സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു . ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . വ്യക്തിശുചിത്വം , ഗൃഹശുചിത്വം , പരിസരശുചിത്വം , സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകെത്തുകയാണ് ശുചിത്വം .

ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ് . വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത് ? ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നേ പറ്റൂ .

ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല . മാലിന്യക്കൂമ്പാരങ്ങളും ദുർഗന്ധ പൂരിതമായ പാതയോരങ്ങളും നമ്മുടെ നിത്യജീവിതത്തിലെ പതിവുകാഴ്ചകളാണ് . മാലിന്യങ്ങൾ എന്തു ചെയ്യണമെന്ന് അധികൃതർക്കും വ്യക്തമായ ധാരണയില്ല . മാലിന്യ നിക്ഷേപത്തിന്റെ പേരിൽ സംഘർഷങ്ങൾ പോലും ഉടലെടുക്കുന്നു . കോടതി തന്നെ പലവട്ടം ഇടപ്പെട്ടിരിക്കുന്നു . എന്നാൽ പ്രശ്നപരിഹാരം നീണ്ടുപോകുന്നതല്ലാതെ ഫലമൊന്നുമില്ല .

സാമൂഹ്യബോധവും പൗരബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു . ഓരോരുത്തരും അവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനെ കൈവരും . ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഒരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും . ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം . ശുചിത്യമുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ് , അഭിമാനമാണ് . അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ് . ജീവിതഗുണനിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം . ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും .

ജോസ്മി ജിജോ ജോസഫ്
8 ബി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം