റെ രുചിക്കൂട്ടുകൾ അടുക്കളയിൽ നിന്നു നുകരാം.

ഒരു നേരത്തെ ആഹാരത്തിനുപോലും ഗതിയില്ലാതെ കഴിയുന്ന എത്രയോപേർ നമുക്ക് ചുറ്റിനുമുണ്ട്‌. നമുക്ക് അവരെ സഹായിക്കാനും മനസ്സുണ്ടാകണം. നമ്മെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകരും പോലീസും സ്വീകരിക്കുന്ന നടപടികളോട് ചേർന്ന് നിൽക്കാൻ നാം താല്പര്യം കാണിക്കണം. മതപരമായ ചടങ്ങുകൾ ഒന്നുപോലും നമുക്ക് സാധ്യമല്ലെങ്കിൽ കൂടി വീട്ടിലിരുന്ന് നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.

കോവിഡ്‌-19 രോഗികളെ ചികിത്സിക്കുന്നതിൽ പുതിയ സുപ്രധാന ചുവടുവെയ്പ്പിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുമതി നൽകിയിട്ടുണ്ട്."പ്ലാസ്മ തെറാപ്പി" എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി എന്നതുകൊണ്ടും വളരെയധികം പ്രയോജനം ചെയ്യുന്നു. കൊറോണ എന്ന ഈ വൈറസ് ബാധിച്ചു ഒട്ടനവധി ജീവനും മരണത്തിനുമിടയിൽ നെട്ടോട്ടമോടുന്നു. ഒരു പരിധി വരെ കൃത്യമായ അകലം പാലിക്കാതെയുള്ള ജീവിത രീതിയും,ശുചിത്വം ഇല്ലായ്മയും ആകാം ഇവരുടേത്.

നമ്മുടെ കൊച്ചു കേരളത്തിന്റെ തനിമയാർന്ന ജീവിതരീതിയാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ നമ്മൾ ആരോഗ്യരംഗത്തു മുന്നിട്ടുനിൽക്കുന്നു. നിലവിൽ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല അതുകൊണ്ട് രോഗം ഭേതമായവരുടെ പ്രതിരോധശേഷി ഉപയോഗിച്ച് രോഗിയെ ചികിൽസിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.

കോവിഡ് 19 മഹാമാരിയെ സാഹസിഹമായി പ്രതിരോധിക്കുന്ന കേരളത്തിന്റെ ശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. കേരളം കോവിഡ് 19 നെ കൈകാര്യം ചെയ്തവിധം രാജ്യത്തിനൊട്ടാകെ അനുകരണീയമാണ്. ത്വരിത രോഗപ്രധിരോധന, ഐസൊലേഷൻ, രോഗിയെ കണ്ടെത്തലും ചികിത്സ നൽകലും എന്നിവയാണ് പകർച്ചവ്യാധിയെ തടയാനുള്ള മാർഗ്ഗങ്ങളായി നാം സ്വീകരിച്ചത്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിൽ കേരളം മുൻകാലങ്ങളിൽ കാണിച്ച പരിചയസമ്പന്നതയും തയ്യാറെടുപ്പും കോവിഡ് 19 നെ പ്രതിരോധിക്കാൻ ഏറെ സഹായകരമായി.

ഈ കോവിഡ് കാലത്ത് സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ധാരാളം പേർ നമ്മുടെയിടയിൽ സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അവരെയെല്ലാം നമുക്ക് പ്രാർത്ഥനയിൽ ഓർക്കാം കൂടാതെ ഈ സാഹചര്യത്തിൽ ജീവൻപോലും പണയംവെച്ചു ആശുപത്രികളിലും മറ്റിടങ്ങളിലും സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ മറ്റു ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ സുരക്ഷക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം അതോടൊപ്പം അവരുടെ നല്ലമനസ്സിനു മുൻപിൽ നമുക്ക് നമിക്കാം .

ഈ കോവിഡ് 19 കാലവും നമ്മൾ ഒരുമിച്ച് കടന്ന്പോകും... യാതൊരു തർക്കവുമില്ല... ഒറ്റപ്പെടൽ എന്ന വേദനയും വേണ്ട... നാമെല്ലാം ഒറ്റക്കെട്ടാണ്.

ഡെന്നിസ് ആൻ്റണി
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം