സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം, പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം, പരിസ്ഥിതിസംരക്ഷണം എന്റെ കടമ- എന്റെ അവകാശം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യമില്ലാത്ത അവസ്ഥ നരകതുല്യമാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുകയാണ് നാം ചെയ്യേണ്ടത്.

വ്യക്തി, കുടുംബം, പരിസരം, നാട് എന്നിങ്ങനെ ശുചിത്വത്തിന്റെ മേഖലകൾ വലുതാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം ഇക്കാര്യത്തിൽ കേരളീയർ മുൻപന്തിയിലാണെങ്കിലും പൊതുസ്ഥലം, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പിന്നിലാണ്. പാഴ്‍വസ്തുക്കളും, ചപ്പുചവറുകളും പൊതുസ്ഥലത്ത് നിക്ഷേപിക്കാൻ നമുക്ക് മടിയില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നമ്മുടെ നാടിനുണ്ടെങ്കിലും വൃത്തിയുടെ കാര്യത്തിൽ നാം വളരെ പിന്നാക്കാവസ്ഥയിലാണ്.

ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതി നിയമങ്ങൾ അനുസരിക്കാൻ നമ്മൾ തയ്യാറാകണം. കുട്ടികളായ നാം വീട്ടിലും വിദ്യാലയത്തിലും ശുചിത്വം ശീലമാക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് മറ്റുള്ളവരെയും അതിനായി പ്രേരിപ്പിക്കണം.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. അറിവുനേടുകമാത്രമല്ല നല്ല ആരോഗ്യശീലങ്ങൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം ഇവ പാലിക്കാനും വിദ്യാർത്ഥികളായ നമുക്ക് കടമയുണ്ട്. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് വഴി.

ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർക്കുവേണ്ടി മാത്രമല്ല വരാനിരിക്കുന്ന തലമുറകൾക്കുകൂടി നല്ല ജീവിതം ഉറപ്പുവരുത്തുന്നതിനുള്ള ഒരു കരുതൽക്കൂടിയാണ് പരിസ്ഥിതിസംരക്ഷണം. ഇത്ര സുന്ദരമായ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും അപകടത്തിലാക്കുന്ന മലിനീകരണ പ്രക്രിയയിൽനിന്നും ഈ ലോക്ഡൗൺ കാലത്ത് നമുക്ക് പിന്തിരിയാം. പരിസരം ശുചിയാക്കാം. പരിസ്ഥിതിയെ സംരക്ഷിക്കാം.

Steeve Shijo
9A സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം