Schoolwiki സംരംഭത്തിൽ നിന്ന്
തോരാത്ത നിനവുകൾ
വിശാലമാകുമീ വിഹായസ്സിൽനിന്നിതാ
പെയ്തിറങ്ങീ മൂന്ന് മഴനീർത്തുള്ളികൾ
ഭൂവിതിൽ പതിക്കുമീ ബിന്ദുവോരോന്നിലും
ഊഴിയോടവയ്ക്കു മമത കാണ്മു ഞാൻ
അഴികളീലൂടെയീ വർഷം നോക്കിയിരിക്കിലും
ചിത്തതിൽ മിന്നിമറയുന്നു നിനവുകൾ
ജനലഴികൾക്കപ്പുറം എന്തെന്നുപോലുമേ
അറിയാതെ മർത്യരിന്നെരിഞ്ഞിടുന്നു
ജീവിതകാലത്തോരിക്കലും കാണാത്ത
ഭീകരലോകത്തിൻ മുൻപിലിതാ
കരുണ വറ്റാത്തെരു ദേവനിൽനിന്നുമേ
സഹായഹസ്തങ്ങൾ ലഭിപ്പതിനായ്.
പച്ച പുതച്ചു നിന്നൊരാ ഭൂവനവും
കിളികളുതിർത്തിരുന്നൊരാ ഈണവും
ഇളമർമരങ്ങളേകിടും താളവും
നിറമാർന്ന പട്ടണിഞ്ഞു നിന്ന സുമങ്ങളും
കൂടിക്കലർന്നുത്ഭവിച്ചൊരാ പ്രകൃതിയാൽ
നിലനിൽക്കുന്നവരിന്നു നാം മാലോകരേവരും
ഒരിളം കാറ്റായ് നീ തഴുകുമ്പോഴും
ഒരു പുതുമഴയായ് നീ പുണരുമ്പോഴും
കുളിർ മഞ്ഞിൻ കണമായി ഉതിരുമ്പോഴും
ഇളംവെയിലായി ശോഭ തൂകുമ്പോഴും
നീയെന്നെ താങ്ങിന്നില്ലാതെ ഭൂവിൽ
പ്രാണന്റെ നിലനിൽപ്പും ഇല്ലതു നിശ്ചയം.
നിന്നോടു മാലോകർ ചെയ്തോരാ നീചമാം
ചെയ്തികൾ നീയന്ന് പോറുത്തതില്ലേ ?
നിൻ തനുവിൽ ആഴത്തിൽ മുറിവേൽപ്പിച്ചോരാ
മർത്യർക്കു നീ മാപ്പു നൽകിയില്ലേ ?
നിന്നുള്ളിലെ രോദനം ശ്രവിക്കാത്തവർക്കായി
നിൻ മധുരിപ്രതികാരമോ ഈ മഹാമാരികൾ
ഒാരോ അണുവും നീളുന്നപോലെയാ
അഹസ്സുകൾ ആണ്ടുകളാകുന്നപോലെയോ
നിമിഷങ്ങൾ പോലും കടന്നുപോയിടുവാൻ
നാളുകൾ പോലും വേണമെന്ന തോന്നലും
ഒാരോ അണുവിലും പോലിയുന്നിതാ
നീയാൽ കുരുത്തോരാ ജീവിതങ്ങളും
ത്ധതിയിൽ പടർന്നൊരു വ്യാധിയിൽപെട്ടു നാം
യാതനയ്ക്കിടയിലായ് ബാഷ്പം പൊഴക്കുന്നു.
അഹസ്സും നിശീഥിനിയായ് മാറുന്നപോലവേ
മൂടുന്നു തമസ്സാൽ മാനവജീവനും
മിഴികൾക്കുള്ളിലെ താരകംപോലെ നീ
കാക്കതാം ചേതന നിന്നിലായ് തീർന്നീടും
വീണ്ടുമീ ക്ലേശങ്ങൾ താങ്ങവാൻ വയ്യാത്ത
ഞങ്ങൾക്കായ് ഉള്ളിലെ സ്നേഹത്തിൽ നിന്നും
ഒരു നുള്ളു നൽകി നീ വീണ്ടെടുക്കൂ ഞങ്ങളെ
ഒരു നുള്ളു നൽകി നീ ചേർത്തുനിർത്തു...
ഇത്രമേൽ നിനവുകൾ മിന്നിമറഞ്ഞിട്ടും
എന്തേ ഈ മഴ തോർന്നതില്ല ?
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 10/ 2020 >> രചനാവിഭാഗം - കവിത
|