സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതി ഇന്ന് ബാലമനസ്സുകളിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ മൂന്നാണ് - പ്രാണവായു, വെള്ളം, ഭക്ഷണം. ഇവയെല്ലാം നമ്മുടെ ചുറ്റുപാടും ഉളള മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. മണ്ണിനും ജലത്തിനും ശുദ്ധവായുവിനും പ്രാധാന്യം നൽകാത്ത വികസനം ആണ് ഇന്ന് നടക്കുന്നത്. മണ്ണിനെ നാം ശ്വാസം മുട്ടിച്ച് കൊല്ലുന്നു. കോൺക്രീറ്റ് മിനുക്കുന്നതാണ് നാടിന്റെ പരിഷ്കാരം എന്ന് വിചാരിച്ച് പണത്തിന് പിറകേ മനുഷ്യൻ പായുന്നു. മണ്ണ് ജീവനാണ്. കോടാനുകോടി ജീവികളുടെ ആവാസസ്ഥാനമാണ്. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യനും ആരോഗ്യം പ്രദാനം ചെയ്യുന്നത്. മണ്ണിനോട് ചേർന്നു നിൽക്കുന്നതിന്റെ ആഹ്ലാദം ഒന്നു വേറെ തന്നെയാണ്. ഓരോ വീട്ടുമുറ്റത്തും വേണം കൃഷി. പ്രകൃതിയുടെ രൂപരേഖ എല്ലാ ജീവനും ഒരേ പ്രാധാന്യമാണ് നൽകുന്നത്. ആധുനിക കൃഷി കച്ചവടത്തിനും കൂടുതൽ ലാഭത്തിനും വൻകിട കമ്പോളങ്ങൾക്കും വേണ്ടിയും ആയതോടെയാണ് കളകൾ എന്നും വിളകൾ എന്നുമുള്ള വേർതിരിവ് ഉണ്ടായത്. ജീവലോകത്ത്, എണ്ണത്തിനും വ്യത്യാസങ്ങൾക്കും സഹകരണത്തിനും ആണ് പ്രാധാന്യം.സമൂഹങ്ങളായി മാത്രമേ ഏത് സസ്യത്തിനും ജന്തുവിനും ജീവിക്കാൻ കഴിയൂ. വ്യത്യാസങ്ങൾ എത്രകണ്ട് വർദ്ധിക്കുന്നുവോ, അത്രകണ്ട് സുസ്ഥിരവും ഫലഭൂയിഷ്ടവും ദൃഢവുമാകും മണ്ണും ആവാസവ്യവസ്ഥയും. ഈ പ്രകൃതി നിയമത്തെ മറികടക്കുമ്പോഴാണ്, മനുഷ്യൻ മണ്ണിനേയും ജീവനെയും കൊല്ലാൻ മരുഭൂമികൾ ഉണ്ടാക്കുന്നവരാകുന്നത്. നാമൊരു ജലഗൃഹത്തിലാണ് ജീവിക്കുന്നത്. ഒരു സമുദ്രഗോളത്തിൽ. ഭൂമിയുടെ 70% സമുദ്രങ്ങൾ ആണ്. ജലം ഒരു നിശ്ചല വിഭവമല്ല. നിതാന്തമായി പ്രവഹിച്ചുകൊണ്ടെയിരിക്കുന്ന ഒരു വസ്തുവാണ്. മണ്ണിലൂടെ പ്രാചീന ഭൂഗർഭ പാളികളിലൂടെ, നദികളിൽ കൂടെ അഗാധസമുദ്രങ്ങളിലൂടെ എല്ലാം ജലം ഒഴുകുന്നു.മഞ്ഞായി ഉറയുകയും ഉരുകി ജലമായി ഒഴുകുകയും വായുവിലേക്ക് നീരാവിയായി ഉയരുകയും മേഘങ്ങളായി പാറി നടക്കുകയും മഴയായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്ന വിസ്മയ പ്രതിഭാസമാണ് ജലം. ജലമൊഴുകിയില്ലെങ്കിൽ , ഭൂമിയുടെ ധമനികൾ ആയ നദികളും നീരൊഴുക്കുകളും നാം തടസ്സപ്പെടുത്താൻ ഇടയായാൽ, ജീവന്റെ നിലനിൽപ്പ് അപകടത്തിലാകും. നിർഭാഗ്യവശാൽ മനുഷ്യൻ ഇൗ ഭൂമുഖത്ത് എല്ലായിടത്തും ചെയ്യുന്നത് ജലപ്രവാഹങ്ങളെ തടസ്സപ്പെടുത്തുകയും മാരകമായി മലിനീകരണം നടത്തുകയുമാണ്. മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുന്ന ജലക്ഷാമം, വരൾച്ച, വിനാശകരമായ പ്രളയം എന്നിവയെല്ലാമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ഒരുവനെ/ഒരുവളെ മണ്ണിൽ നിന്ന് അകറ്റുകയല്ല, കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടത്.എന്താണ് നഷ്ടപ്പെട്ടത് എന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ വിദ്യാഭ്യാസം വ്യക്തികളെ പ്രാപ്തരാക്കുന്നു. ഭൂമിയുടെ അതിജീവനം നാമോരോരുത്തരും അവനവന്റെ ഉത്തരവാദിത്തം ആയി കരുതണം. ഭൂമിയെ കാത്തുസൂക്ഷിക്കാൻ കഴിയാവുന്നത് നാമോരോരുത്തരും ചെയ്യേണ്ടതുണ്ട്. മരം നടാൻ ബിരുദങ്ങളുടെ ആവശ്യം ഇല്ല. "അരുതേ എന്ന് തൊട്ടാവാടി കൈകൂപ്പി നിശബ്ദം യാചിച്ചത് ഈ ഭൂമിക്ക് മുഴുവനും വേണ്ടി ആയിരുന്നു എന്ന് ഓർത്തിരുന്നുവോ പിഴുതുകളഞ്ഞപ്പോൾ"
മണ്ണ്, വായു, ജലം, ഭക്ഷണം, എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ സുസ്ഥിരമായ ലഭ്യത ആണ് ജീവന്റെ നൈരന്തര്യം നിലനിർത്തുന്നത്. ഇവയുടെ ലഭ്യത അനിശ്ചിതത്വത്തിൽ ആണ് എന്നതാണ് വരും തലമുറയുടെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആധിക്ക് കാരണം. പ്രകൃതിയുടെ പരിരക്ഷണത്തിലൂടെ മാത്രമേ വിഭവങ്ങളെ രക്ഷിച്ചെടുക്കാൻ സാധിക്കൂ എന്ന് നാം മനസ്സിലാക്കണം. മരങ്ങൾ നട്ട്, മഴവെള്ളം കുടിവെള്ളം ആക്കി ദാഹനീരില്ലാതെ വലയുന്ന പക്ഷികൾക്കും ചെറുജീവികൾക്കും വെള്ളം നൽകിയും പ്രകൃതിയിലെ ഓരോ ജീവിയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് വളരണം. പശ്ചിമഘട്ടം,കുന്നുകൾ, തണ്ണീർത്തടങ്ങൾ, നെൽപ്പാടങ്ങൾ ഒക്കെ ഇല്ലാതായാൽ കേരളമേ ഇല്ല എന്ന തിരിച്ചറിവിലേക്ക് നമ്മൾ മാറണം. ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് കൊറോണ വൈറസ് പരത്തുന്ന covid 19 എന്ന അസുഖം. മാനവരാശിയെ ഒന്നായി വിറപ്പിച്ച സംഭവങ്ങളാണ് പ്രളയവും covid 19ഉം . ഒരു പരിധിവരെ പ്രകൃതിയോടുള്ള നമ്മുടെ തെറ്റായ സമീപനമാണ് ഇതിന് കാരണം. വേരുകളാണ് ജലത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നത്. മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ വേരുകൾ നഷ്ടപ്പെടും.ജലം മണ്ണിൽ നിൽക്കാതെ ജലപ്രവാഹം പോലെ ഒഴുകുന്നതിന്റെ ഫലമായി പ്രളയം പോലുള്ള സംഭവങ്ങൾ ഉണ്ടാവുന്നു. മനുഷ്യന്റെ സ്വാർത്ഥത മൂലം നഷ്ടപ്പെട്ടുകൊണ്ടിരുന്ന,റെഡ് ഡേറ്റാ ബുക്കിൽ ഇടം പിടിച്ച പല ജീവികളും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു എന്നത് ഒരു സത്യാവസ്ഥ തന്നെ ആണ്. ഈ അവസരത്തിൽ നാം വ്യക്തിശുചിത്വവും ഒപ്പം പരിസരശുചിത്വവും പാലിക്കണം. "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൽ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്"എന്ന ചൊല്ല് ഇപ്പോൾ പ്രസക്തമാണ്. സർക്കാരിനൊപ്പം നമുക്കും നമ്മുടെ നാടിന്റെ സുരക്ഷക്കായി വീട്ടിൽ തന്നെ ഇരുന്നു നാടിന്റെ ക്ഷേമത്തിനായി പ്രയത്‌നിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ