സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/2025-26
പ്രവേശനോത്സവം - ജൂൺ 2, 2025


2025- 26 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, 2025 ജൂൺ 2 രാവിലെ 9. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി. ഏറ്റുമാനൂർ നഗരസഭാതല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു എന്നത് അഭിമാനാർഹമാണ്.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ബീന അധ്യക്ഷത വഹിക്കുകയും ചെയ്തു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ശ്രീമതി ലൗലി ജോർജ് പ്രവേശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുരുന്നുകൾ അധ്യാപകരിൽ നിന്ന് അക്ഷര വെളിച്ചം സ്വീകരിക്കുന്നതിന്റെ പ്രതീകമായി കത്തിച്ച തിരികളേന്തിയ അധ്യാപകരിൽ നിന്നും ഓരോ ക്ലാസിന്റെയും വിദ്യാർത്ഥി പ്രതിനിധികൾ തിരികൾ തെളിച്ചു അധ്യാപകരോട് ചേർന്ന് നിന്നുകൊണ്ട് പുതിയ അധ്യയന വർഷത്തിന്റെ വിദ്യാരംഭം കുറിച്ച കാഴ്ച ഹൃദയസ്പർശിയായിരുന്നു. വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കൽ നവാഗതരായ കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ്, ബി ആർ സി ട്രെയിനർ ശ്രീ. ബിനീത് കെ എസ് , വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ജോസ്‌വിൻ സിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നമ്മുടെ വിദ്യാലയത്തിന്റെ എസ് ആർ ജി കൺവീനർ ശ്രീമതി ലതിക മാത്യു യോഗത്തിന് കൃതജ്ഞത അർപ്പിച്ചു..
ജൂൺ 5 പരിസ്ഥിതി ദിനം - ജൂൺ 5, 2025


പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ഉത്ബോധിപ്പിക്കുന്നതിനായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മിസ്ട്രെസ് സി. മേഴ്സി തോമസ് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ ആശയങ്ങൾ നൽകുന്ന വീഡിയോ പ്രദർശനം നടത്തി. ഒമ്പതാം ക്ലാസിലെ കുട്ടികളുടെ ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി എന്ന സമൂഹ ഗാനവും കുട്ടികൾക്ക് ഏറെ ഇഷ്ടമായി തുടർന്ന് കുട്ടികൾ ഓരോരുത്തരും കൊണ്ടുവന്ന ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുവാൻ അവസരം നൽകി. പോസ്റ്റർ രചന മത്സരവും ചർച്ചകളും നടത്തി. പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ സ്വന്തം രചനകൾ തയ്യാറാക്കി അവ ഉൾപ്പെടുത്തി പതിപ്പ് നിർമ്മാണം, ചിത്രപ്രദർശനം എന്നിവ നടത്തി.