സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി--മായുന്ന ഹരിത ഭംഗികൾ
പരിസ്ഥിതി--മായുന്ന ഹരിത ഭംഗികൾ
ആമുഖം ആധുനിക യുഗം വളർച്ചയുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. കല്ലുരച്ചു തീയുണ്ടാക്കി ഗവേഷണ പര്യവേഷണങ്ങൾക്ക് ആരംഭം കുറിച്ച മനുഷ്യൻ, ഇന്ന് പ്രകൃതിയുടെ നിയന്ത്രണം പോലും കൈപ്പിടിയിലൊതുക്കുവാൻ പ്രാപ്‌തനായിരിക്കുന്നു. വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കുവാനുള്ള പദ്ധതികൾ ഏതും ആകട്ടെ സത്യത്തിൽ അവ മനുഷ്യന് സംരക്ഷിക്കുവാൻ ഉള്ളതാണ് എന്ന് സ്റ്റുവർട്ട് ലുട്ടാലിൻ നമ്മേ ഓർമിപ്പിക്കുന്നു. പ്രകൃതിയെ കീഴടക്കുവാനും പ്രപഞ്ച രഹസ്യങ്ങളുടെ പൊരുൾ കണ്ടെത്തുവാനും ഇറങ്ങി തിരിച്ച മനുഷ്യൻ തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞതാണ് പരിസ്ഥിതിക വാദത്തിന് ആരംഭമായി മാറിയത്. സുഖാസ്വാദന വ്യഗ്രതയും സ്വാർത്ഥതയും ആധുനിക മനുഷ്യനെ പ്രകൃതി ഒരുക്കുയിരിക്കുന്ന് വിഭവങ്ങൾ എല്ലാം പരിമിതികൾ ഇല്ലാതെ ആസ്വദിക്കുക എന്ന പ്രവണതയിൽ എത്തിച്ചു. മണ്ണിന്റെ ഗുണവും പച്ചപ്പിന്റെ സൗന്ദര്യവും ഒക്കെയാണ് നമ്മുടെ നാടിന്റെ അസ്ഥിത്വത്തിനും പ്രൗഡിക്കും വളർച്ചയ്ക്കും ഒക്കെ കാരണം. അതുകൊണ്ടു തന്നെ മലിനീകരണം കേവലം താത്വികമോ ശാസ്ത്രീയമോ ആയ വിശകലനങ്ങൾക്ക് അപ്പുറമാണ്. ഇവിടെ മലിനീകരണം എന്നാൽ മണ്ണിൽ വീണ കറയോ വെള്ളത്തിൽ മാറുന്ന നിറമോ മാത്രമല്ല. കാളങ്കിതമാകുന്ന ഓരോ അണുവും നമ്മുടെ സംസ്കാരയ്‌തെയും സാഹിത്യത്തെയും, ആചാരങ്ങളെയും, ജീവിതക്രമത്തെയും, വിശ്വാസങ്ങളെയും ഒക്കെ മുറിപ്പെടുത്തുന്നു. പ്രകൃതി അനുഗ്രഹത്തിന്റെ പിള്ളതൊട്ടിലിൽ കിടത്തിയിരിക്കുന്ന ഭൂമിയുടെ അസ്ഥിത്വത്തെ തന്നെയാണ് മലിനീകരണം ബാധിക്കുന്നത്. അതിനാൽ പച്ചപ്പും ശുദ്ധവായുവും, ശുദ്ധജലവും ഒക്കെയുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതിയുടെ പുനഃസൃഷ്ടിക്കായി പ്രകൃതി നമ്മെ ആഹ്വാനം ചെയ്യുന്നു. മലിനമാകുന്ന മണ്ണ് മാലിന്യങ്ങളെ ഏറ്റുവാങ്ങുക മണ്ണിന്റെ ധർമ്മമാണ്. അഴുകുന്ന ജടത്തിന് മുകളിലും പൂക്കൾ വിരിക്കുന്ന പ്രകൃതിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ മാലിന്യങ്ങൾ ഇല്ലാതാകുന്നു. ഈ മണ്ണിനെ പലപ്പോഴും മലിനമാക്കുന്നത് മനുഷ്യന്റെ ഇടപെടലാണ്. വലിയ ഖനങ്ങളും വ്യവസായ ഉച്ഛിഷ്ടങ്ങളും ഇല്ലാതെ കർഷകന്റെ വിയർപ്പ് ഏറ്റ് കിടന്നിരുന്ന മണ്ണിൽ ഇന്ന് മാലിന്യത്തിന്റെ കറ പുരണ്ടിരിക്കുന്നു. മണ്ണ് വളമായിരുന്ന പ്രകൃതിയുടെ ഉദ്യാനത്തിന് വിരുന്ന് കൂടുന്ന സുന്ദര കാഴ്ചകൾ മങ്ങി തുടങ്ങിയിരിക്കുന്നു. വനനശീകരണം "ദശകൂപസമാപ്തി ദശവാപീസംമഹ്രദ:ദശഹ്രദസമ: പുത്രോ ദശ പുത്രസമോദ്രുമ:"പത്ത് കിണറുകൾക്ക് തുല്യമാണ് ഒരു കുളം. പത്തു കുളത്തിന് സമമാണ് ആഴമേറിയ ഒരു തടാകം. അങ്ങനെ പത്തു തടാകങ്ങൾക്ക് തുല്യമാണ് ഒരു വൃക്ഷം എന്നാണ് സുരപാലന്റെ വൃക്ഷയുർവേദം എന്ന പ്രാചീന ഗ്രന്ഥത്തിൽ പറയുന്നത്. ഒരു മരത്തിൻറെ ജീവൻ എടുക്കുന്നതിന് അതിന് മുൻപ് പത്തു വൃക്ഷത്തൈകൾ പൂർവികർ നട്ടിരുന്നു. അവരുടെടെ സമർപ്പണമനോഭാവത്തിന്റെ ബാക്കിപത്രമാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്ന ഹരിത ഭംഗികൾ കൾ.പുരയിടത്തിൽ കാവ് പിടിപ്പിച്ചു മരം വെട്ടുന്നതിന് മുമ്പ് ഭൂമിപൂജ ചെയ്തിരുന്ന മനുഷ്യന്റെ വനതോടുള്ള ഇന്നത്തെ സമീപനം നശീകരണത്തിന്റേതാണ്. മലിനമാകുന്ന ജലം ഒരു നാടിൻറെ ധമനികൾ ആണ് പുഴകൾ. സ്വയം അശുദ്ധമായി മറ്റുള്ളവയെ ശുദ്ധമാക്കുന്നതാണ് ജലം വേലിയേറ്റവും വേലിയിറക്കവും വഴിയും ഉരുളൻ കല്ലുകൾക്കിടയിലൂടെ ഉള്ള ഒഴുക്കുമൂലവും ജലാശയങ്ങളും തീരവും ശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ താളത്തിന് ഭംഗമേൽപ്പിച്ചുകൊണ്ട് ഇന്ന് വെള്ളം മലിനമാക്കപ്പെടുകയാണ്. കൃഷിലോകം വിഷലോകം മണ്ണിനെ താലോലിക്കുന്നവരാണ് കർഷകർ മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കുന്നതാണ് കൃഷി. പക്ഷേ ജനസംഖ്യ വർധനവും അശാസ്ത്രീയ കൃഷിരീതിയും കമ്പനികളുടെ കള്ളത്തരങ്ങളും കർഷകരുടെ ലാഭേച്ഛയും ഒന്നിച്ചു ചേർന്നപ്പോൾ കൃഷിലോകം വിഷലോകമായി തീർന്നു വിഷത്തിനൊപ്പം രാസവളങ്ങളും നമ്മുടെ മണ്ണിനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കിയിരിക്കുന്നു. മണ്ണിനെ വളക്കൂറുള്ള താക്കി ആ മണ്ണിൽ നിന്ന് അന്നം മുളപ്പിക്കെണ്ടവർ ഇന്ന് മണ്ണിനെ വിഷം പുതപ്പിച്ച് അനാരോഗ്യം കൊയ്യുകയാണ്. വാഹങ്ങങ്ങളും വ്യവസായശാലകളും വായുമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സ് വാഹനങ്ങളും വ്യവസായശാലകളും പുറംതള്ളുന്ന പുകയാണ്. 1975 മുതൽ മുതൽ 2002 വരെയുള്ള ഉള്ള വാഹനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് 20 ശതമാനമാണ്. റോഡിന്റെ വികസനമോ കേവലം 44% . വ്യവസായവത്കരണതോടെ വായുമലിനീകരണവും ഉയർന്നിട്ടുണ്ട്. ഉയർന്ന താപനിലക്കും ഓക്സിജൻ ക്ഷാമത്തിന് പോലും ഇത് കാരണമാകുന്നു. മലിനീകരണം നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം നൈട്രജൻ ഓക്സൈഡുകളും സൾഫർ ഓക്സൈഡുകളും പലപ്പോഴും പരിധിക്കപ്പുറം വർധിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ 1) കേരളത്തിൽ പണ്ട് സുലഭമായിരുന്നതും ഇപ്പോൾ അപൂർവമായമാത്രം കാണുന്നതുമായ വൃക്ഷങ്ങളുടെ തൈകളും ആയുർവേദത്തിൽ ഒഴിവാക്കാനാവാത്ത പ്രഖ്യാതങ്ങളായ ധാരാളം ചെടികളുണ്ട് . അശോകം, പുളി,നെല്ലി,രാമച്ചം,മാതളനാരകം, കുറുന്തോട്ടി ആടലോടകം, തുമ്പ മുത്തങ്ങ , മുതലായവ നടാം. 2) മാലിന്യ സംസ്കരണം ഇന്ന് ആധുനികലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. മാലിന്യങ്ങളെ അവയുടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതി നമുക്ക് അവലമ്പിക്കാം ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളെ ബയോഗ്യാസ് പ്ലാന്റിൽ എത്തിച്ചാൽ പാചക വാതകമായി നമുക്ക് ഉപയോഗിക്കാം. 3) പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വിദ്യാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഒഴിവാക്കാം ഒറ്റ ദിവസം കൊണ്ട് ഇത് സാധിക്കില്ല ഘട്ടം ഘട്ടമായി ഇതിനെ ഒഴിവാക്കാം. മരണമില്ലാത്ത മണ്ണിന് മരണം വിധിയ്ക്കുന്ന ഈ ഭീകരന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാം പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചികളും പേപ്പർ കവറുകളും ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകാം. പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളിലും വെള്ളവും ഭക്ഷണസാധനങ്ങളും കൊണ്ടുവരുന്നതിനെതിരെ ബോധവത്കരണം നടത്തണം. 4) വിദ്യാലയ അതിർത്തിയിലും വീടുകളിലും ഫലവൃക്ഷങ്ങൾ ആയ മാവ്,തെങ്ങ് , പ്ലാവ് എന്നിവ നട്ടു വളർത്തി വൃക്ഷ മതിൽ നിർമ്മിക്കാം വലിയ മതിൽക്കെട്ടുകളുള്ള സ്കൂളുകളിലും വീടുകളിലും വൃക്ഷ മതിൽ നിർമിക്കാൻ കഴിയും. ഹരിതഛായകൾ വർദ്ധിപ്പിക്കുന്നു എന്നുമാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ വിലയും അതിന്റ ലഭ്യതയും നമ്മൾ ഓർക്കണം. ഭക്ഷ്യസുരക്ഷാ കാര്യത്തിലും ഇതിനു വലിയ പ്രാധാന്യം ഉണ്ട് . ഉപസംഹാരം പ്രകൃതി നൽകിയ ദാനങ്ങളിൽ ചിലതൊക്കെ പുരോഗതിയുടെ വഴിവക്കിൽ ഉടഞ്ഞു പോകുന്ന കാഴ്ചയാണ് നാം ഇന്ന് നമ്മുടെ പരിസ്ഥിതിയിൽ കാണുന്നത്. സമഗ്രാമല്ലാത്ത പുരോഗതി മൂലം ജലവും വായുവും വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ വഴിയരികിൽ വലിച്ചെറിയാൻ മാലിന്യം കൂടിലാക്കി കൊടുത്തു വിടുന്ന വീട്ടമ്മമാരും, പാടങ്ങളും ഗ്രാമങ്ങളും ഗളഹസ്തം ചെയത് നിർമ്മിക്കപ്പെട്ട പട്ടണ മതിലുകൾ പോസ്റ്ററും ഫ്ലക്സും ഒട്ടിച്ച് കൂടുതൽ വൃത്തിഹീനമാക്കുന്നവരൊക്കെ സാമ്പത്തികനേട്ടങ്ങൾ ക്കിടയിൽ സംസ്കാരം മറന്നുപോയ മനുഷ്യന്റെ പ്രതീകങ്ങളാണ്. മനുഷ്യന്റെ മനസ്സിലേറ്റ ഈ മലിനീകരണമാണ് വഴിയരികിലെ മാലിന്യകൂമ്പാരത്തിലും ആകാശത്ത് പറക്കുന്ന കറുത്ത പുകക്കും പുഴയിലേക്ക് ഒഴുക്കുന്ന മലിനജലത്തിനുമൊക്കെ കാരണം. മനുഷ്യമനസ്സും മണ്ണും ശുദ്ധമാകുന്ന നല്ല നാളുകൾ ഉണ്ടാകട്ടെ. പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കളങ്കം ചാർത്താൻ മനുഷ്യൻ ഒരുക്കുന്ന സ്വപ്ന മന്ദിരങ്ങൾ താളഭംഗം വരുത്തുന്ന പരിസ്ഥിതിയുടെ രോദനം കേൾക്കാം. പ്രകൃതി നമ്മുടെ അമ്മയാണ് ശ്വാസിക്കുവാനുള്ള വായുവും കുടിക്കുവാനുള്ള വെള്ളവും ഭക്ഷിക്കുവാൻ ഉള്ള ആഹാരവും നൽകുന്ന അവൾ നമ്മുടെ ജീവനാണ്. നാം ആർത്തികൊണ്ട് വാരിക്കൂട്ടിയത് എല്ലാം കൈവിട്ട് വിനീതരാകാം. എന്നിട്ട് മണ്ണിനോടും മരത്തിനോടും സാഹോദര്യത്തിന്റെ മന്ത്രം ചെവിയിലോതാം. ജീവന്റെ കാവലാളും സംരക്ഷകരുമായി നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം