സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
 ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് - 19 എന്ന മഹാമാരിക്കെതിരായി പോരാടുമ്പോൾ ഓസ്ലറുടെ പ്രവചന സ്വഭാവമുള്ള വാക്കുകൾക്ക് പ്രസക്തിയേറുകയാണ്. " മാനവരാശിക്ക് മുന്ന് ശത്രുക്കളാണുള്ളത്. യുദ്ധം, ക്ഷാമം, പകർച്ച രോഗങ്ങൾ. ഇവയിൽ വച്ചേറ്റവും ഭീകരവും മാരകവുമായ ശത്രു പകർച്ചവ്യാധികൾ തന്നെ. "കോ വിഡ് ബാധിച്ച രാജ്യങ്ങളുടെയും അവിടങ്ങളിൽ മരിക്കുന്ന രോഗികളുടെയും എണ്ണം ഭയാനകമായി നമുക്ക്  മുമ്പിലുണ്ട്.മഹാമാരികൾ മനുഷ്യർക്ക് പുത്തരിയല്ല. പ്ലേഗും സ്പാനിഷ് ഫ്ളൂവും കോളറയും വസൂരിയും എയ്ഡ്‌സുമെല്ലാം വൻകരകളെ കീഴടക്കിയ പകർച്ചവ്യാധികളാണ്. ഇവയിലേറെയും ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ശൈശവ - ബാല്യ ദശകളിലായിരുന്നു  പടർന്നത്. കോവിഡ് - 19 മോഡേൺ മെഡിസിന്റെ പുഷ്കല കാലത്ത് ശക്തമായ വെല്ലുവിളി  ഉയർത്തുന്നു.

ഇതുവരെ നമുക്ക് പരിചയമുള്ള കൂട്ടത്തിൽ പെടുത്താവുന്നതല്ല കോവിഡ് - 19. സാധാരണ പകർച്ചവ്യാധി വലിയൊരു വിഭാഗത്തെ രോഗികളാക്കുകയും കുറേ പേരെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തു കൊണ്ട് പിൻവാങ്ങുകയാണ് പതിവ്. ഇവിടെ കോവിഡ്- 19 ഉം അതൊക്കെ ചെയുന്നുണ്ടെങ്കിലും മറ്റൊരു ശക്തമായ സാമൂഹിക ഇടപെടൽ കൂടി അത് നടത്തുന്നുണ്ട്. മനുഷ്യ ശരീരത്തിൻ്റെ സ്പർശനം രോഗവ്യാപനത്തിന് ഇടയാക്കും എന്നതുകൊണ്ട് രോഗഭീഷണി ഉള്ളിടത്തെ മുഴുവൻ മനുഷ്യരും സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാകുന്നു ഇന്ത്യയടക്കം ലോകത്തെ ബഹുയൂരിപക്ഷം രാജ്യങ്ങളിലേക്കും ഈ രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ടിരിക്കയാണ്.

ഈ സാമൂഹിക അകലം പാലിക്കൽ നിസ്സാരമായ ഒരു ചടങ്ങ് മാത്രമല്ലേയെന്നു തോന്നാം.പക്ഷേ ഇത് നാളിതുവരെ നിലനിന്നു പോന്ന സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കയാണ്. നിത്യജീവിതത്തിൽ സാമൂഹിക ബന്ധങ്ങളെ ഉഷ്മളമാക്കുന്ന ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയ സ്പർശങ്ങളെല്ലാം ആസാദ്യമാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിലും അവ സൃഷ്ടിക്കുന്ന സാമൂഹിക അടിയൊഴുക്കുകൾ സങ്കീർണമായിരിക്കും.

ഇപ്പോൾ കൊറോണയുടെ ഇടപെടൽ വ്യത്യസ്തമാണ്. അത് കാലഗണനയിലല്ല ഇടപെടുന്നത്. മനുഷ്യചരിത്രത്തെത്തന്നെ രണ്ടായി ഭാഗിക്കുകയാണ് ചെയ്യുന്നത്. ഇതുവരെയുള്ള സമൂഹത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സമൂഹത്തെയാണ് അത് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റത്തിന്റെ തുടക്കം സംഭവിക്കുന്നത് മനുഷ്യരുടെ മനസ്സിൽ തന്നെയാണ്.ഇതുവരെ മനുഷ്യർ തങ്ങളെക്കുറിച്ച്, ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തെക്കുറിച്ച് എല്ലാം പുലർത്തി പോന്ന ധാരണകളാണ് പൊളിച്ചെഴുതപ്പെടുന്നത്.ഈ പൊളിച്ചെഴുത്തിന്റെ ആഴവും പരപ്പുമൊന്നും ഇപ്പോൾ ആർക്കും പ്രവചിക്കാനാവില്ല.

കോവിഡ്- 19 പ്രതിരോധത്തിൽ ഇന്ത്യയും കേരളവും ഇതിനകം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. ലോകം ഒരു വിരൽ തുമ്പിലെന്നും കാതവും കാലവും തൻ്റെ മുന്നിൽ ഒന്നുമല്ലെന്നും വീമ്പിളക്കിയ സമ്പന്ന പരിഷ്കാരസമൂഹം തന്റെ മുറിയിൽ തടവറയിലുമാണിപ്പോൾ.

ആഗോള പ്രശ്നമാണ് കോവിഡ് മഹാമാരി. അഗോള പ്രശ്നങ്ങൾക്ക് വേണ്ടത് ആഗോള പരിഹാരങ്ങളാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നിയന്ത്രണവിദേയമാക്കാനുള്ള ശ്രമത്തിലാണ് ഓരോ രാജ്യവും.ഈ ശ്രമങ്ങൾ ഫലവത്താവണമെങ്കിൽ അതിനാവശ്യമായ വൈദഗ്ധ്യവും വിഭവങ്ങളും ആ രാജ്യങ്ങൾക്കുണ്ടാവണം.

കോവിഡുമായുള്ള യുദ്ധത്തിൽ നമുക്ക് വിജയിച്ചേ തീരൂ. ആരോഗ്യപരിപാലനരംഗത്ത് സുശക്തമായ ബഹുതലസംവിധാനമാണ് നമ്മുടെ കരുത്ത്. വിശ്വമാതൃകയായി വളർന്ന നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളിലാണ് നാം വിശ്വാസമർപ്പിച്ചിരിക്കുന്നത്. ശക്തമായ ഭരണസംവിധാനം, അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകർ,സാമൂഹിക പ്രതിബദ്ധതയുള്ള പൊതുസമൂഹം അന്തിമവിജയത്തിന് ഇത് ധാരാളം മതി.

നയന പ്രസാദ്
7 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം