സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21
കൊറോണ വൈറസും വകഭേദങ്ങളും ആ ബാലവൃദ്ധം മനുഷ്യരുടെയും ജീവിതങ്ങളുടെ ഗതിവിഗതികളെയാകെ മാറ്റിമറിച്ച ഒന്നരവർഷക്കാലം നഴ്സറിയിലേക്ക് പാദം ഊന്നിയ ഒരു പൈതലിനെ പൂമൊട്ട് എന്ന് വിശേഷിപ്പിക്കാമെങ്കിൽ ആ പൂമൊട്ട് വർണ്ണപ്പകിട്ടോടെ വിടർന്ന് സൗരഭ്യം പരത്തി ഫലമായി മാറുമ്പോൾ അതിന്റെ ഓരോ ഘട്ടത്തിലും അതിനു ലഭിക്കേണ്ട പരിചരണം വീട് ആകുന്ന തണ്ടിൽ നിന്നു മാത്രമല്ല സുന്ദരമായ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് അധ്യാപകരുടെ മുഖത്ത് നിന്ന് നേരിട്ട് ലഭിക്കുന്ന പാഠ്യ പാഠ്യേതര അനുഭവങ്ങളും അവർ പകർന്നു നൽകുന്ന മൂല്യങ്ങളും കുട്ടികളുടെ സൗഹൃദങ്ങൾ നൽകുന്ന ആത്മവിശ്വാസവും ആർദ്രതയും കരുത്തും തന്നെയാണ് എന്നതിൽ സംശയമില്ല.വിദ്യാലയത്തിലൂടെയും വിദ്യാലയ ഇതര സാഹചര്യങ്ങളിലൂടെയും,കുട്ടികളുടെ സഹവാസത്തിലൂടെയും,നിരീക്ഷണത്തിലൂടെയും,അനുഭവത്തിലൂടെയും അവർ നേടുന്ന അറിവും,തിരിച്ചറിവും ജീവിതവിജയത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.ഒരു വിദ്യാർത്ഥി ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ ആണ് ഇവയൊക്കെ. ഇതിൽനിന്നൊക്കെ വിഭിന്നമായഒരു ജീവിതശൈലിയിലൂടെയാണ് എല്ലാ കുഞ്ഞുങ്ങളും ഈ കോവിഡ് മഹാമാരി കാലത്ത് കടന്നു പോയത് എന്നത് ദൗർഭാഗ്യകരം തന്നെയാണ്.അധ്യാപകരുടെ പ്രോത്സാഹനങ്ങളും സ്നേഹ ശാസനകളും തിരുത്തലുകളും കൂട്ടുകാരോടൊത്ത് ഓരോ കുഞ്ഞിന്റെയും സമ്പൂർണ്ണവ്യക്തിത്വം വളർത്തുകയും ഉയർത്തുകയും ചെയ്യേണ്ട സമയത്ത് അവർ കടന്നു പോയ ഏകാന്തതയും, വിരസതയും,നിസ്സഹായതയും കൊറോണ ഭയവും പല കുട്ടികളുടെയും കുടുംബപരമായുള്ള വിവിധ അസ്വസ്ഥതകളും രോഗവും സാമ്പത്തിക പ്രതിസന്ധികളും അവരുടെ മനസ്സിൽ ഏൽപ്പിച്ച ആഘാതം ചെറുതല്ല.കുഞ്ഞുമനസ്സുകളിലെ ഈ പോറലുകളും വിങ്ങലുകളും തുടച്ചുമാറ്റി നഷ്ടപ്പെട്ട എല്ലാ സന്തോഷങ്ങളും മധുര സ്മരണകളും അസുലഭ അവസരങ്ങളും വീണ്ടും ലഭ്യമാക്കുവാൻ തക്കവിധം ഉന്നതനിലവാരമുള്ള വർണ്ണപ്പകിട്ടേകിയ ഒരു പ്രവേശനോത്സവം 2021 നവംബർ ഒന്നിന് സംഘടിപ്പിക്കാൻ സാധിച്ചതിൽ ഞങ്ങൾ ഏവർക്കും അതിയായ സന്തോഷമുണ്ട്. ഏകാന്തതയും വിരസതയും നിരാശയും നിസ്സഹായതയും ഒക്കെ തളംകെട്ടി നിന്ന കുഞ്ഞുമനസ്സുകളിൽ വിദ്യാലയ അന്തരീക്ഷത്തിലെ അധ്യാപക സഹപാഠി സാന്നിധ്യത്തിൻ്റെ ആവേശവും മാധുര്യവും ഒക്കെ നിറയ്ക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ് .കോവിഡ് മഹാമാരി നൽകിയ വിലക്കുകളും വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിൻ്റെ ഈ സുന്ദര ഭൂവിൽ വർണത്തുമ്പികളെപ്പോലെ പാറിപ്പറന്ന്, ആഹ്ളാദാരവം മുഴക്കി ഓരോ പിഞ്ചു കുഞ്ഞുങ്ങളും. എന്റെ വിദ്യാലയം എന്ന വിശാല ലോകത്തേക്കുള്ള വലിയ പടിവാതിൽ കുട്ടികൾക്കായി തുറന്നു കിട്ടിയതിലുള്ള അവരുടെ സന്തോഷത്തിമർപ്പ് എടുത്തു പറയേണ്ടത് തന്നെ. കോവിഡ് കാലം നൽകിയ നോവുകളും,നൊമ്പരങ്ങളും എല്ലാം കുഞ്ഞു മനസ്സിൽ നിന്നും ഈ നിമിഷം അലിഞ്ഞില്ലാതായി എന്നത് ഞങ്ങളുടെ കൺമുന്നിലെ കാഴ്ചയായിരുന്നു .202l നവം.1 ലെ ഈ പ്രവേശനോൽസവം ഒരു മാമാങ്കമാക്കി മാറ്റുവാൻ ഞങ്ങൾ എല്ലാവരുടെയും ഒത്തുചേർന്നുള്ള ആസൂത്രണവും മുന്നൊരുക്കവും കഠിനാധ്വാനവും കൊണ്ടുതന്നെയാണ് സാധിച്ചത് എന്നത് ഞങ്ങളുടെ ഒരു വൻ വിജയമാണ് ഞങ്ങൾ അധ്യാപകർക്കും ആവേശവും അഭിമാനവും ആയി മാറിയ ഈ വർഷത്തെ പ്രവേശനോത്സവത്തെ പത്രമാധ്യമങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് ബയോ ബബിളും.ബാച്ചും അടിസ്ഥാനമാക്കി ഓരോ ക്ലാസ്സിലെയും കുട്ടികളെ സജ്ജീകരിച്ചിരിക്കുന്ന തിനാൽ ഓരോ ബാച്ചിനു വേണ്ടിയും വെവ്വേറെ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.
നവംബർ1 പ്രവേശനോത്സവ കാഴ്ചകളിലേക്ക്