വയോജനദിനം

                ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണ് എന്ന ബോധം കുട്ടികളിൽ വളർത്തുന്നതിനായി ലോക വയോജന ദിനം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളോടൊപ്പം സമയം ചിലവിടേണ്ടതിന്റെയും,അവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി.കുട്ടികൾ അന്നേ ദിനം തങ്ങളുടെ വീട്ടിലെ വയോജനങ്ങളെ ആദരിക്കുകയും അവർക്ക് പുഷ്പങ്ങൾ,സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.അവരോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കുന്നതിന്റെയും, സഹായിക്കുന്നതിന്റെയും സാന്നിധ്യം അറിയിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചത് മറ്റുകുട്ടികൾക്കും പ്രചോദനമായി.. വയോജന സംരക്ഷണ പോസ്റ്ററുകളും തയ്യാറാക്കി. അതോടൊപ്പം കുട്ടികൾ തങ്ങളുടെ വീടുകളിൽ മുതിർന്നവരോടൊപ്പം വയോജന സംരക്ഷണ പ്രതിജ്ഞയും എടുത്തു.

    ഗാന്ധിജയന്തി

                പരമോന്നത ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2-ന് വിദ്യാലയത്തിൽ ഗാന്ധിജയന്തിയായി ആചരിച്ചു.             എൽ പി തലത്തിൽ വിദ്യാർഥികൾ ഗാന്ധി വേഷമണിഞ്ഞ് ഗാന്ധി ജയന്തി സന്ദേശം നൽകി.ഗാന്ധിജിയുടെ ജീവചരിത്രം പ്ലക്കാർഡുകൾ ആയി കുട്ടികൾ അവതരിപ്പിച്ചു. 3എ യിലെ നിഷാന നിർമിച്ച ഗാന്ധികണ്ണട ശ്രദ്ധേയമായിരുന്നു.ഗാന്ധി സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും,ഗാന്ധി കവിതകളും,നൃത്ത കലാ പരിപാടികളും കണ്ണിനും കാതിനും ഒരുപോലെ കുളിർമ നൽകുന്നതായിരുന്നു.ഗാന്ധിജയന്തി വാരാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും എൽപി,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി. ചിത്രരചനയ്ക്കായി ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരങ്ങൾ എന്ന വിഷയവും,പ്രസംഗത്തിനായി ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ് എന്ന വിഷയവും നൽകി ക്വിസ് മത്സരങ്ങൾ ഓൺലൈൻ മുഖേനേയായിരുന്നു നടത്തിയത്. വിജയികളെ തെരഞ്ഞെടുക്കുകയും ഇ-സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.


ലോക പുഞ്ചിരിദിനം

            ലോക പുഞ്ചിരി ദിനം എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ച ആണ് ആചരിക്കുന്നത്.മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബോൾ, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്.2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം "ദയയുള്ള ഒരു പ്രവൃത്തി ചെയ്യുക. ഒരു വ്യക്തിയെ എങ്കിലും പുഞ്ചിരിക്കാൻ സഹായിക്കുക" എന്നതാണ്.
            ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പുഞ്ചിരി മത്സരം നടത്തുകയും, കുട്ടികൾ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോസ് ഉൾപ്പെടുത്തി വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.

ലോക കൈകഴുകൽദിനം

            കോവിഡ് 19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകൽ ദിനത്തിന് പ്രാധാന്യമേറെയാണ്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കൻഡ് കൈകഴുകുന്നതിലൂടെ കോവിഡ് ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധികളിൽ നിന്നും മുക്തി നേടുവാൻ സാധിക്കുമെന്ന് അവബോധം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്നുതന്നെ ബോധവത്കരണം നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി വ്യക്തിശുചിത്വത്തെ പറ്റിയും കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ക്ലാസുകൾ നൽകി. ഫലപ്രദമായി കൈകഴുകാനുള്ള 8 മാർഗ്ഗങ്ങൾ അധ്യാപകർ ഓൺലൈൻ മാധ്യമങ്ങളിലൂടെ കുട്ടികളെ നേരിട്ട് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അവരുടെ വീടുകളിൽ നിന്നു കൊണ്ട് അധ്യാപകർ പകർന്നുനൽകിയ 8 മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൈ കഴുകുന്ന രീതി പരിശീലിക്കുകയും അതിന്റെ ഫോട്ടോസും വീഡിയോസും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി

            സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് തെരേസ്യൻ ഹാളിൽ വച്ച് കൂടുകയുണ്ടായി. ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ,വാർഡ് മെമ്പർ,തൈക്കാട്ടുശ്ശേരി പി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ജെ പി എച്ച് എൻ,പിടിഎ പ്രസിഡൻറ്. വൈസ് പ്രസിഡൻറ്,എം പി റ്റി എ പ്രസിഡന്റ് ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവംബർ 1 സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്കി.