സഹായം Reading Problems? Click here


സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ/അക്ഷരവൃക്ഷം/ പ്രകൃതി - നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതി - നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ മാതാവാണ്. പ്രകൃതിയെ സംരക്ഷിക്കൽ മക്കളായ നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സയിഡ് , മീഥേൻ, നൈട്രസ് ഓക്‌സൈഡ് , ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചക്ക് കാരണമാവുകയും തന്മൂലം ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സംതുലനവും കാലാവസ്ഥാസുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം .

ആകാശവും ഭൂമിയും വായുവും വെള്ളവും നമ്മുടെ ജീവന്റെചുറ്റുപാടുകൾ ഒക്കെയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാർത്ഥികൾ മറ്റാരേക്കാളും നന്നായി ഇക്കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കേണ്ടവരാണ്. കാരണം ഭാവിയുടെ ഉടമസ്ഥർ അവരാണ്. ആസൂത്രണമില്ലാത്ത, അനിയന്ത്രിതമായ പ്രകൃതിചൂഷണം നമ്മുടെ ലോകത്തെ ദുരിതാവസ്ഥയിലേക്ക് നയിക്കുകയാണ്. കാടും നാട്ടിൻപുറത്തെ മരങ്ങളും എല്ലാം വെട്ടി മാറ്റി കേരളം ഈ ദുരന്തത്തിന് ആക്കം കൂട്ടുകയാണ് . കേരളത്തിന്റെ ഹരിതഭംഗി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വിത്ത് മുളക്കാതിരിക്കലും സസ്യങ്ങളുടെ അകാലത്തിലുള്ള കൃഷിനാശവും ഒക്കെ ഇതിന്റെ ഭാഗങ്ങളാണ്. ജീവന്റെ അടിസ്ഥാനം ജലമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഖര-ദ്രാവക-വാതക അനുപാതം ജീവലോകത്തിനു വലിയൊരു ഭീഷണിയാകും വിധം മാറിയിട്ടുണ്ട്. ഭൂമധ്യരേഖക്ക് അടുത്ത പ്രദേശമാണ് നമ്മുടെ കേരളം. അതുകൊണ്ടു നമ്മുടെ നാട്ടിൽ സൗരോർജ്ജത്തിന്റെ ലഭ്യത വളരെ കൂടുതലാണ്. അതു മുഴുവൻ ഏറ്റുവാങ്ങി ജീവൽ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സസ്യജാലങ്ങൾക്കു മാത്രമേ കഴിയൂ.

ജീവൻ നിലനിർത്താൻ ആവശ്യമായ ജലവും മണ്ണും ലഭ്യമാക്കാൻ ദീർഘവീക്ഷണത്തോടെ തദ്ദേശീയ വൃക്ഷങ്ങളെ ആശ്രയിച്ചു കൊണ്ടുള്ള ഹരിതവൽക്കരണമാണ് നാം നടപ്പാക്കേണ്ടത്. ഒരു തുണ്ടു ഭൂമി പോലും തരിശാക്കാതെ നാം സംരക്ഷിക്കണം. ജീവപരിണാമത്തിന്റെ കളി തൊട്ടിലുകൾ ആയ മഴക്കാടുകൾ ലോകമെമ്പാടും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ജീവനാധാരമായ മണ്ണ് പൊടിഞ്ഞുണങ്ങി പറന്നും പ്രളയജലത്തിലൊലിച്ചും ഫലപുഷ്ടി കുറഞ്ഞുവരുന്നു. പുഴകളും മറ്റു ശുദ്ധ ജല ഉറവിടങ്ങളും ജീവന്റെ ഉദ്‌ഭവസ്ഥാനമായ കടലും ശുദ്ധീകരിക്കാൻ പറ്റാത്തവിധം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശുദ്ധമെന്നു കരുതുന്ന മഴവെള്ളം പോലും ഇന്ന് അമ്ലമയമാണ്. ലോക വൻശക്തികൾ ഒരുക്കിവെച്ചിരിക്കുന്ന അണുവായുധങ്ങളുടെയും രാസായുധങ്ങളുടെയും ഒരു ശതമാനം മതി ഇന്നുള്ള ജൈവലോകത്തെ മുഴുവനും നശിപ്പിക്കാൻ. ഒരു കുഞ്ഞിന്റെ രണ്ടുകരങ്ങളും ഒരു മരത്തൈ നടുമ്പോൾ സുസ്ഥിര വികസന സങ്കല്പത്തിന്റെ ജീവനീതിയായി പുതിയ ഒരു ലോകക്രമത്തിന്റെ ശുഭ പ്രതീക്ഷയാണ് നാം വെള്ളവും വളവും നൽകി വളർത്താൻ ശ്രമിക്കുന്നത്. കുഞ്ഞിന്റെ മനസ്സിലും മണ്ണിന്റെ തരുനാഭിയിലും ഒരേസമയം ഈ വിത്ത് മുളയെടുക്കുന്നു.

നൈന നൂറുദ്ധീൻ
6 സെന്റ് തോമസ് എച്ച് എസ് എസ് ,ഏങ്ങണ്ടിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം